മട്ടുപ്പാവില്‍ കാട് നിര്‍മിച്ച് ഷാജു

0


വിഷ പച്ചക്കറിയെക്കുറിച്ചും ജൈവ പച്ചക്കറികളുടെ ആവശ്യകതയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതല്ലാം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന എത്ര പേരുണ്ട് നമുക്കിടയില്‍? കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തതും അഥവാ സ്ഥലമുണ്ടെങ്കില്‍ തന്നെ സമയമില്ലാത്തതുമൊക്കെയാണ് നമ്മള്‍ കണ്ടെത്തുന്ന കാരണങ്ങള്‍. എന്നാല്‍ സ്വന്തമായി കൃഷിത്തോട്ടമല്ല മറിച്ച് ഒരു കാട് തന്നെ നിര്‍മിച്ച ഒരാള്‍ തലസ്ഥാനത്തുണ്ട്. അതും സ്വന്തം വീടിന്റെ മട്ടുപ്പാവില്‍. ആള് വി എസ് എസ് സിയിലെ എന്‍ജിനീയര്‍ കൂടിയാണെന്നുള്ളത് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം.

മരുതൂര്‍ക്കടവ് മയൂര ലെയ്‌നില്‍ മാര്‍വല്‍ വീട്ടില്‍ ഷാജുവാണ് തന്റെ ഇരുനില വീടിന്റെ മട്ടുപ്പാവില്‍ ഒന്നാന്തരമൊരു കാനനം തന്നെ നിര്‍മിച്ചിരിക്കുന്നത്. 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ സ്ഥലത്ത് ഇല്ലാത്തതായൊന്നുമില്ലെന്ന് ചുരുക്കത്തില്‍ പറയാം. നഗരത്തില്‍ നാലു സെന്റ് സ്ഥലത്തെ താമസക്കാരനാണ് എന്നൊന്നും ഷാജുവിന്റെ വീടിന്റെ മട്ടുപ്പാവില്‍ കയറിയാല്‍ പറയില്ല. ഒന്നാന്തരമൊരു കാട്ടില്‍ കയറിയ അനുഭൂതി, അത്രതന്നെ.

വിവിധതരം മാവുകള്‍, പ്ലാവുകള്‍, മരോട്ടി, കരിമരം, ബോധിവൃക്ഷം, രാമച്ചം, വേങ്ങ, നിലക്കൊടുവേലി, കമണ്ഡലു വൃക്ഷം, മഹാകൂവളം, വള്ളിത്തിപ്പലി, കച്ചോലം, പഴുതാരവല്ലി, എലിച്ചുഴി, എല്ലൂറ്റി, നീലക്കടമ്പ്, ബബിള്‍ഗം മരം, പ്ലാശ്, വേങ്ങ, മൃതസഞ്ജീവനി, കര്‍പ്പൂരം, കായാമ്പു, കരിഞ്ചീരകം, തീവിഴുങ്ങി, താഴമ്പൂ, കേശപുഷ്ടി, പനച്ചി, സോമതല, വെള്ളാല്‍, കൃഷ്ണ ലീഫ് ട്രീ, നീര്‍മാതളം തുടങ്ങി അപൂര്‍വ്വങ്ങളായ മരങ്ങളും ചെടികളും കൊണ്ട് സമ്പുഷ്മാണ് ഷാജുവിന്റെ മാര്‍വല്‍ വീടിന്റെ മട്ടുപ്പാവ്.

ചെലവുകുറഞ്ഞ രീതിയില്‍ ചട്ടികളുണ്ടാക്കി അതിലാണ് കൃഷി. എന്‍ജിനീയറിംഗിലുള്ള വൈദഗ്ധ്യവും ഷാജുവിനെ കൃഷിയില്‍ സഹായിക്കുന്നുണ്ട് എന്നതിന്റെ തെളിവുകളിലൊന്നാണ് പഴയ സ്യൂട്ട്‌കേസുകള്‍ രണ്ടായി പകുത്ത് ചെടിച്ചട്ടിയുണ്ടാക്കിയിരിക്കുന്നത്. ദിവസവും നാല് മണിക്കൂറെങ്കിലും ഷാജു ചെടികള്‍ക്കൊപ്പം ചിലവഴിക്കും. 25 വര്‍ഷംകൊണ്ടാണ് ചെടികള്‍ നട്ടുവളര്‍ത്തി ഇന്നത്തെ നിലയിലെത്തിച്ചതെന്ന് ഷാജു പറയുന്നു.

അന്തരിച്ച കല്ലേന്‍ പൊക്കുടന്‍ സമ്മാനിച്ച കണ്ടല്‍ ചെടികളും ഷാജുവിന്റെ ചെടികളുടെ കൂട്ടത്തിലുണ്ട്. കണ്ടല്‍ ചെടികള്‍ക്ക് വളരാന്‍ അസോള നിറച്ച കുളവും ഒരുക്കിയിട്ടുണ്ട്. മട്ടുപ്പാവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഷാജുവിന്റെ കാട് കാണാന്‍ കൃഷി വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ ദിവസവും എത്തുന്നുണ്ട്. ഷാജുവിന് വേണ്ട എല്ലാ പിന്തുണയും നല്‍കി ഭാര്യ ജലജയും ബി ടെക് വിദ്യാര്‍ഥിയായ മകള്‍ മമതയും അദ്ദേഹത്തിനൊപ്പമുണ്ട്.