കര്‍മസ്‌നാപ്പ്

കര്‍മസ്‌നാപ്പ്

Monday December 07, 2015,

2 min Read

നന്മ നിറയുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മളേയും നമ്മളുടെ ചുറ്റുമുള്ളവരേയും സന്തോഷിപ്പിക്കും. ചിലര്‍ അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും അവ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും ആഗ്രഹിക്കും. അതിനാലാണ് പലരും തങ്ങള്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അവ സോഷ്യല്‍ സൈറ്റുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലിങ്ക്ഡ്ഇന്നിന്റെ സി.ഇ.ഒ ജെഫ് വീനര്‍ കരുണാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു പോസ്റ്റ് എഴുതിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലെ ഒരു കൂട്ടം യുവാക്കള്‍ ഇതേ ആശയത്തിന് പിന്നാലെയായിരുന്നു. ഇന്ന് അത് കര്‍മസ്‌നാപ്പ് എന്ന പേരില്‍ അറിയപ്പെടുന്നു.

image


ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ നമ്മളില്‍ പലര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ഓരോ കാരണങ്ങള്‍ക്ക് വേണ്ടി എവിടെയാണ് എങ്ങനെയാണ് സംഭാവന ചെയ്യേണ്ടതെന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല. പലപ്പോഴും പല ഈവന്റുകളിലും നാം ചേരുകയും എന്നാല്‍ അതിനെപ്പറ്റി കൂടുതല്‍ അറിയാത്തതിനാല്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടെയാണ് കര്‍മസ്‌നാപ്പിന്റെ മറ്റൊരു ലക്ഷ്യം.

കര്‍മസ്‌നാപ്പ് ഒരു ആന്‍ഡ്രോയിഡ് ആപ്പാണ്. ഇതിലൂടെ ഉപയോക്താക്കളേയും ചാരിറ്റികളേയും സാമൂഹ്യ ഉത്തരവാദിത്തമുള്ള സംഘടനകളേയും ഒരു വേദിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ വ്യക്തമാക്കാനാകും. വ്യക്തികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നടത്താം. ഏതെങ്കിലും ഒരു ഈവന്റിലേക്ക് സംഭാവന ചെയ്യാന്‍ നിങ്ങള്‍ തയ്യാറായാല്‍ അത് നിങ്ങളുടെ കലണ്ടറില്‍ രേഖപ്പെടുത്തുകയും പിന്നീട് അതിന്റെ സമയത്ത് അക്കാര്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു ഇവന്റിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ അതേപ്പറ്റി അറിയുകയും ചെയ്യുന്നു. അതോടെ താല്‍പര്യമുള്ള കൂടുതല്‍ പേര്‍ക്ക് ഇവന്റില്‍ പങ്കെടുക്കാനും സാധിക്കുന്നു.

രാം നാരായണ്‍, മെഹ്ബൂബ് ഇംതിയാസ്, ജയനന്ദ സാഗര്‍, ഗൗതം എന്‍ എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കര്‍മ്മസ്‌നാപ്പ് ആരംഭിച്ചത്.ഹള്‍ട്ടില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റേഴ്‌സ് നേടിയ രാം നേരത്തെ ടാറ്റാ ഗ്രൂപ്പില്‍ ജോലി ചെയ്തിട്ടുണ്ട്. ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട ബയോഫ്‌ലൂക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകരാണ് മെഹ്ബൂബും ഗൗതമും. കര്‍മ്മസ്‌നാപ്പ് ആരംഭിക്കുന്നതിന് മുമ്പ് ട്രാന്‍സ്‌ക്വയര്‍ സ്ഥാപിക്കുകയും ന്യൂസ്ഹണ്ട് എന്ന പ്രസിദ്ധമായ ആപ്പ് നിര്‍മിക്കുന്നതില് സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

image


കര്‍മ്മസ്‌നാപ്പ് ഉപയോഗിച്ച് ഓരോ സംഘടനകള്‍ക്ക് അവരുടെ ക്യാമ്പയിനുകള്‍ ഒരു വേദിയിലൂടെ വളരെ ഫലപ്രദമായ രീതിയില്‍ തയ്യാറാക്കാനും നിയന്ത്രിക്കാനും സാധിക്കും. ക്യാമ്പയിനുകളുടെ പ്രഭാവത്തെപ്പറ്റി സംഘാടകര്‍ക്ക് മനസിലാക്കാനും വോളന്റിയര്‍മാരുടെയും, ഫണ്ടിന്റെ വിവരങ്ങളും മറ്റും അറിയാനും ഇതിലെ ഡാഷ്‌ബോര്‍ഡ് ഉപയോഗിച്ച് സാധിക്കുന്നു. ടേണ്‍8 സീഡ് ആക്‌സിലറേറ്ററില്‍ വച്ചാണ് ഇവരുടെ ടീമിന് ഈ ഐഡിയ ലഭിച്ചത്. 30,000 ഡോളര്‍ ഫണ്ടും ദുബായിയല്‍ അഞ്ച് മാസത്തെ മെന്ററിങ് പിരീഡും ഇതോടൊപ്പം ഇവര്‍ക്ക് ലഭിച്ചു.

കര്‍മസ്‌നാപ്പ് മൊബൈല്‍ ഫോണിലും ലഭ്യമാണെന്നതാണ് ഇതിന്റെ വലിയൊരു പ്രയോജനം. പല രീതിയില്‍ ഇവയെ ഉപയോഗിക്കാം. ഉദാഹരണത്തിന്, വളരെ പെട്ടെന്ന് ബി പോസിറ്റീവ് രക്തം വേണമെന്നുണ്ടെങ്കില്‍ കര്‍മസ്‌നാപ്പില്‍ പോസ്റ്റ് ചെയ്താല്‍ അത് ആവശ്യമുള്ളതിന്റെ അടുത്തുള്ള ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ പോകും. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ സഹായം ലഭിക്കുമെന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് സ്പാം മെയിലുകള്‍ ലഭിക്കുകയുമില്ല.