പൊതുജനാരോഗ്യരംഗത്ത് ഹോമിയോപ്പതി നടത്തിയത് വലിയ മുന്നേറ്റം: മുഖ്യമന്ത്രി

പൊതുജനാരോഗ്യരംഗത്ത് ഹോമിയോപ്പതി നടത്തിയത് വലിയ മുന്നേറ്റം: മുഖ്യമന്ത്രി

Saturday April 29, 2017,

1 min Read

പൊതുജനാരോഗ്യ പരിപാലനരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഹോമിയോപ്പതിക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഹോമിയോദിനാചരണത്തോടനുബന്ധിച്ച് ഐരാണിമുട്ടം ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോമിയോ വകുപ്പാരംഭിച്ച സ്ത്രീകളുടെ ശാരീരിക മാനസിക പരിപാലനം ലക്ഷ്യമിടുന്ന സവിശേഷമായ ആരോഗ്യപരിപാലന പരിപാടി പുതിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

image


പഴയകാലത്തെ അശാസ്ത്രീയമായ ചികിത്‌സാരീതികളാണ് നവീനമായ ചികിത്‌സാരീതിക്കായുള്ള അന്വേഷണത്തിന് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹനിമാനെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ഹോമിയോപ്പതിയുടെ പ്രചുരപ്രചാരണത്തിന് തുടക്കം കുറിച്ചത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരാണ്. ഹോമിയോ വിദ്യാഭ്യാസമേഖലയും സംസ്ഥാനത്ത് ക്രമാനുഗതമായി വികസിച്ചിട്ടുണ്ട്. 1957ല്‍ ഏക ഡിസ്‌പെന്‍സറിയാണ് ആരംഭിച്ചതെങ്കില്‍ ഇന്നത് 1200 ഓളം സ്ഥാപനങ്ങള്‍ ഹോമിയോമേഖലയില്‍ കേരളത്തിലുണ്ട്. ഇതിലൂടെ രോഗീപരിചരണം ഉറപ്പുവരുത്തുന്ന നിലയിലേക്ക് വകുപ്പ് വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, ഡോ. വി. രതീഷ്‌കുമാര്‍, ഡോ. സുന്ദരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹോമിയോ ഡോക്ടര്‍മാരുടേയും വിദ്യാര്‍ഥികളുടേയും അവയവദാന സമ്മതപത്ര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. ഡോ. സാമുവല്‍ ഹനിമാന്‍ സ്മൃതിമരം നടീലും ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു.