കുട്ടികളുടെ സംരക്ഷകരായി 'ഹെല്‍പിംഗ് ഫേസ്‌ലസ്'

കുട്ടികളുടെ സംരക്ഷകരായി 'ഹെല്‍പിംഗ് ഫേസ്‌ലസ്'

Monday November 30, 2015,

3 min Read

നമ്മുടെ സമൂഹത്തില്‍ നിന്നും ദിവസവും എത്രയെത്ര കുട്ടികളെയാണ് കാണാതാകുന്നത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും മാധ്യമങ്ങളിലുമെല്ലാം വരുന്നുണ്ടെങ്കിലും അധികം ചര്‍ച്ചയാകാതെ അവ അവിടെ തന്നെ അവസാനിക്കുന്നു. കുട്ടികളെയോര്‍ത്ത് ജീവിതകാലം മുഴുവന്‍ കണ്ണീരൊഴുക്കി വിധിയെ പഴിച്ച് കഴിച്ച് കൂട്ടാന്‍ വിധിക്കപ്പെട്ട കുറേ അമ്മമാരാണ് നമ്മുടെ നാട്ടിലുള്ളത്. ഇവര്‍ക്ക് താങ്ങായി, തണലായി മാറുകയാണ് ശശാങ്ക് സിംദും അമോല്‍ ഗുപ്തയും നേതൃത്വം നല്‍കുന്ന ഹെല്‍പിംഗ് ഫേസ്‌ലസ് എന്ന സ്ഥാപനം. പേരുപോലെ തന്നെ മുഖം നഷ്ടപ്പെട്ടവരെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ ഉദ്യമമെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹെല്‍പിംഗ് ഫേസ്‌ലസ് പ്രവര്‍ത്തനം തുടങ്ങിയത്.

image


കാണാതാകുന്ന കുട്ടികളില്‍ പലരെയും തട്ടിക്കൊണ്ട് പോകുന്നതാണ്. ഇവരെ പിന്നീട് ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമെല്ലാം ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ക്ക് എത്തിക്കാനാണ് ഇരുവരുടെയും ശ്രമം. ഇതിനായി കാണാതാകുന്ന കുട്ടികളുടെ ചിത്രം ഉള്‍പ്പെടുത്തി ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല ആയിരത്തോളം വോളന്റിയര്‍മാര്‍ തങ്ങളുടെ കാണാതായ കുട്ടികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല തട്ടിക്കൊണ്ട് പോയവരുടെ കയ്യില്‍നിന്നും വോളന്റിയേഴ്‌സ് രക്ഷപെടുത്തിയ മൂന്ന് കുട്ടികളെ ഇവര്‍ ദത്തെടുത്തിട്ടുമുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഹെല്‍പിംഗ് ഫെയ്‌സ്‌ലസ് ബൊളീവിയയിലും പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. സൗത്ത് അമേരിക്കയില്‍ ഇത്തരം സാങ്കേതികവിദ്യ കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമാണ് ബൊളീവിയ. ഇവിടേക്കുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് ഇരുവരും പറയുന്നു:

ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസില്‍ രണ്ട് സംരംഭകരാണ് അലെക്‌സിസ് ഗോമെസും മുംബൈകാര്‍ വിമല്‍ മേനോനും. കോര്‍പറേറ്റ് സാങ്കേതിവിദ്യകള്‍ അപഗ്രഥിച്ചെടുക്കുന്ന സ്ഥാപനമായ ഇന്‍ ബെസ്റ്റ് ബൊളീവിയയിലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

image


മാത്രമല്ല യൂനിവേഴ്‌സിഡാഡ് പ്രിവാഡ ബൊളിവിയാന ആസ്ഥാനമായി ഐഡിയാസ് ബ്രില്യന്റ്‌സ് എന്ന പേരില്‍ ഒരു സംരംഭവവും ഇരുവരും നടത്തിവന്നു. ഇത് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമായിരുന്നു. എന്നാല്‍ ബൊളീവിയയിലെ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്ന ഒരു സ്ഥാപനം തുടങ്ങാനായിരുന്നു ഇരുവരുടെയും ലക്ഷ്യം. അങ്ങനെയാണ് കാണാതാകുന്ന കുട്ടികളെ രക്ഷപെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്.

സൗത്ത് അമേരിക്കന്‍ ഫൗണ്ടേഷന്റെ ഇന്‍സൈറ്റ് ക്രൈം വ്യക്തമാക്കുന്നത് 2004 മുതല്‍ 2013 വരെയുള്ള കാലയളവിനുള്ളില്‍ ബൊളീവിയയില്‍ മനുഷ്യക്കടത്ത് 900 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ്. കൂടുതല്‍ സംഭവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 2013ല്‍ സര്‍ക്കാര്‍ സബ് കമ്മീഷനുകള്‍ രൂപീകരിച്ചു. മാത്രമല്ല സാന്‍ഡ ക്രസിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍നിന്ന് 400 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍നില കൂട്ടുന്നതിന് ചില സബ്‌സിഡികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം അടുത്തിടെ ജോലി ചെയ്യാനുള്ള പ്രായം 14ല്‍നിന്ന് 10 ആയി കുറച്ചത് ബൊളീവിയയില്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം പലരും കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടുകയാണ്. ഇത്തരം നിരവധി സംഭവങ്ങളാണ് ബൊളീവിയയിലുണ്ടാകുന്നത്.

image


അങ്ങനെയിരിക്കെയാണ് ഇന്ത്യയില്‍ കാണാതാകുന്ന കുട്ടികളെ രക്ഷപെടുത്താന്‍ ഫേസ് ലസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗോമസും മേനോനും മനസിലാക്കിയത്. കുട്ടികളുടെ ചിത്രവുമായി തെരുവില്‍ കാണുന്ന കുട്ടികളുടെ മുഖം സാദൃശ്യപ്പെടുത്തി നോക്കുകയാണിവര്‍ ചെയ്യുന്നത്. ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് അവരുടെ സഹകരണം ഉറപ്പിക്കുകയായിരുന്നു.

ബൊളീവിയയില്‍ ഹെല്‍പിംഗ് ഫേസ്‌ലസ് ആപ്ലിക്കേഷന് പ്രചാരം നടത്തുകയാണ് ഇന്‍ബെസ്റ്റ്. അവരുടെ സ്വന്തം ചിലവില്‍ തന്നെയാണ് പ്രചാരം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എന്‍ ജി ഒകള്‍ക്കും ഈ ആപ്ലിക്കേഷന്‍ നല്‍കുന്നതിലൂടെയാണ് ഇവര്‍ ലാഭം കണ്ടെത്തുന്നത്. ഈ ലാഭം രണ്ട് പാര്‍ട്‌നര്‍മാരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയാണ്.

ഇപ്പോഴുള്ള ഇന്തോബൊളീവിയന്‍ പദ്ധതി ഒരു വര്‍ഷം കൂടി ഇത്തരത്തില്‍ കൊണ്ടുപോയ ശേഷം അതില്‍നിന്നുണ്ടാകുന്ന ഫലമനുസരിച്ച് മറ്റ് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ബ്രസീലില്‍ തട്ടിക്കൊണ്ട് പോകല്‍ 1500 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇവിടെ 2016ല്‍ ഒളിമ്പിക്‌സ് മത്സരം നടക്കുന്നതും ലോക ഗെയിംസ് നടക്കുന്നതും കൂടുതല്‍ പേര തട്ടിക്കൊണ്ട് പോകുന്നതിന് ഇടയാക്കുന്നുണ്ട്.

image


ബൊളീവിയയിലേക്കും മറ്റ് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കും ഹെല്‍പിംഗ് ഫേസ്‌ലസ് വ്യാപിപ്പിക്കുന്നത് വളരെ അതിശയത്തോടെയാണ് നോക്കുന്നതെന്ന് വിമല്‍ പറയുന്നു. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു ബിസിനസ് സ്ഥാപനത്തിന് മാത്രമേ ഇത്തരത്തില്‍ ചെയ്യാനാകൂവെന്ന് അലക്‌സും കൂട്ടിച്ചേര്‍ക്കുന്നു.

ഹെല്‍പിംഗ് ഫേസ്‌ലസിലൂടെ കുട്ടികളുടെ മുഖം തിരിച്ചറിയാനാകുമെങ്കിലും ഇവരെ കണ്ടെത്തുക വെല്ലുവിളി നിറഞ്ഞതാണ്. അതേസമയം കാണാതാകുന്ന എല്ലാ കുട്ടികളെയും കണ്ടെത്തി അവരവരുടെ രക്ഷിതാക്കളെ ഏല്‍പിക്കാനുള്ള തങ്ങളുടെ ദൗത്യം പൂര്‍ണവിജയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്‍ബെസ്റ്റും ഹെല്‍പിംഗ് ഫേസ്‌ലസും.