ലൈറ്റ് മെട്രോ യാഥാര്‍ഥ്യത്തിലേക്ക്‌

0


ലൈറ്റ് മെട്രോയ്ക്കായി കേരളം കാത്തിരിപ്പ് തുടങ്ങി. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തിലും ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമാകും. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭഘട്ടം ഈ മാസം ആരംഭിക്കുക. നിര്‍മാണോദ്ഘാടനം മാര്‍ച്ച് നാലിനും ഒമ്പതിനുമായി നടക്കും. പ്രാരംഭ നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരും. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷത്തിനകം കോഴിക്കോട് പദ്ധതിയുടെയും നാലുവര്‍ഷത്തിനകം തിരുവനന്തപുരം പദ്ധതിയുടെയും ആദ്യഘട്ടം കമീഷന്‍ ചെയ്യാന്‍ കഴിയും. കോഴിക്കോട്ട് മാര്‍ച്ച് നാലിന് രാവിലെ ഒമ്പതിനും തിരുവനന്തപുരത്ത് ഒമ്പതിന് രാവിലെ 11നുമാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ഡി എം ആര്‍ സിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ തത്ത്വത്തിലുള്ള അനുമതി ഒമ്പതുമാസത്തിനകവും അന്തിമ അംഗീകാരം ഒന്നര വര്‍ഷത്തിനകവും ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് ഫൈ്‌ള ഓവര്‍ നിര്‍മിക്കുക. കോഴിക്കോട്ട് പന്ന്യങ്കരയില്‍ ഫൈ്‌ള ഓവര്‍ നിര്‍മാണം നേരത്തേ ആരംഭിച്ചു.

തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ എസ്റ്റിമേറ്റ് തുക 3453 കോടിയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് 4219 കോടിയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് 2509 കോടിയാണ്. പൂര്‍ത്തിയാകുമ്പോള്‍ 2057 കോടി വരും. രണ്ട് പദ്ധതിക്കുമായി 6726 കോടിയാണ് കണക്കാക്കുന്നത്. ഇതില്‍ 1167 കോടി സംസ്ഥാന വിഹിതമാണ്. കേന്ദ്രസര്‍ക്കാര്‍ 826 കോടി നല്‍കും. ശേഷിക്കുന്ന 4733 കോടി ജൈക്കയില്‍നിന്ന് വായ്പയെടുക്കാനാണ് ശ്രമം. 0.3 ശതമാനം പലിശനിരക്കില്‍ ഇവര്‍ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. 40 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതില്‍ ആദ്യ 10 വര്‍ഷം തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടാകും.

തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനുകളാണ് തുടക്കത്തില്‍ ഓടിക്കുക. ഭൂമി ഏറ്റെടുപ്പിന് തിരുവനന്തപുരത്ത് 175 കോടിയും കോഴിക്കോട്ട് 129 കോടിയും വേണ്ടിവരും. രണ്ടിടത്തുമായി യഥാക്രമം മൂന്ന് ഹെക്ടറും 1.5 ഹെക്ടറും സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഡിപ്പോ നിര്‍മാണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ 7.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോയുടെ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹിയില്‍ അടുത്തമാസം 2, 3 തിയതികളില്‍ കോച്ച് നിര്‍മാതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ചയും കോച്ചുകളുടെ പ്രസന്റേഷനും നടക്കും. അതിനുശേഷം മാര്‍ച്ച് അവസാനത്തോടെ കോച്ചുകളുടെ നീളം, വീതി, സ്വഭാവം എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. മീഡിയം മെട്രോയെ അപേക്ഷിച്ച് 60 ശതമാനം ചെലവ് മാത്രമേ ലൈറ്റ് മെട്രോയ്ക്ക് വേണ്ടിവരൂ. 18 മീറ്ററായിരിക്കും കോച്ചിന്റെ നീളം. രണ്ടു മീറ്ററായിരിക്കും വീതി. ചെറിയ കോച്ചായതുകൊണ്ടുതന്നെ സമാന്തര ലൈനുകളുണ്ടാവും. ലൈറ്റ് മെട്രോയുടെ സാങ്കേതികവിദ്യയും മാതൃകയും പഠിക്കുന്നതിനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥസംഘം ബന്ധപ്പെട്ട രാജ്യങ്ങളില്‍ പോകുന്നുണ്ട്.

പൂര്‍ണ്ണമായും യാന്ത്രികമായ (മനുഷ്യഇടപെടല്‍ വളരെ കുറച്ചുമാത്രം ആവശ്യമായ) ഇതില്‍ ട്രെയിന്‍ ഓടിക്കാനും ടിക്കറ്റ് കൊടുക്കാനും വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്നു. ആദ്യം മോണോറെയില്‍ ഉപയോഗിക്കനായിരുന്നു തീരുമാനം. ഇതിന്റെ പ്രാരംഭനടപടികളില്‍ വന്ന സാങ്കേതിക തടസ്സങ്ങള്‍ മൂലം 2014 ആഗസ്റ്റില്‍ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പകരം ലൈറ്റ് മെട്രോ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.