പഴമയുടെ മണ്‍പാത്രങ്ങളുമായി അനശ്വരം സ്വയംസഹായ സംഘം

0

ഗ്യാസടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും മൈക്രോ വേവ് അവനും ഒക്കെ അടുക്കള കീഴടക്കിയ ആധുനിക യുഗത്തില്‍ മണ്‍ചട്ടികള്‍ക്കൊന്നും പ്രാധാന്യമില്ലാതെ പോയിരിക്കുന്നു. പുതിയ തലമുറയില്‍ പലരും പുരാവസ്തുക്കളായാണ് ഇവയെ കാണുന്നത് തന്നെ. എന്നാല്‍ മണ്‍കലത്തിലും ചട്ടിയിലും പാകം ചെയ്യുന്ന ആഹാരത്തിന്റെ സ്വാദ് പഴമക്കാര്‍ പറയുമ്പോഴാണ് പലരും മനസലാക്കുന്നത്.ഇവയുടെ മഹത്വം മനസിലാക്കി വിഷലിപ്തമായ ജീവിത ശൈലിയില്‍ നിന്നും തലസ്ഥാന നഗരിയെ പഴമയുടേയും തനി നാടന്‍ രീതിയുടേയും ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് അനശ്വരം സ്വയംസഹായ സംഘം . തികച്ചും ജൈവ സ്വഭാവമുള്‍ക്കൊള്ളുന്ന മണ്‍പാത്രങ്ങളുടെ കലവറയാണ് മലപ്പുറം നിലമ്പൂരില്‍ നിന്നുള്ള അനശ്വരം സ്വയംസഹായ സംഘം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ തലമുറക്ക് തീര്‍ത്തും പരിചയമില്ലാത്തതും എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ടതുമായ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നമ്മുടെ നാടിന്റെ തനതായ മണ്‍ചട്ടികളും കലങ്ങളും മണ്ണില്‍ തീര്‍ത്ത ചുമര്‍ ചിത്രങ്ങളും കാണാനിവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രദര്‍ശനത്തില്‍ 100 രൂപ മുതല്‍ വില വരുന്ന വ്യത്യസ്തങ്ങളായ 150ല്‍പ്പരം ഉത്പന്നങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രാസവസ്തുക്കള്‍ ഒന്നും തന്നെയില്ലാതെ മണ്ണ് അരിച്ചെടുത്ത് ഉരച്ചുമിനുക്കി ഏറ്റവും മികച്ച ഫിനിഷിംഗിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാന്‍ പറ്റുന്ന തരം കറിചട്ടികള്‍, കൂജകള്‍, മാജിക് കൂജകള്‍, ജഗ്ഗ്, മഗ്ഗ്, കപ്പ്, ഗ്ലാസ്സ്, തൈരുപാത്രം ചീനച്ചട്ടികള്‍, ഫെയിംഗ് ബാന്‍ഡ് തുടങ്ങിയ അടുക്കള ഉപകരണങ്ങളും അലങ്കാര ഉത്പന്നങ്ങളായ കുങ്കുമചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, നിലവിളക്ക്, ഗണപതി, മുത്തുമണി, പാത്രങ്ങള്‍, കോയല്‍ പാത്രങ്ങള്‍, ഗാര്‍ഡന്‍ലാബ്, ഗാര്‍ഡന്‍ ജാര്‍, പലതരം മാസ്‌കുകള്‍, മ്യൂറല്‍സ്, ഭംഗിയേറിയ ചുമര്‍ ചിത്രങ്ങള്‍ ടോറക്കോട്ടയില്‍ നിര്‍മിച്ചിരിക്കുന്നു.

കൂജകളില്‍ തന്നെ വളരെ വ്യത്യസ്തകതള്‍ തീര്‍ത്തിട്ടുണ്ട്. അലങ്കാരത്തിനായുള്ള ചെറിയ കൂജകള്‍ മുതല്‍ വീട്ടാവശ്യത്തിനുള്ള വലിയ കൂജകള്‍ വരെയുണ്ട്. ചെറിയ കൂജകളില്‍ ഗണപതി രൂപം പോലുള്ളവ കൊത്തി മനോഹരമാക്കിയിട്ടുണ്ട്. വലിയ കൂജകളില്‍ ടാപ്പ് ഘടിപ്പിച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 10000 രൂപവരെയാണ് ഇവയുടെ വില.

100 രൂപ മുതല്‍ 400 രൂപവരെയുള്ള ചീനച്ചട്ടികള്‍ പല വലുപ്പത്തിലുള്ളവയാണ്. ചുമര്‍ ചിത്രങ്ങളാണ് കാണികളില്‍ അത്ഭുതം ഉളവാക്കുന്നവ. ശ്രീകൃഷ്ണനും രാധയും കഥകളി രൂപം കൂടാതെ കുടമേന്തിയ സ്ത്രീരൂപം എന്നിവയാണ് പ്രധാന ആകര്‍ഷണം. കഥകളിരൂപത്തിന് 30,000 രൂപയാണ് വില. കൃഷ്ണനും രാധയും ചേര്‍ന്ന രൂപത്തിന് 16,000 രൂപ. കൂടാതെ മണ്ണില്‍ തീര്‍ത്ത കപ്പുകളും ഗ്ലാസ്സുകളും മറ്റ് പാത്രങ്ങളും ഇവിടെയുണ്ട്.