രാജ്യ തലസ്ഥാനത്തിന് പച്ചപ്പൊരുക്കാന്‍ 'ഡി ഡി എ'

0

ഡല്‍ഹിയിലെ പച്ചപ്പ് നിലനിര്‍ത്താന്‍ പൗരന്മാരുടെ കൂട്ടായ്മയൊരുക്കി ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി(ഡി ഡി എ). പാര്‍ക്കുകളുടെയും പൂന്തോട്ടങ്ങളുടെയും വൃത്തിയും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഡല്‍ഹിയിലെ പൗരന്മാരെ ഏല്‍പിക്കുകയാണ് ഡി ഡി എ. പാര്‍ക്കുകള്‍ വൃത്തികേടായാല്‍ ഓണ്‍ലൈനിലൂടെ പരാതിപ്പെടാം. ഇതിനായി പുതിയ ആപ്ലിക്കേഷനും ഡി ഡി എ തയ്യാറാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ രാജ് നിവാസില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ആണ് വെബ്‌സൈറ്റ് ഔദ്യോഗികമായി തുടങ്ങിയത്.

ഡി ഡി എ നടത്തിക്കൊണ്ട് പോകുന്ന പാര്‍ക്കുകളും മറ്റ് ഹരിതാഭമായ സ്ഥലങ്ങളും സംരക്ഷിച്ചുകൊണ്ട് പോകുന്ന ചുമതല ഡല്‍ഹിയിലെ പൗരന്മാര്‍ക്ക് കൂടി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ ഡിവിഷന്റെ നമ്പരും സ്ഥലവും പാര്‍ക്കിന്റെ സ്ഥലവും എല്ലാം ഉള്‍പ്പെടുത്തിയുള്ള വിവരങ്ങള്‍ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രതികരണം അറിയിക്കണമെന്നുണ്ടെങ്കില്‍ വെബ് സൈറ്റില്‍ അതത് പാര്‍ക്കുകള്‍ സെലക്ട് ചെയ്തശേഷം പ്രതികരണം അറിയിച്ചാല്‍ മതിയാകും. വൃത്തികേടായോ മോശപ്പെട്ട സാഹചര്യങ്ങളിലോ ഉള്ള ഫോട്ടോഗ്രാഫുകള്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം ഡി ഡി എ തന്നെ നവീകരണത്തിനും വൃത്തിയാക്കലിനും ശേഷമുള്ള സ്ഥലത്തിന്റെ ഫോട്ടോ പരാതിക്കാരന് മറുപടിയായി അപ് ലോഡ് ചെയ്യും.

ഡി ഡി എയുടെ 11 ഡിവിഷനുകളിലായി 1079 പാര്‍ക്കുകളാണ് ഇത്തരത്തില്‍ സംരക്ഷിച്ച് പോരുന്നത്. ഇലക്ട്രിക്, സിവില്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഓരോ വിഭാഗത്തിലെയും ബന്ധപ്പെട്ടവര്‍ അതത് ജോലികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഹോര്‍ട്ടികള്‍ച്ചറിന്റെ ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ക്കും സിവില്‍ വര്‍ക്കുകളുടേത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ഇലക്ട്രിക് ജോലികളുടേത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിനുമാണ്. ഓരോ ആഴ്ചകളിലും പൂര്‍ത്തിയാക്കുന്ന ജോലികളും വൃത്തിയാക്കിയ ശേഷമുള്ള ഫോട്ടോഗ്രാഫുകളും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വെക്കാറുമുണ്ട്.