ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് തലസ്ഥാനത്ത് വണ്‍ഡേ ഹോം

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് തലസ്ഥാനത്ത് വണ്‍ഡേ ഹോം

Monday July 31, 2017,

1 min Read

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് വണ്‍ഡേ ഹോമുകള്‍ തുടങ്ങുന്നതിനുള്ള നടപടി ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലാണ് ആദ്യ വണ്‍ഡേ ഹോം തുടങ്ങുക. വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാന നഗരിയിലെത്തുന്ന സ്ത്രീകള്‍ക്ക് രണ്ടു മൂന്ന് ദിവസം വരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്ന തരത്തിലാണ് ഏക ദിന വസതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

image


സ്ത്രീകള്‍ക്ക് മാത്രം താമസിക്കാവുന്ന തരത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഷി ലോഡ്ജുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സ്ത്രീകള്‍ക്കായി രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന സധൈര്യം മുന്നോട്ട് എന്ന് ക്യാപയിന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.നേരത്തേ കണ്ടെത്തിയാല്‍ പരിഹരിക്കാനാവുന്നതാണ് ഒട്ടേറെ ഭിന്നശേഷി പരിമിതികളും. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡിസ്ട്രിക് ഏര്‍ലി ഇന്ററര്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ ഇവര്‍ക്കായി മൊബൈല്‍ യൂണിറ്റ് സര്‍വീസ് തുടങ്ങും. സൈക്രാടിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ഇവരിലേക്ക്് നേരിട്ടെത്തിക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് വയോധികര്‍ക്കായി 20 പുതിയ പകല്‍വീടുകള്‍ സജ്ജമാക്കും. ഭിന്നലിംഗക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്‌നേഹ പദ്ധതിയില്‍ 300ലധികം മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തതായി ചടങ്ങില്‍ അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു. ചടങ്ങില്‍ 60 പേര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. മൂന്ന് വാര്‍ഷിക പദ്ധതികളിലായി 2.64 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജാ ബീഗം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ ഗീതാ രാജശേഖരന്‍, വി രഞ്ജിത്, എസ് കെ പ്രീജ, സെക്രട്ടറി കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എല്‍ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.