പേപ്പര്‍ കൊണ്ട് അത്ഭുതം വിരിയിക്കുന്ന എഞ്ചിനീയര്‍

പേപ്പര്‍ കൊണ്ട് അത്ഭുതം വിരിയിക്കുന്ന എഞ്ചിനീയര്‍

Friday October 23, 2015,

2 min Read

ഡല്‍ഹി ആസ്ഥാനമായുള്ള ഐ.ടി സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ പ്രോഗ്രാമറായ അതംജീത്ത് സിംഗ് ഭവ ഒരു ജീനിയസാണ്. തന്റെ ഓഫീസിലെ ജോലിസമയത്തിന് ശേഷം വീട്ടിലെത്തി മുറിയടച്ചിരുന്ന്‌ ബഹിരാകാശ പേടകങ്ങളും, വിമാനങ്ങളും, ബൈക്കുകളും കപ്പലുകളുമെല്ലാം നിര്‍മിക്കുകയാണ് അതംജീത്തിന്റെ പതിവ്. വെറും പേപ്പറും പശയും ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നതെന്നാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കാണുന്നവര്‍ക്ക് ഏറെ അത്ഭുതം ഉളവാക്കുന്നവയാണ് അതംജീത്തിന്റെ പേപ്പര്‍ മെഷീനുകള്‍. സ്‌കെയില്‍ പേപ്പര്‍മോഡലിങ് എന്നാണഅ ഈ രീതി അറിയപ്പെടുന്നത്. പേപ്പര്‍മുറിച്ച് അവയെ പശ ഉപയോഗിച്ച് യോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

image


2004ല്‍ ടെക്‌സ്റ്റൈല്‍ കെമിസ്ട്രിയില്‍ ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്ന അതംജീത്ത് സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കേറെ താല്‍പര്യം തോന്നിയ ജ്യാമിതിയിലുള്ള തന്റെ കഴിവുകളേയും എഞ്ചിനീയറിങിലെ വരയ്ക്കാനുള്ള പാടവത്തേയും ഫലപ്രദമായി ഉപയോഗിച്ച് പേപ്പറില്‍ ഒരു വിമാനം നിര്‍മിച്ചു. ഒരു മാസത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ് അതംജീത്തിന്റെ ആദ്യ നിര്‍മിതി പൂര്‍ത്തിയായത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ മറ്റൊന്നായി 27 മോഡലുകളാണ് അതംജീത്ത് ഒരുക്കിയത്. നിത്യേന മൂന്ന് മണിക്കൂര്‍ ചിലവഴിച്ചാണ്‌ അതംജീത്ത് ഇവ തയ്യാറാക്കിയത്.

അതംജീത്തിന്റെ നിര്‍മിതികള്‍ കണ്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം അവനെ അഭിനന്ദിച്ചു. യു.എസില്‍ നിന്നു പോലും അതംജീത്തിന് അഭിനന്ദനങ്ങളെത്തി. ഈ നിര്‍മിതികളെ കൂടുതല്‍ സുന്ദരമാക്കാനുള്ള നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കി. ആദ്യമൊക്കെ അതംജീത്ത് പേപ്പര്‍ മെഷീനുകള്‍ക്കായി ഏറെ സമയം ചെലവഴിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ അതംജീത്ത് ആരംഭിച്ച പേജിന് ലഭിച്ച മറുപടികള്‍ ആ ആശങ്കകളെ ദുരീകരിച്ചു. 2005ല്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായ ആര്‍ട്ടിസ്റ്റുകളുടെ പട്ടികയില്‍ അതംജീത്തിന് ഒന്‍പതാം സ്ഥാനം ആയിരുന്നു. നാല്‍പതിനായിരത്തോളം ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ നിന്നാണ് അതംജിത്തിനെ തേടി ഈ നേട്ടം എത്തിയത്.

image


അതംജീത്തിന്റെ മോഡലുകളുടെ എക്‌സിബിഷന്‍ നടത്തുമ്പോള്‍ അതിന് ലഭിച്ചത് മികച്ച പ്രതികരണങ്ങളായിരുന്നു. ഇതോടെ ഇതിനെ ഒരു ബിസിനസ് ആക്കാമെന്ന് അതംജീത്ത് ചിന്തിച്ചു. ബൈക്ക് ഓടിക്കുന്ന ഒരാളിന്റെ രൂപം പേപ്പറില്‍ നിര്‍മിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ വ്യക്തി ബൈക്ക് ഓടിക്കുന്ന രീതിയില്‍ പേപ്പറില്‍ താന്‍ മോഡലുണ്ടാക്കി നല്‍കുമെന്ന് അതംജീത് പറയുന്നു.

image


തനിക്കൊരു മുഴുനീള ജോലിയുള്ളതിനാല്‍ പുതിയ മോഡലുകള്‍ നിര്‍മിക്കാന്‍ തനിക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്നതാണ് അതംജീത് നേരിട്ട ഏറ്റവും വലിയൊരു പ്രശ്‌നം. ഇവ വാങ്ങാന്‍ തയ്യാറായി നിരവധി പേര്‍ വന്നാല്‍ മാത്രമേ തന്റെ സ്ഥിരം ജോലി ഉപേക്ഷിക്കുവാന്‍ ആകുമായിരുന്നുള്ളൂ. പൂര്‍ത്തിയാക്കിയ മോഡലുകളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. കേടുപാടുകള്‍ പറ്റാതിരിക്കാനായി അവയെ ചില്ലുകൂട്ടില്‍ വച്ച് മാത്രമേ എവിടേയ്ക്കും കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ഇവയുടെ പരിമിതി.

image


അതംജീത്ത് ഒരു ദേശീയതല ടെന്നീസ് കളിക്കാരന്‍ കൂടിയാണ്. ഗിറ്റാര്‍ വായിക്കാനും അദ്ദേഹത്തിന് പാടവമുണ്ട്. പൈലറ്റ് ആകണമെന്നതായിരുന്നു അതംജീത്തിന്റെ ആഗ്രഹം. ആ സ്വപ്‌നം ഇപ്പോഴും മനസില്‍ സ്പന്ദിക്കുന്നുണ്ട് എന്നും അതംജീത്ത് പറയുന്നു

    Share on
    close