പെരിങ്ങമല ഇനി ഔഷധസസ്യഗ്രാമം

പെരിങ്ങമല ഇനി ഔഷധസസ്യഗ്രാമം

Wednesday January 06, 2016,

2 min Read

തിരുവനന്തപുരം ജില്ലയിലെ ആദ്യ ഔഷധസസ്യ പഞ്ചായത്തായി മാറാന്‍ പെരിങ്ങമല പഞ്ചായത്ത് തയാറെടുക്കുന്നു. ആയുഷ് വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന 'ഗ്രാമീണം' പദ്ധതിയിലൂടെയാണ് പെരിങ്ങമലയെ ഔഷധസസ്യപഞ്ചായത്തായി മാറ്റുന്നത്. ഇതിനുള്ള പ്രവര്‍ത്തനള്‍ക്ക് സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് തുടക്കം കുറിച്ചു. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്താന്‍ ആവശ്യമായ ഗുണമേന്മയുള്ള ഔഷധങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും ഇതുവഴി കര്‍ഷകര്‍ക്ക് അധിക വരുമാനം നേടികൊടുക്കുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ്. ഔഷധസസ്യ സമ്പത്തിന്റെ പരിരക്ഷക്കും പരിപോഷണവും പദ്ധതിയുടെ പ്രധാനഘടകമാണ്. സംസ്ഥാനത്ത് നാല് പഞ്ചായത്തുകളെയാണ് ഗ്രാമീണം പദ്ധതി നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ദേശീയ ഔഷധ സസ്യബോര്‍ഡ് 1.36 കോടി രൂപയാണ് സംസ്ഥാന ഔഷധ സസ്യബോര്‍ഡിന് നല്‍കിയത്.

image


ഔഷധ സസ്യങ്ങള്‍ യഥേഷ്ടം ഉത്പാദിപ്പിക്കുകയല്ല, മറിച്ച് ഓരോ സ്ഥലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഗുണമേന്മയുള്ള ഔഷധസസ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ഔഷധ സസ്യബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ജി ശ്രീകുമാര്‍ പറഞ്ഞു. കാട്ടുപടവലം, ശതാവരി, അടപതിയന്‍, നീലയമരി, മന്നല്‍, കച്ചോലും തുടങ്ങി വേഗത്തില്‍ വിളവെടുക്കുന്ന ഔഷധസസ്യങ്ങളും കൂവളം, വേപ്പ്, കണിക്കൊന്ന, കുമിഴ്, പാല്‍ക്കപയ്യാനി, നെല്ലിക്ക, ഉങ്ങ്, വേങ്ങ, രക്തചന്ദനം, ചന്ദനം, അശോകം, പാതിരി, ഞാവല്‍, നീര്‍മരുത്, താനി, മുരിങ്ങ, കറിവേപ്പ്, മാതളം, കുടംപുളി, ചെറുനാരങ്ങ എന്നിങ്ങനെ വര്‍ഷങ്ങള്‍ വേണ്ടിവരുന്നതമായ ഔഷധസസ്യങ്ങളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി തയാറാക്കിയിരിക്കുന്നത്.

image


ഇതില്‍ പെരിങ്ങമല പഞ്ചായത്തിന് അനുയോജ്യമായ സസ്യങ്ങള്‍ കണ്ടെത്തി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. കര്‍ഷകരില്‍ നിന്നും ഔഷധസസ്യങ്ങള്‍ പങ്കജകസ്തൂരി ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പങ്കജകസ്തൂരി ഔഷധശാലയ്ക്ക് ആവശ്യമായുള്ള സസ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കും. അതാത് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യത്തിന് ആവശ്യമായ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് പാരമ്പര്യപരിജ്ഞാനമുള്ളവര്‍ക്ക് ഔഷധങ്ങളായി നിര്‍മ്മിച്ച് വില്‍പന നടത്താനും സാധിക്കുമെന്നതും ഗ്രാമീണം പദ്ധതി മേന്‍മയാണ്.

പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഔഷധസസ്യങ്ങള്‍ കൃഷിചെയ്യുന്നതിനുള്ള ബോധവല്‍ക്കരണവും നടീല്‍ വസ്തുക്കളുടെ വിതരണവുമാണ് ബോര്‍ഡ് പ്രധാനമായി ചെയ്യുന്നത്. അതാത് പഞ്ചായത്തുകള്‍ക്ക്, പഞ്ചായത്തിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍, പ്രദേശത്തെ ആയുര്‍വേദ ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാകും ബോധവല്‍ക്കരണം. ഇത്തരം പഞ്ചായത്തുകളില്‍ ഔഷധസസ്യഗാര്‍ഡനുകള്‍ നിര്‍മ്മിക്കാനും ലക്ഷ്യം വെക്കുന്നുണ്ട്. വ്യവസായം എന്നതിലുപരി ഔഷധ സസ്യങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും എന്നതാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. രണ്ടുവര്‍ഷമാണ് പദ്ധതി കാലാവധി. ഇപ്പോള്‍ നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതി വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

    Share on
    close