ലക്ഷ്മിയും പിഹുവും അവരുടെ ചിരിയും

0

ലക്ഷ്മി ഭയപ്പെട്ടത് തന്റെ മകള്‍ തന്റെ മുഖം കാണുമ്പോള്‍ പേടിച്ച് കരയുമെന്നാണ്, എന്നാല്‍ അവളുടെ മുഖത്ത് നിന്നുണ്ടായ പുഞ്ചിരി തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷങ്ങളില്‍ ഒന്നാണ് സമ്മാനിച്ചതെന്ന് ലക്ഷ്മി ഓര്‍ക്കുന്നു. ആസിഡ് ആക്രമണത്തിന്റെ ഇരയാണ് ലക്ഷ്മി. 2005ല്‍ 16 വയസുള്ളപ്പോഴാണ് ലക്ഷ്മി ആഡിസ് ആക്രണത്തിനകപ്പെടുന്നത്. 32 വയസുള്ള ഒരാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചു എന്ന കാരണത്താല്‍ അയാള്‍ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തെ പാടുകള്‍ മനസില്‍ പേറാതെ ശക്തയാവുകയായിരുന്നു ലക്ഷ്മി. ഇന്ന് ആഡിഡ് ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്ന സന്ദേശത്തിന്റെ കരുത്തുറ്റ പ്രചാരകയാണ് ലക്ഷ്മി.

സാമൂഹ്യ പ്രവര്‍ത്തകനായ അലോക് ദീക്ഷിതിനെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്. അലോകുമായി ലക്ഷ്മി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ലക്ഷ്മിയുടെ പോരായ്മകളൊന്നും അലോകിന് ലക്ഷ്മിയോടുള്ള സ്‌നേഹത്തെ മറികടക്കാന്‍ പോരുന്നതായിരുന്നില്ല.

ഇപ്പോള്‍ ലക്ഷ്മി ഒരു അമ്മയാണ്. ഏഴ് മാസം പ്രായമുള്ള പിഹു എന്ന പെണ്‍കുഞ്ഞിന്റെ അമ്മ. തന്റെ ഗര്‍ഭ സമയത്ത് ലക്ഷ്മി എപ്പോഴും ഭയപ്പെട്ടിരുന്നത് തന്റെ കുഞ്ഞ് അമ്മയുടെ മുഖം കാണുമ്പോള്‍ പേടിച്ച് കരയുമോ എന്നായിരുന്നു. എന്നാല്‍ പിഹു എപ്പോഴും അമ്മയെ നോക്കി ചിരിക്കുകയാണ് അലോക് പറയുന്നു.

ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ആഡിസുകളുടെ വില്‍പന നിര്‍ത്തണമെന്നാവശ്യപ്പെട്ട് 27000 ഒപ്പുകള്‍ ശേഖരിച്ച് സജീവമായി പോരാടിയ വ്യക്തിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സുപ്രീം കോടതിക്ക് സംസ്ഥാനങ്ങളോട് ആഡിസുകളുടെ വില്‍പന നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതായി വന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭാര്യയും യു എസിന്റെ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയുടെ കയ്യില്‍നിന്നും 2014ലെ ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡ് ലക്ഷ്മിക്ക് ലഭിച്ചിരുന്നു.

മാത്രമല്ല എന്‍ ഡി ടി വി ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി ലക്ഷ്മിയെ തിരഞ്ഞെടുത്തിരുന്നു. അടുത്തമാസം ലക്‌നൗവില്‍ ഷീറോസ് കഫേ എന്ന സ്ഥാപനം തുടങ്ങാനുള്ള തിരക്കിലാണ് ലക്ഷ്മി ഇപ്പോള്‍. ആസിഡ് ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി പ്രചരണം നടത്തുന്നവര്‍ക്കൊപ്പമായിരിക്കും ലക്ഷ്മിയുടെ മകള്‍ പിഹു മിക്കവാറും ചെലവഴിക്കുന്നത്. ഇവരില്‍ പലരും ആസിഡ് ആക്രമണങ്ങള്‍ക്ക് വിധേയരായവരാണ്. എവിടെപ്പോയാലും താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സൗന്ദര്യമുള്ളവര്‍ തന്റെ മാതാപിതാക്കളാണ് എന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമാറ് കുഞ്ഞ് പിഹു അവര്‍ക്ക് അകമ്പടി സേവിക്കുന്നു.