ബ്രാന്‍ഡിംഗിലും ലാലേട്ടന്‍ പുലി തന്നെ

0

വിശേഷണങ്ങള്‍ക്കുമപ്പുറം മലയാള സിനിമാ ലോകത്തെ നടനവിസ്മയത്തിന്റെ പ്രതീകമാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാര്‍. വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ടും അതിനു പുറത്തും വ്യത്യസ്തനായ സംരംഭകന്റെ വേഷം കൂടി മോഹന്‍ലാല്‍ നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ഈ സംരംഭങ്ങള്‍ക്കുമപ്പുറം നിരവധി കമ്പനികള്‍, സംരംഭങ്ങള്‍ എന്നിവ വിശ്വാസമര്‍പ്പിക്കുന്ന ഒരു ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ലാലേട്ടന്‍. സിനിമകള്‍ക്കപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തിയിലും, മനുഷ്യനിലുമുള്ള വിശ്വാസം, അതാണ് ബ്രാന്‍ഡിംഗ് രംഗത്തെ വിശ്വസ്തനാക്കി മോഹന്‍ലാലിനെ മാറ്റുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ മോഹന്‍ലാല്‍ സിനിമാ ലോകത്തിന് പുറമേ ബിസിനസ് ലോകത്തും സജീവമാണ്. മാത്രമല്ല നിലവില്‍ പത്തിലധികം ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ്‌ മോഹന്‍ലാല്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുള്ള നടനായ മോഹന്‍ലാലിനെ തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രചാരകനാക്കാന്‍ വിപണിയില്‍ കിട മത്സരങ്ങള്‍ തന്നെ നടക്കുന്നുമുണ്ട്.

ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നീ ഇന്ത്യയിലെ പ്രശസ്തരായ പലരും തങ്ങളുടെ മേഖലകളെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നത് പരസ്യങ്ങളില്‍ നിന്നാണ്. പല തരത്തിലുള്ള വിവാദങ്ങള്‍ പലപ്പോഴും ഇവരെ വേട്ടയാടിയിട്ടുണ്ടെങ്കിലും പരസ്യങ്ങള്‍ക്ക് ഇവര്‍ എന്നും പ്രിയങ്കരര്‍ തന്നെയാണ്. അത് പോലെ തന്നെയാണ് കേരളത്തില്‍ മോഹന്‍ലാല്‍ എന്ന നടനും.

ഉല്‍പ്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബ്രാന്‍ഡിംഗിലൂടെ കമ്പനികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആ ഉല്‍പ്പന്നത്തിലേക്ക്‌  ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന ആദ്യ ഘടകം ബ്രാന്‍ഡ് അംബാസിഡര്‍ ആണ്.കേരളത്തിലെത്തുന്ന ആദ്യത്തെ മൊബൈല്‍ കണക്ഷനായ ബി പി എല്‍ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സൈറ്റായ ഹോട്ട് സ്റ്റാര്‍ വരെയുള്ള ഒട്ടനവധി ബ്രാന്‍ഡുകള്‍ക്കും പ്രിയങ്കരന്‍ മലയാളികളുടെ ലാലേട്ടന്‍ തന്നെയാണ്. 

മോഹന്‍ലാലിന്റെ ബിസിനസ് സംരംഭങ്ങള്‍

ആശിര്‍വാദ് സിനിമാസ് (സിനിമ നിര്‍മ്മാണ കമ്പനി)

ആശിര്‍വാദ് റിലീസ്

മാക്‌സ് ലാബ് (ഫിലിം സിനിമ വിതരണ കമ്പനി)

എരീസ് വിസ്മയാസ് മാക്‌സ്, (ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ)

ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ട്, കൊച്ചി

മോഹന്‍ലാല്‍സ് ടേസ്റ്റ് ബഡ്‌സ്, റെസ്റ്റോറന്റ് ചെയിന്‍, ദുബായ്

റോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ട്‌സ്

ഹെഡ്ജ് ഇക്വിറ്റീസ്

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ ചില കമ്പനികള്‍

> ബി പി എല്‍ മൊബൈല്‍സ്

> കണ്ണന്‍ ദേവന്‍ ചായ

> മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

> മണപ്പുറം ഫിനാന്‍സ്

> ഹെഡ്ജ് ഇക്വിറ്റീസ്

> എം സി ആര്‍ മുണ്ടുകള്‍

> കെ എല്‍ എഫ് കൊക്കോനാട്, വെളിച്ചെണ്ണ

> ഒറിജിനല്‍ ചോയ്‌സ്

> മോഹന്‍ലാല്‍സ് ടേസ്റ്റ് ബഡ്‌സ്

> പങ്കജകസ്തൂരി

> ഓഷ്യാനസ് ബില്‍ഡേഴ്‌സ്

> എല്‍ ജി ഇലക്ട്രോണിക്‌സ്

> ലോയ്ഡ് എയര്‍ കണ്ടീഷണര്‍

> ടാറ്റ സ്‌കൈ ഡി ടി എച്ച്

>ഹോട്ട്‌സ്റ്റാര്‍

ഇവ കൂടാതെ ചില സര്‍ക്കാര്‍ പരസ്യങ്ങളിലും സര്‍ക്കാര്‍ വക പദ്ധതികളിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്ക് പ്രതിഫലം പോലും പറ്റാതെയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

> എയ്ഡ്‌സ് ബോധവല്‍ക്കരണം

> ഇന്ത്യന്‍ റെയില്‍വേ

> പള്‍സ് പോളിയോ നിര്‍മ്മാജനം

> കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ്

> കേരള അത്‌ലറ്റിക്‌സ്

> കേരള കൈത്തറി (ബ്രാന്‍ഡ് അംബാസിഡര്‍)

> ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

> ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന

തെന്നിന്ത്യന്‍ സിനിമയില്‍ ഇത്രയധികം ബ്രാന്‍ഡുകള്‍ വിശ്വസിക്കുന്ന ഒരു താരവുമില്ല എന്നതാണ് വാസ്തവം. മുകളില്‍ പറഞ്ഞിരിക്കുന്ന നീണ്ട പട്ടിക അതിന്റെ സാക്ഷ്യ പത്രമാണ്. ഒട്ടുമുക്കാല്‍ എല്ലാ ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത് സാധാരണക്കാര്‍ക്കിടയിലെ മാര്‍ക്കറ്റ് തന്നെയാണ്. സിനിമയിലൂടെ സാധാരണക്കാരന്റെ ജീവിത വ്യഥകളും തമാശകളും മറ്റും ഇത്ര നന്നായി പ്രതിഫലിപ്പിച്ച മറ്റൊരു നടനുണ്ടാകില്ല. 

അത്തരം കഥാപാത്രങ്ങളിലൂടെയാണ് ലാല്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്‌. സാധാരണക്കാര്‍ക്കിടയില്‍ ലാലിന്റെ ഈ സ്വീകാര്യത തന്നെയാണ് പരസ്യകമ്പനികള്‍ ലക്ഷ്യമിടുന്നതും.വളരെ ശ്രദ്ധിച്ചാണ് മോഹന്‍ലാല്‍ ഓരോ പരസ്യവും തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്തതും ബ്രാന്‍ഡ് അംബാസിഡറാകുന്ന സ്ഥാപനത്തെക്കുറിച്ചും അതിന്റെ വളര്‍ച്ചയെക്കുറിച്ചും മോഹന്‍ലാല്‍ അന്വേഷിക്കാറുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം എന്തെന്നാല്‍ ഒരേ വിഭാഗത്തില്‍ പെട്ട ഒന്നിലധികം ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല എന്നതു കൂടിയാണ്.