കരിങ്ങാലി പുഞ്ചയെ കതിരണിയിക്കാന്‍ സമഗ്ര പദ്ധതി

കരിങ്ങാലി പുഞ്ചയെ കതിരണിയിക്കാന്‍ സമഗ്ര പദ്ധതി

Monday July 31, 2017,

2 min Read

കരിങ്ങാലി പുഞ്ചയെ കതിരണിയിക്കാന്‍ കൃഷി വകുപ്പ് തയാറാക്കിയസമഗ്ര പദ്ധതി പദ്ധതി ഏറ്റുവാങ്ങുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഓഗസ്റ്റ് ഒന്നിന് പന്തളത്ത് എത്തും. കൃഷി, തദ്ദേശ ഭരണം, ജലസേചന വകുപ്പുകള്‍, പിഎംകെഎസ് വൈ എന്നിവയുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ച് കൃഷി വികസനത്തിനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പാടശേഖരങ്ങളില്‍ ഒന്നാണ് കരിങ്ങാലി പുഞ്ച. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരവും, പന്തളം ബ്ലോക്കിലെ മാവരപുഞ്ചയും ചേര്‍ന്നതാണ് കരിങ്ങാലി പാടശേഖര പദ്ധതി. പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍, പാലമേല്‍, നൂറനാട് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍പ്പെട്ട 28 പാടശേഖരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.

image


രണ്ടായിരത്തി അഞ്ഞൂറ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി, മാവര പുഞ്ചകളില്‍ 667 ഏക്കറില്‍ മാത്രമാണ് നിലവില്‍ കൃഷിയുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം തരിശു കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷി യോഗ്യമാക്കി കൃഷി ആരംഭിക്കുന്നതിനും കൃഷി തുടരുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള വിപുലമായ കര്‍മ പദ്ധതിയാണ് നടപ്പാക്കുക. മഞ്ഞനാംകുളം, ഇയ്യാംകോട്, ചെറുമുടി, വാളവത്തിനാല്‍, നെല്ലിക്കല്‍, മേലേമൂപ്പത്തി, ഇടയിലെ കൊല്ല, കിളിവള്ളൂര്‍, മണത്തറ കണ്ടംചാത്തന്‍, ശാസ്താംപടി, പുതുവാക്കല്‍, വാരുകൊല്ല, വലിയ കൊല്ല, ചിറ്റിലപാടം, ആമ്പാടകം, കാരിയോട്കരയമുട്ടം, പള്ളിമുക്കം തെക്ക്, ചാലു കൊല്ല ഏല, നൂറുകോടി, കീഴില്‍ തോണ്ടുകണ്ടം, കുതിരകെട്ടുംതടം, കരിങ്ങാലിചാല്‍, വിളയില്‍ കടവ്, ചൂരക്കാവിനാല്‍, മാവര, നെടുങ്ങോട്ട് ചാല്‍ എന്നീ പാടശേഖരങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെയും കൃഷി, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുകയും പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്ര പദ്ധതി തയാറാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനായി പത്തനംതിട്ട കൃഷി ഡെപ്യുട്ടി ഡയറക്ടറായ കെ.എം. ശോശാമ്മയെ നോഡല്‍ ഓഫീസറായി നിയമിക്കുകയും എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്ത ശേഷമാണ് പദ്ധതി തയാറാക്കിയത്.

ഓഗസ്റ്റ് ഒന്നിനു കൃഷി മന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ വിജയത്തിനായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, ആര്‍. രാജേഷ് എന്നിവര്‍ രക്ഷാധികാരികളും എ.പി. ജയന്‍ ചെയര്‍മാനും പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, നൂറനാട്, പാലമേല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍ എന്നീ പഞ്ചായത്തു പ്രസിഡന്റുമാര്‍ ഉപരക്ഷാധികാരികളുമായിട്ടാണ് സ്വാഗത സംഘം രൂപീകരിച്ചിട്ടുള്ളത്.