ക്വാറികളുടെ പാരിസ്ഥിതിക അനുമതി; അപേക്ഷകൾ 60 ദിവസത്തിനുളളില്‍ തീര്‍പ്പാക്കണം: മുഖ്യമന്ത്രി

ക്വാറികളുടെ
പാരിസ്ഥിതിക അനുമതി; അപേക്ഷകൾ 60 ദിവസത്തിനുളളില്‍ തീര്‍പ്പാക്കണം: മുഖ്യമന്ത്രി

Friday March 31, 2017,

2 min Read

ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതിക്കായി ലഭിക്കുന്ന അപേക്ഷകള്‍ 60 ദിവസത്തിനുളളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. 105 ദിവസത്തിനുളളില്‍ തീര്‍പ്പാക്കണമെന്നതാണ് നിയമവ്യവസ്ഥ. ഖനന-നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത് പാരിസ്ഥിതിക അനുമതിക്കായുളള അപേക്ഷാഫീസ് ഗണ്യമായി കുറയ്ക്കുവാനും തീരുമാനിച്ചു. 10 ആര്‍ വരെ 5000 രൂപയും അധികമായി വരുന്ന ഓരോ 10 ആറിനും 5000 രൂപ എന്ന നിരക്കിലുമാണ് പുതുക്കി നിശ്ചയിക്കുക. ഒരു ഹെക്ടര്‍ വരെയുളള സ്ഥലങ്ങളില്‍ നിലവില്‍ എഴുപത്തയ്യായിരം രൂപയാണ് അപേക്ഷാ ഫീസ്. പുതിയ തീരുമാനം ചെറുകിട ക്വാറിക്കാര്‍ക്ക് ഏറെ ആശ്വാസമാവും

image


അഞ്ചു ഹെക്ടറില്‍ താഴെ വിസ്തൃതിയുളള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണ്ണയ അതോറിറ്റികളില്‍ അധികമായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഉത്തരവായിട്ടുണ്ട്. റോഡ്, തടാകം, വീട്, നദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കായി പാലിക്കേണ്ട ദൂരപരിധി 2015-ല്‍ 100 മീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുകാരണം നിരവധി ക്വാറികള്‍ സ്തംഭനാവസ്ഥയിലായി. ഇത് പരിശോധിച്ച് ദൂരപരിധിയില്‍ ഭേദഗതി വരുത്തുന്നതിനുളള നടപടികള്‍ കൈക്കൊളളാനും തീരുമാനിച്ചു.

മണല്‍ ഖനനം പൂര്‍ണ്ണമായും പൊതുമേഖലയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഏപ്രില്‍ 30 നകം സമര്‍പ്പിക്കേണ്ടതാണ്. പുതുതായി വനാതിര്‍ത്തിയില്‍ നിന്നും 100 മീറ്റര്‍ പാലിക്കണമെന്ന 2015-ലെ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ നിബന്ധന പുനഃപരിശോധിക്കും. വനത്തെ സംബന്ധിച്ച പരിധി മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍നിന്നും ഒഴിവാക്കുന്നതിനെപ്പറ്റി പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. പാരിസ്ഥിതിക അനുമതിയ്ക്കുളള അപേക്ഷകള്‍ തയ്യാറാക്കുന്നതുള്‍ പ്പെടെയുളള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കളക്ടറേറ്റുകളില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും.

നിര്‍മ്മാണ വസ്തുക്കളായ പാറ, മണല്‍, ചളി, വെട്ടുകല്ല്. എന്നിവ ഖനനം ചെയ്യുന്നതിന് 2006 വരെ പാരിസ്ഥിതിക അനുമതി വേണ്ടിയിരുന്നില്ല. അതിനുശേഷം, അഞ്ചു ഹെക്ടറിനു മുകളില്‍ ഖനനം ചെയ്യുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ 2012 ഫെബ്രുവരി 27-ന് സുപ്രീംകോടതി എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതി നേടിയിരിക്കണം എന്ന് ഉത്തരവിടുകയായിരുന്നു.

യോഗത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, വനം വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍, നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.