കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

Thursday August 31, 2017,

1 min Read

കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം. ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിയുടെ ഉദ്ഘാടനം സഹകരണ- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ വികസിത രാഷ്ട്രങ്ങളുമായാണ് കേരളം മല്‍സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

image


നേട്ടങ്ങളൊരുപാടുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. . ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ മലയാളിയെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ പേര് മാത്രം മാറ്റിയല്ല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നത് ഇനി നാലാകും. രണ്ട് നഴ്‌സിനു പകരം മൂന്നു പേരുണ്ടാകും. ലാബ് ടെക്‌നീഷ്യന്റെ സേവനവും പുതുതായി ലഭ്യമാക്കും. എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ആശുപത്രിയില്‍ രോഗീ ചികിത്സയും ലബോറട്ടറി സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ശോഭാറാണി, എം.എ. കരിഷ്മ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസ് ഡി. ഡിക്രൂസ് , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: സ്വപ്നകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. കൗണ്‍സിലര്‍ ഹിമ സിജി സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ആനി അലോഷ്യസ് നന്ദിയും പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ എല്ലാതരത്തിലും നവീകരിച്ച് പരിമിതികള്‍ മറികടന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രാഥമിക ആരോഗ്യപരിചരണം ഫലപ്രദമായി നല്‍കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തുന്നതിനൊപ്പം ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ഫീല്‍ഡുതല ആരോഗ്യപരിചരണ സംവിധാനവും കാലോചിതമായി പരിഷ്‌കരിക്കും. രോഗീ സൗഹൃദമായ ചികിത്സാസൗകര്യങ്ങളാകും 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി ഒരുക്കുക