പാവങ്ങള്‍ക്ക് വസ്ത്രങ്ങളെത്തിച്ച് 'ഡ്രസ് ബാങ്ക്'

0

എല്ലാമാസവും ഒരു തവണയെങ്കിലും വസ്ത്രങ്ങള്‍ വാങ്ങുന്ന നമ്മുടെ അലമാരയുടെ മൂലക്ക് നാം ഉപയോഗിക്കാത്ത എത്ര വസ്ത്രങ്ങളാണുള്ളത്. ഒന്നുകില്‍ ഔട്ട് ഓഫ് ഫാഷനായി അല്ലെങ്കില്‍ തയ്ച്ചതിലുള്ള പ്രശ്‌നങ്ങള്‍, അതുമല്ലെങ്കില്‍ കളര്‍ ഇണങ്ങുന്നില്ല ഇങ്ങനെ നിരവധി കാരണങ്ങള്‍ പറഞ്ഞ് നാം ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ നമ്മുടെ ഓരോരുത്തരുടേയും പക്കല്‍ കാണും. അതൊന്നും ആര്‍ക്കും കൊടുക്കാന്‍ നാം മിനക്കെടാറില്ല. നാം അങ്ങനെ ചിന്തിക്കുമ്പോള്‍ എത്രയോ പട്ടിണി പാവങ്ങളാണ് ഒരു വസ്ത്രം മാറ്റി ഉടുക്കാനില്ലാതെ കഷ്ടപ്പെടുന്നത് എന്ന് നാം അറിയുന്നില്ല. ഇത്തരക്കാര്‍ക്ക് ഈ വസ്ത്രങ്ങള്‍ ലഭിച്ചാല്‍ അത് എത്രത്തോളം ആശ്വാസമാകും. അത്തരക്കാരെക്കുറിച്ചറിഞ്ഞാല്‍ തീര്‍ച്ചായായും ആ വസ്ത്രങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ നാം തയ്യാറാകും പക്ഷെ എങ്ങനെ? എന്ന ചോദ്യം അവശേഷിക്കുന്നു.

ഇതിനൊരുത്തരവുമായാണ് ഡ്രസ്സ് ബാങ്ക് ആരംഭിച്ചത്. എല്ലാവര്‍ക്കും തങ്ങള്‍ ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കൊടുക്കാം. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് എം എസ് എം എന്ന വിദ്യാര്‍ഥി സംഘടന ആരംഭിച്ച ഈ പദ്ധതി ഇന്ന് കേരളത്തിലെ നൂറുകണക്കിനാളുകള്‍ക്ക് മാറിയുടുക്കാനുള്ള വസ്ത്രങ്ങള്‍ നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് നിരവധിപ്പേര്‍ ഇതില്‍ പങ്കാളികളായി. ഒരു അലമാരയുടെ വിലാപം എന്ന തലക്കെട്ടില്‍ പ്രചരിച്ച ഇത് സമൂഹത്തില്‍ നിരവധിപ്പേരാല്‍ ശ്രദ്ധിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ സ്ഥാപിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം ഓരോ ജില്ലാ കമ്മിറ്റികളിലും ഒന്നോ രണ്ടോ വ്യക്തികള്‍ ഉണ്ടാകും. 

വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി ഇവരുടെ മൊബൈലിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ ഏത് മേഖലയില്‍ നിന്നാണെന്ന് മനസിലാക്കി, ആ മേഖലയിലുള്ളവരെ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ഏര്‍പ്പെടുത്തും. ഓരോ ജില്ലയിലും വിതരണം ചെയ്തശേഷം മിച്ചം വരുന്ന വസ്ത്രങ്ങള്‍ സംസ്ഥാന കമ്മിറ്റിയലേക്കയക്കും. പലരില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങ്ള്‍ അലക്കി തേച്ചാണ് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിലും വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിന് യൂനിറ്റുകള്‍ ഉണ്ട്. ഓരോ യൂനിറ്റുകളിലും ശേഖരിക്കപ്പെടുന്ന വസ്ത്രങ്ങള്‍ പ്രായമനുസരിച്ച് വേര്‍തിരിച്ച് വെക്കും. ഇത് വരുന്നവര്‍ക്കൊക്കെ വിതരണം ചെയ്യുന്ന രീതീയല്ല ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയതാണ് വിതരണം ചെയ്യുന്നത്. 

ഒരാള്‍ക്ക് രണ്ട് ഉടുപ്പുവിതമാണ് നല്‍കുക. ഇതിനായി താത്കാലിക മേളകള്‍ നടത്തും. അതിലൂടെയാണ് വിതരണം നടക്കുക. ഒരു ദിവസം 6000 പേര്‍ക്ക് വരെ വസ്ത്രങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന ചേരികള്‍, തീരപ്രദേശങ്ങള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിപ്പിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും പലപ്പോഴും ഇതിന്റെ പ്രയോജനം ലഭ്യമാകുന്നുണ്ട്. ഒരു ലോഡ് വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളിലേക്കും അയച്ചിട്ടുണ്ട്.

ഇതിനു പിന്നില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലിത്തരം ക്യാമ്പുകളെ സംബന്ധിച്ച് പുറത്തുള്ളവര്‍ക്ക് പലര്‍ക്കും അറിയില്ല. പ്രശസ്തി മോഹിച്ച് നടത്തുന്ന ഒരു പരിപാടിയല്ല ഇതെന്നതു തന്നെയാണ് പ്രധാന കാരണം. പ്രശസ്തിക്കപ്പുറം പാവങ്ങളുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യം മാത്രമാണ് സംഘടനക്കുള്ളത്. നിലവില്‍ ഇതിനെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവര്‍ പലരും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാനും തയ്യാറാകുന്നുണ്ട്. അതേക്കുറിച്ചും സംഘടന ഇപ്പോള്‍ ആലോചിച്ചുവരികയാണ്.