പിതൃ ദിനത്തില്‍ മകനെ സബര്‍മതി ആശ്രമത്തിലെത്തിച്ച്‌ ഇര്‍ഫാന്‍ ഖാന്‍

0

ബോളിവുഡ് നടനായ ഇര്‍ഫാന്‍ ഖാന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്ഥമായ ഒരു കാര്യമാണ് തന്റെ ഇളയമകന്‍ അയാനുവേണ്ടി ലോക പിതൃ ദിനത്തില്‍ ചെയ്തത്. അയാനുമൊത്ത് ഉല്ലസിക്കുന്നതിന് പകരം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മജിയുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കിക്കാന്‍ അയാനുമൊത്ത് ഒരു വിജ്ഞാന യാത്ര നടത്തുകയാണ് ഇര്‍ഫാന്‍ ചെയ്തത്. 

ഗാന്ധിയന്‍ ഫിലോസഫിയെക്കുറിച്ച് അയാനില്‍ അവഗാഹമുണ്ടാക്കണമെന്ന് ഇര്‍ഫാന്‍ ആഗ്രഹിച്ചിരുന്നു. മദാരി എന്ന് പുതിയ ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇര്‍ഫാന് ഗാന്ധിയന്‍ തത്വങ്ങളില്‍ വലിയ വിശ്വാസമുണ്ട്. ഇത് തന്നെയാണ് 11കാരനായ തന്റെ മകനെ സബര്‍മതിയിലേക്ക് കൊണ്ടുപോകാനുള്ള കാരണവും.

ഇര്‍ഫാന്റെ വാക്കുകളനുസരിച്ച് സബര്‍മതിയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചെല്ലാം ഇര്‍ഫാന്‍ അയാന് വിശദീകരിച്ചുകൊടുത്തു. മാത്രമല്ല അഹമ്മദാബാദിലുള്ള ആശ്രമം എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥലമായത് എന്നതെല്ലാം ഇര്‍ഫാന്‍ വിശദീകരിച്ചുകൊടുത്തു. ഇങ്ങനെ വ്യത്യസ്ഥമായ ഒരു അനുഭവമാണ് പിതൃ ദിനത്തില്‍ അയാനുവേണ്ടി പിതാവ് ഇര്‍ഫാന്‍ ഒരുക്കിയത്.

സബര്‍മതിയിലേക്കുള്ള യാത്ര തീരുമാനിച്ച ശേഷം സമൂഹത്തില്‍ ഒരു വലിയ മാറ്റംകൊണ്ടുവന്ന സാധാരണക്കാരനായ മഹാത്മ ഗാന്ധിയെക്കുറിച്ച് ഇര്‍ഫാന്‍ അയാനോട് വാചാലനായി സാധാരണക്കാരില്‍ അസാധാരണക്കാരന്‍ എന്നായിരുന്നു ഗാന്ധിജിയെക്കുറിച്ച് ഇര്‍ഫാന്റെ വാക്കുകള്‍.