എട്ടുവയസുകാരി ഇസങ് നേടി ധീരതയുടെ അംഗീകാരം

0

അവധിയാഘോഷിക്കാന്‍ മുത്തശിയുടെ വീട്ടിലെത്തിയ എട്ടു വയസുകാരി ഇസങ് കരുതിയിരുന്നില്ല അവള്‍ നാടിനൊരു മാതൃകയാകുമെന്ന്. ശൈത്യകാല അവധിക്കായി സ്‌കൂള്‍ അടച്ചപ്പോള്‍ മുത്തശി പറഞ്ഞു തരുന്ന കഥകള്‍ കേള്‍ക്കാനും നാട്ടിന്‍പുറത്ത് ഓടിക്കളിക്കാനുമായിരുന്നു ഇസങ് എത്തിയത്. നാഗാലാന്റിലെ വോക്ക ജില്ലയിലെ ചൂഡി വില്ലേജിലാണ് മോന്‍ബെനി ഇസങ് എന്ന കുഞ്ഞു മിടുക്കിയുടെ മുത്തശിയുടെ വീട്. 

ഇസങിനെ സന്തോഷിപ്പിക്കാനാണ് 78കാരിയായ മുത്തശി റെന്‍തുംഗ്ലോ ജംഗി അവളെയും കൂട്ടി അടുത്തുള്ള നദിയില്‍ മീന്‍പിടിക്കാന്‍ പോയത്. ഇതിനിടെ പെട്ടെന്ന് സ്‌ട്രോക്ക് വന്ന് ജംഗ്ലി നദിയിലേക്ക് വീഴുകയായിരുന്നു. ഭയന്നു പോയെങ്കിലും ഇസങിന്റെ പെട്ടെന്നുള്ള ഇടപെടലാണ് മുത്തശിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കാട്ടിനാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ അടുത്തെങ്ങും സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. അഞ്ചു കിലോമീറ്ററോളം വനത്തിലൂടെ ഓടിയെത്തി ഗ്രാമവാസികളോട് ഇസങ് വിവരം അറിയിച്ചു. തുടര്‍ന്ന് ഗ്രാമവാസികള്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതാണ് ഇസങിന്റെ മുത്തശിക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനായത്.

ഇസങിന്റെ സമയോചിതമായ ഇടപെടല്‍ അവളെ ധീരതയ്ക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയാക്കി. ഈ വര്‍ഷത്തെ ധീരതാ പുരസ്‌ക്കാരം നേടിയ 23 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ ധീരയാണ് എട്ടു വയസുകാരി മോന്‍ബെനി ഇസങ്. നാഗാലാന്റ് ഹോംഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹവില്‍ദാറായ പിതാവ് എന്‍ ലോംഗ്‌സുബെമോ ലോത്തയോടൊപ്പമാണ് ഇസങ് അവാര്‍ഡ് വാങ്ങാനെത്തിയത്. മെഡലും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇസഹങിന് സമ്മാനിച്ചത്. പുരസ്‌ക്കാരങ്ങളോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസം കഴിയും വരെ ഇസങിനുള്ള പഠനച്ചെലവുകളും ലഭിക്കും.