സംഗീതാസ്വാദകര്‍ക്ക് കര്‍ണാടക സംഗീതജ്ഞരുടെ പ്രശംസ

0

കേരളീയരുടെ സംഗീതാസ്വാദന നിലവാരം ഏറെ ഹൃദ്യമാണെന്ന് കര്‍ണാടക സംഗീതപ്രതിഭയും പത്മഭൂഷണ്‍ ജേതാവുമായ ടി. വി. ശങ്കരനാരായണന്‍, എല്‍എന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ. എം. ലളിത, എം. നന്ദിനി എന്നിവര്‍ വ്യക്തമാക്കി.

അരനൂറ്റാണ്ടോളമായി ഇന്ത്യയിലും വിദേശത്തും അനവധി കച്ചേരികളില്‍ പാടിയുള്ള തന്റെ അനുഭവത്തില്‍ കേരളത്തിലെ ആസ്വാദകര്‍ വളരെ മികവു പുലര്‍ത്തുന്നവരാണെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ആദ്യമായി ഒറ്റയ്ക്കു പാടിയ കച്ചേരികളിലൊന്ന് മാവേലിക്കരയില്‍ ആയിരുന്നു. അന്നുമുതല്‍ ഇന്നുവരെ സംഗീതത്തോടുള്ള മലയാളിയുടെ അഭിവാഞ്ഛയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. നിശാഗന്ധി മേളയെ ഏറെ പ്രധാന്യമുള്ള പരിപാടിയായാണ് കാണുന്നത്. വൈക്കത്തഷ്ടമിയിലേതടക്കം നിരവധി സംഗീതപരിപാടികളില്‍ കേരളത്തില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധുര മണി അയ്യര്‍ ഉള്‍പ്പെടെ അനവധി സംഗീതപ്രതിഭകള്‍ ജനിച്ച കുടുംബത്തില്‍നിന്നാണ് ടി. വി. ശങ്കരനാരായണന്‍ വരുന്നത്. പദ്മഭൂഷണും, കേന്ദ്ര സംഗീതനാടക അക്കാഡമി അവാര്‍ഡും, അടുത്ത ദിവസം സമര്‍പ്പിക്കാനിരിക്കുന്ന പുരന്ദര പുരസ്‌കാരവുമുള്‍പ്പെടെ പ്രമുഖ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മകന്‍ മഹാദേവന്‍ ശങ്കരനാരായണനും നിശാഗന്ധി മേളയില്‍ പാടാന്‍ അദ്ദേഹത്തോടൊപ്പമെത്തിയിരുന്നു.

ജുഗല്‍ബന്ദി പോലെയുള്ള ഫ്യൂഷന്‍ സംഗീതത്തോട് ആഭിമുഖ്യമില്ല. ശുദ്ധസംഗീതത്തോടു വിട്ടുവീഴ്ചകള്‍ ചെയ്തുമാത്രമേ ജുഗല്‍ബന്ദി സാധിക്കുകയുള്ളു. കാലാതീതമായ സ്വഭാവമാണ് കര്‍ണാടകസംഗീതത്തെ നിലനിര്‍ത്തുന്നത്. അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നത് സമ്മാനിക്കുന്ന സ്ഥാപനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. പ്രതിഷേധിക്കാന്‍ മറ്റനേകം മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ഇത്തരം പ്രതിഷേധത്തോടു തനിക്കു വ്യക്തിപരമായി വിയോജിപ്പാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

നിശാഗന്ധി മേളയില്‍ ഇന്ന് (ശനിയാഴ്ച) വേദിയിലെത്തുന്നത് ട്രാന്‍സ്‌ഗ്ലോബല്‍ ഫ്യൂഷന്‍ സംഗീതവുമായി എല്‍എന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഡോ. എം. ലളിതയും എം. നന്ദിനിയുമാണ്. ഉപകരണസംഗീതത്തിന്റെ മാസ്മരികതയുമായി ആദ്യമായി നിശാഗന്ധിയിലെത്തുന്ന സഹോദരിമാര്‍ക്ക് കേരളവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ആലപ്പുഴയിലും തൃപ്പൂണിത്തറയിലും കുടുംബവീടുകളുള്ള ഇവര്‍ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളാണ്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യരായ ഇവര്‍ ലോകത്തിന്റെ വിവിധകോണുകളിലെ സംഗീതസംസ്‌കാരം ഉള്‍ക്കൊണ്ടു രൂപീകരിച്ച ട്രാന്‍സ്‌ഗ്ലോബല്‍ ഫ്യൂഷന്‍ സംഗീതാവതരണം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. കേരളത്തിന്റെ സംഗീതലോകത്തെ ഏറെ സ്‌നേഹിക്കുന്ന ഇവര്‍ സൂര്യ ഫെസ്റ്റിവല്‍, സ്വാതി സംഗീതോത്സവം എന്നിവയിലൂടെ തലസ്ഥാനത്തിനും സുപരിചിതരാണ്.

വയലിന്റെ ആഗോള സ്വീകാര്യത ഉപയോഗിച്ചു കര്‍ണാടകസംഗീതത്തിന്റെ സവിശേഷതകള്‍ വിദേശകളടക്കമുള്ള ആസ്വാദകരെ പരിചയപ്പെടുത്താറുണ്ടെന്ന് ലളിതയും നന്ദിനിയും പറഞ്ഞു. ജര്‍മനിയില്‍നിന്നും ഇറ്റലിയില്‍നിന്നും മാത്രമല്ല കേരളത്തില്‍നിന്നുമുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടുന്ന തങ്ങളുടെ ലാനാ ബാന്‍ഡാണ് ഇന്നു നിശാഗന്ധി മേളയില്‍ പങ്കെടുക്കുന്നത്. കേരളത്തിനു സംഗീതത്തോടുള്ള പ്രിയവും കര്‍ണാടകസംഗീതത്തോടുള്ള ആഭിമുഖ്യവും വിവിധ സ്ഥലങ്ങളിലായി നടന്ന സംഗീതക്കച്ചേരികളില്‍നിന്നു മനസിലാക്കിയതാണെന്നും ലളിതയും നന്ദിനിയും പറഞ്ഞു.