കേരള ടെന്നീസ്: ടെന്നീസ് കളിക്ക് പുതുചരിതം

0


ക്രിക്കറ്റ് തിരി കൊളുത്തിയ പുതിയ വിനോദ മാമാങ്ക സംസ്‌കാരം പിന്നീട് ഫുട്‌ബോള്‍, കബഡി തുടങ്ങിയ കായിക മേഖലകളിലേക്ക് ഒരു കൊടുംകാറ്റ് പോലെ ആളി പടരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഇപ്പോള്‍ കേരളത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ടെന്നീസ് മേഖലയുടെ ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഒരു പുതിയ സംരംഭം വരുന്നു. നട്ട്കിങ്ങ് കേരള ടെന്നീസ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന കേരളത്തിലെ ആദ്യ ടെന്നീസ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

ടെന്നീസ് ലീഗിന്റെ കോര്‍പ്പറേറ്റ് ലോഗോ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4:30 ന് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം എം. പി. ശശി തരൂര്‍ നിര്‍വഹിക്കും. പ്രമുഖ സിനിമ താരം ഗായത്രി ആര്‍ സുരേഷാണ് ടെന്നീസ് ലീഗിന്റെ ബ്രാന്‍ഡ് അംബാസ്സിഡര്‍.

കേരള ടെന്നീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കള്ളിവയലില്‍, സെക്രട്ടറി തോമസ് പോള്‍, ജോയിന്റ് സെക്രട്ടറി ടി. പി. രാജാറാം, ബീറ്റാ ഗ്രൂപ്പ് കായിക വിഭാഗം മാനേജിംഗ് ഡയറക്ടര്‍ സുദീപ് ഉള്‍പ്പടെ ടെന്നീസ് രംഗത്തെ പ്രമുഖരും വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇപ്പോളത്തെയും പഴയ കാലത്തെയും ജേതാക്കള്‍, ക്ലബ് കളിക്കാര്‍ എന്നിവര്‍ ഉള്‍പ്പടെ 250 ല്‍ അധികം പേര്‍ പങ്കെടുക്കും നട്ട്കിങ്ങ് ടെന്നീസ് ലീഗ് ഡയറക്ടറും ബീറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ജെ. രാജമോഹന്‍ പിള്ള പറഞ്ഞു.

'2015 നവംബറില്‍ ആരംഭിച്ച യോഗ്യത മത്സരങ്ങള്‍ ജനുവരി 23, 24 തീയതികളില്‍ നടക്കുന്ന നോക്ക്ഔട്ട് മത്സരത്തോടെ അവസാനിക്കും. ട്രാവന്‍കൂര്‍, കൊച്ചിന്‍, മലബാര്‍, പഴയ മദ്രാസ് നവംബര്‍ മേഖലകള്‍ എന്നീ 16 ടീമുകള്‍ നോക്ക്ഔട്ട് വിഭാഗത്തില്‍ പങ്കെടുക്കും. സംസ്ഥാന ജേതാക്കളായ എച്ച് സൂരജ്, സി.എസ് സഞ്ജയ്, ഗൗതം കൃഷ്ണ, മുഹമ്മദ് സിദാന്‍ എന്നിവര്‍ നോക്ക്ഔട്ട് മത്സരത്തിലേക്ക് യോഗ്യത നേടി കഴിഞ്ഞു,' പ്രമുഖ വ്യവസായിയായിരുന്ന രാജന്‍ പിള്ളയുടെ സഹോദരന്‍ കൂടിയായ രാജ്‌മോഹന്‍ വിശദീകരിച്ചു.'