കിഫ്ബിയില്‍ 1113 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം: മന്ത്രി ഡോ. തോമസ് ഐസക്ക്

0

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കിഫ്ബിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1113.3 കോടി രൂപയുടെ നാല് മെഗാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കിയ 1498.97 കോടി രൂപയുടെ പദ്ധതികളും ബോര്‍ഡ് യോഗം സാധൂകരിച്ചു.

കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് 823 കോടി രൂപ നല്‍കും. കെ. എസ്. ഇ.ബിയുടെ പോസ്റ്റുകള്‍ വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് പദ്ധതി. പ്രാദേശികമായി കേബിള്‍ ടി. വി നെറ്റ്‌വര്‍ക്കിലൂടെയും കണക്ഷന്‍ നല്‍കും. ശബരിമല വികസനത്തിന് 141.75 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. പമ്പ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം, നിലയ്ക്കല്‍, എരുമേലി, പമ്പാവാലി, കീഴില്ലം എന്നിവിടങ്ങളില്‍ താമസസൗകര്യത്തോടെയുള്ള ആധുനിക ഇടത്താവളങ്ങള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ആനയടി കൂടല്‍ റോഡിന് 109 കോടി രൂപയും മുഴുപ്പിലങ്ങാട് ബീച്ച് റിസോര്‍ട്ട് വികസനത്തിന് 39.42 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ 13 പദ്ധതികള്‍ക്ക് 378 കോടി രൂപയും പൊതുമരാമത്തിലെ 43 പദ്ധതികള്‍ക്കായി 1002 കോടിയും കായികരംഗത്തെ എട്ട് പദ്ധതികള്‍ക്ക് 117 കോടി രൂപയും അനുവദിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഇതില്‍ വൈറ്റില ഫ്‌ളൈഓവറിന് 86 കോടിയും കുണ്ടന്നൂര്‍ ഫ്‌ളൈഓവറിന് 82 കോടി രൂപയും നല്‍കും. ഇതുവരെ മൊത്തം 8888 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ട്. എന്‍. ആര്‍. ഐ ചിട്ടി ചെറിയ രീതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഇന്ത്യയിലെ വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ സ്വീകരിച്ച നടപടി പരിശോധിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.