ജില്ലയില്‍ എക്‌സൈസ് നടപടി ശക്തം: 875 റെയ്ഡുകള്‍;674 കേസുകള്‍

0

ജില്ലയില്‍ എക്‌സൈസ് നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ മാസം 875 റെയ്ഡുകള്‍ നടത്തി മദ്യം മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 674 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കളക്ടറേറ്റില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റി അവലോകനയോഗത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കളിസ്ഥലങ്ങള്‍ ക്ലബ്ബുകള്‍ യുവാക്കള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബൈക്ക് പട്രോളിംഗും, ഷാഡോ എക്‌സൈസ് സ്‌ക്വാഡ് പ്രവര്‍ത്തനവും ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഓണത്തിനോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ കര്‍ശനപരിശോധന നടത്തുമെന്നും അവര്‍ അറിയിച്ചു.

പഞ്ചായത്തുതല ജനകീയ കമ്മിറ്റികള്‍ കൂടുന്നത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി നിര്‍ദ്ദേശിച്ചു. ഇതുവരെ ജനകീയ കമ്മിറ്റികള്‍ കൂടാത്ത പഞ്ചായത്തുകള്‍ അടിയന്തിരമായ കമ്മിറ്റി കൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലയിലെ എക്‌സൈസ് പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും കളക്ടര്‍ പറഞ്ഞു. സ്‌കൂള്‍ കോളേജ് തലങ്ങളിലെ ബോധവത്കരണ ക്ലാസുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനും സ്‌കൂള്‍ പരിസരങ്ങളിലെ പരിശോധനകള്‍ അടിക്കടി നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ലഹരിക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള മരുന്നുകളുടെ വിതരണം ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ സഹകരണത്തോടെ പരിശോധിച്ചു വരുകയാണ്. ഇത്തരം മരുന്നുകള്‍ കുറിപ്പടിയില്ലാതെ വിതരണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബാറുകളിലെ ഭക്ഷണ ഗുണനിലവാരം വിലയിരുത്തുന്നതിന് ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 40000 രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.

മയക്കുമരുന്നു കേസുകളില്‍ കഴിഞ്ഞ ഒരു മാസമായി കുറവ് വന്നിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌നാട് എക്‌സൈസ് പൊലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തുന്ന റെയ്ഡ് തുടരുന്നതിനും തീരുമാനമായി.