ആനിമേട്രോണിക്‌സ് പരിശീലനത്തിനായി ഇന്തോ ഇറ്റാലയിന്‍ സംരംഭം ടെക്‌നോപാര്‍ക്കില്‍

ആനിമേട്രോണിക്‌സ് പരിശീലനത്തിനായി  ഇന്തോ  ഇറ്റാലയിന്‍ സംരംഭം ടെക്‌നോപാര്‍ക്കില്‍

Friday December 04, 2015,

1 min Read

ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ ആനിമേഷന്‍ സാധ്യത വികസനം ലക്ഷ്യമിട്ട് ഇന്തോ ഇറ്റാലിയന്‍ സംരംഭമായ 'എപ്പിക്ക അനിമാറ്റിക്' തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങും. ടെക്‌നോപാര്‍ക്ക് കമ്പനിയായ എപ്പിക്ക ഗ്രൂപ്പും ഇറ്റാലിയന്‍ കമ്പനിയായ സ്മാര്‍ട്ട് ബ്രാന്‍ഡും സംയുക്തമായി എപ്പിക്ക ആനിമാറ്റിക്കയുടെ ഇന്ത്യയിലെ ആദ്യസംരംഭത്തില്‍ ഇതിനായുളള കരാറില്‍ എത്തി. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിച്ച എപ്പിക്ക സ്റ്റൂഡിയോയുടെ ഭാഗമായാണ് ആനിമേട്രോണിക്‌സ് പരിശീലനവും ആരംഭിക്കുന്നത്. ഇതിനായി 12000 ചതുരശ്ര അടി സ്ഥലം ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ കേന്ദ്രം സ്ഥാപിച്ചുകഴിഞ്ഞു.

ആനിമേഷന്‍ മേഖലയുടെ ഏറ്റവും അത്യന്താധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി സിനിമാ, ഗെയിമിംഗ് മേഖലയ്ക്ക് കണ്ടന്റ് പ്രദാനം ചെയ്തുവരുന്ന എപ്പിക്ക ആനിമേഷന്‍ സ്റ്റുഡിയോവിലാണ് ആനിമാട്രോണിക്‌സ് ഇന്‍ഹൗസ് പരിശീലനവും സാധ്യമാക്കുന്നത്. ആനിമേഷന്‍ കലയുടെ സാധ്യതകള്‍ റോബോട്ടിക് ഇലക്‌ട്രോണിക്‌സ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന ആനിമേട്രോണിക്‌സ് വിദ്യയാണ് ഹോളിവുഡിലും ബോളിവുഡിലും തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏരീയസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ് പറഞ്ഞു. യഥാര്‍ത്ഥ കഥാപാത്രങ്ങളെ പോലെ നിര്‍മ്മിച്ചെടുക്കുന്ന രൂപങ്ങളിലേക്ക് ആനിമേഷന്‍ സാങ്കേതിക വിദ്യയും റോബോട്ടിക് സാങ്കേതിക വിദ്യയും സന്നിവേശിപ്പിക്കുന്നതാണ് ആനിമേട്രോണിക്‌സ്.

image


ടെലിവിഷന്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മേഖലയില്‍ അന്താരാഷ്ട്ര വിപണി സാന്നിധ്യമുള്ള എപ്പിക്കയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കമ്പനിയില്‍ തന്നെ തൊഴില്‍ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് എപ്പിക്ക എം ഡി ജീമോന്‍ പുല്ലേലി പറഞ്ഞു. ആനിമേട്രോണിക്‌സ് മേഖലയിലെ ഇന്ത്യയിലെ ആദ്യസ്ഥാപനമാണ് 'എപ്പിക്ക ആനിമാറ്റിക'എന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണമായും അന്താരാഷ്ട്രമേഖലയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള പാഠ്യപദ്ധതികളാണ് ഇറ്റാലിയന്‍ കമ്പനിയായ സ്മാര്‍ട്ട് ബ്രാന്‍ഡ് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് കമ്പനിയുടെ മേധാവിയായ ആന്‍ജലോ പോഗി പറഞ്ഞു. ഈ മേഖലയില്‍ പരിശീലനം ആര്‍ജ്ജിച്ച അന്താരാഷ്ട്രപ്രമുഖരാണ് എപ്പിക്ക അനിമാറ്റിക്കയില്‍ പരിശീലനം നല്‍കാന്‍ എത്തുന്നത്.

യൂറോപ്പിനുവേണ്ടി കണ്ടന്റ് വികസിപ്പിക്കുന്നതിനായി എപ്പിക്ക യു.കെയും, ഹോളിവുഡ് സിനിമ കണ്ടന്റ് വികസനവും, വി എഫ് എക്‌സും ആനിമേട്രോണിക്‌സും ലക്ഷ്യം വച്ച് എപ്പിക്ക ഇറ്റാലിയയും ആരംഭിക്കുമെന്ന് സോഹന്‍ റോയ് അറിയിച്ചു.