ഗിര്‍നാര്‍ സോഫ്റ്റ്‌വെയര്‍ കോളേജ്‌ദേഖോയില്‍ നിക്ഷേപിച്ചത് 1 മില്ല്യണ്‍ ഡോളര്‍

0

ഹയര്‍ സെക്കണ്ടറി വിദ്യാഭാസം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളും അവരുടെ മാതാപിതാക്കളും നെട്ടോട്ടമോടുന്നത് അടുത്ത വര്‍ഷം ഏത് കോളേജില്‍ ഏത് കോഴ്‌സിനു ചേരും എന്നാലോചിച്ചാണ്. കോഴ്‌സ് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ കോഴ്‌സുകള്‍ ഏതൊക്കെ കോളേജുകളില്‍ ഉണ്ടെന്ന് അന്വേഷിക്കുന്നതാണ് പിന്നത്തെ പണി. ഇന്റര്‍നെറ്റ് ഒക്കെ ഉണ്ടെങ്കിലും കോളേജുകള്‍ തിരഞ്ഞെടുക്കുന്നത് വലിയ പണിയാണ്.

അവിടെയാണ് 'കോളേജ് ദേഖോ' എന്ന വെബ്‌സൈറ്റിന്റെ പ്രസക്തി. നിങ്ങള്‍ക്ക് ഉന്നത വിദ്യാഭാസത്തിനു തയ്യാറെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ വെബ്‌സൈറ്റില്‍(www.collegedekho.com) ഒന്ന് കയറി നോക്കാവുന്നതാണ്. വിവിധയിനത്തിലുള്ള കോഴ്‌സുകളും അതിനുള്ള രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളും ഉള്‍പ്പെടുത്തി വളരെ വിപുലമായ ഒരു വെബ്‌സൈറ്റാണ് ഇത്.

ഗിര്‍നാര്‍ സോഫ്റ്റ്‌വെയര്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി, കോളേജ് ദേഖോയില്‍ 1 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഈ തുക തങ്ങളുടെ പ്ലാറ്റ്‌ഫോം നവീകരിക്കാനും കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസിനായും മാര്‍ക്കറ്റിംഗിനുമായി ഉപയോഗിക്കുമെന്ന് കോളേജ് ദേഖോയുടെ സി ഇ ഓയും സ്ഥാപകനുമായ രുചിര്‍ അറോറ പറയുന്നു.

ഉന്നത വിദ്യാഭ്യാസം എന്നത് ഇന്ത്യയില്‍ ഒരുപാട് വിപണന സാധ്യതകള്‍ ഉള്ള ഒന്നാണ് എന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്ത് അവര്‍ക്ക് നല്ലൊരു ഭാവി സൃഷ്ടിച്ചെടുക്കാന്‍ കഴിയുക എന്ന ആശയം ഞങ്ങള്‍ക്ക് ഇഷ്ടമായി. കുട്ടികളെ കോളേജുമായി ബന്ധിപ്പിക്കുക എന്നതിന്റെ കൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സും കോളേജും തിരഞ്ഞെടുക്കാനുള്ള പ്ലാറ്റ്‌ഫോമും കോളേജ് ദേഖോ നല്‍കുന്നു. രുചിര്‍ അറോറ കൂട്ടിച്ചേര്‍ത്തു.

ഫണ്ടിംഗിനെ കുറിച്ച് രുചിര്‍ അറോറ പറയുന്നത് ഇങ്ങനെ'നമ്മുടെ രാജ്യത്ത് 36,000 കോളേജുകളിലായി 30 മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല നല്ല വളര്‍ച്ചയുള്ള ഒന്നാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിദ്യാഭ്യാസ മാര്‍ക്കറ്റ് ഇന്ത്യയുടേതാണ്. കോളേജ് ദേഖോ, നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത് വളരെ സുതാര്യമായ രീതിയില്‍ അവര്‍ക്ക് താത്പര്യമുള്ള കോളേജുമായുള്ള ആശയവിനിമയം നടത്താനുള്ള പ്ലാറ്റ്‌ഫോം ആണ്. ഇതിലൂടെ അവര്‍ക്ക് അവരുടെ കരിയറിലേക്കുള്ള വഴി എളുപ്പം തുറക്കാന്‍ സാധിക്കും.'

ഗിര്‍നര്‍ സോഫ്റ്റ്‌വെയര്‍ എന്ന് പറയുന്നത് കാര്‍ബേ.കോം (CarBay.com), കാര്‍ദേഖോ.കോം(CarDekho.com), ഗാഡി.കോം(Gaadi.com), സിഗ് വീല്‍സ്.കോം (Zigwheels.com), ബൈക്ക്‌ദേഖോ.കോം(BikeDekho.com), പ്രൈസ്‌ദേഖോ.കോം( PriceDekho.com) ഒപ്പം കോളേജ്‌ദേഖോ.കോം (CollegeDekho.com) എന്നീ വെബ്‌സൈറ്റുകളുടെ പാരന്റ് കമ്പനിയാണ്. ഇവയൊന്നും കൂടാതെ ടയര്‍ദേഖോ.കോം (TyreDekho.com), ട്രക്ക്‌സ്‌ദേഖോ.കോം(TrucksDekho.com) എന്നീ പുതിയ വെബ്‌സൈറ്റുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ ഹില്‍ഹൗസ്, ടൈബോണ്‍, സെക്യോയാ ക്യാപ്പിറ്റല്‍ എന്നീ കമ്പനികളില്‍ നിന്ന് 50 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം കമ്പനി ഏറ്റുവാങ്ങിയിട്ടുണ്ട്. രത്തന്‍ ടാറ്റയും എച്ച് ഡി എഫ് സി ബാങ്കുമൊക്കെ കോളേജ് ദേഖോയിലേക്ക് നിക്ഷേപം നടത്തിക്കഴിഞ്ഞു.