രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

Friday October 21, 2016,

2 min Read

രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. പ്രസംഗത്തിലേക്ക്...

image


ഏറെക്കാലമായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു വരുകയും അത് കൊലപാതകങ്ങളിലെത്തുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ട്.രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുണ്ടാവുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും ഒരേ അഭിപ്രായം എല്ലാ കാര്യത്തോടും എല്ലായ്‌പ്പൊഴും ഉണ്ടായിക്കൊള്ളണമെന്നില്ല.

എന്നാല്‍, ആ അഭിപ്രായ വ്യത്യാസങ്ങള്‍, വ്യത്യസ്ത സമീപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും അതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതുമല്ല. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രസക്തമാണുതാനും.

എങ്കിലും കേരളത്തില്‍, ചില പ്രദേശങ്ങളില്‍ നിര്‍ഭാഗ്യകരമായ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നു. ഇതിനെ മറികടക്കേണ്ടതുണ്ട്. അതു സാധ്യമാവണമെങ്കില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വം പരിശ്രമിക്കണം. ദൃഢനിശ്ചയത്തോടെ സമാധാനപരമായി നിലകൊള്ളുമെന്നുറപ്പിക്കണം.

വൈകാരികമായ പ്രതികാര പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് നാടിന്റെ വികസനം, നാട്ടുകാരുടെ നന്മ, സമൂഹത്തിന്റെ പുരോഗതി എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുറപ്പിക്കണം. 'മനുഷ്യത്വ'മെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍നിന്നു ചോര്‍ന്നുപോകാന്‍ ഏതു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.

വ്യത്യസ്ത പാര്‍ടികളില്‍പ്പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്‍ക്കുന്നയാള്‍ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരനാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാല്‍ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നില്‍ക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അത് ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും.

എല്ലാ രാഷ്ട്രീയ ചിന്താധാരകളിലും പെട്ടവര്‍ മനുഷ്യത്വത്തിന്റെയും നാടിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഒരുമിക്കണം. ഇവയ്‌ക്കൊക്കെയായി എല്ലാ ബഹുജനങ്ങളും കൈകോര്‍ത്തു പിടിച്ചു മുന്നേറേണ്ട ഘട്ടത്തില്‍ ശത്രുതാ മനോഭാവത്തോടെ പരസ്പരം കാണുന്ന മനോഭാവം എല്ലാവരും ഒഴിവാക്കണം. രാഷ്ട്രീയ പ്രബുദ്ധതയും വിവേകവും മനുഷ്യത്വവും ആവശ്യപ്പെടുന്നത് അതാണ്.

ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവും. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചു കൊണ്ടാണ്് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.