പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സാമൂഹിക പ്രതികരണം തേടുന്നു

0

പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമൂഹിക പ്രത്യാഘാതങ്ങളും കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരത്തേ കണ്ടെത്തി അവയ്ക്കുളള പരിഹാരമാര്‍ഗങ്ങള്‍കൂടി മുന്‍കൂര്‍ ആസൂത്രണം ചെയ്താല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടപടി. 

ആദ്യഘട്ടത്തില്‍ സ്വകാര്യ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരെ നിയോഗിച്ച് പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുകയാണ് ആദ്യപടി. കേരളത്തിലെ പലപ്രദേശങ്ങളിലും വന്‍വികസനവും പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴില്‍ അവസരങ്ങളും കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ജോലികള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സാമൂഹിക സഹകരണം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സാമൂഹിക പ്രതികരണ പഠന മേഖലയില്‍ മുന്‍പരിചയമുളള സ്ഥാപനങ്ങള്‍, നേരത്തെ ജോലിനോക്കിയിരുന്ന സ്വകാര്യവ്യക്തികള്‍, ഈ മേഖലയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്ര നിയമം അധ്യായം രണ്ടിലെ നിര്‍ദ്ദേശങ്ങളാണ് പഠനത്തിന് മാനദണ്ഡമാക്കേണ്ടത്. പഠനത്തില്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളുമായി റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കണം. ഇതിനായി അപേക്ഷകരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ തയാറാക്കും. മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെയോ, ഭാഗികമായോ പാനലില്‍ ഉളളവരെ പഠന ചുമതല ഏല്‍പ്പിക്കും. ജീവനക്കാരുടെ വേതനം, സാങ്കേതിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടിവരുന്ന ചെലവ് എന്നിവ സര്‍ക്കാര്‍ നല്‍കുമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി.ജെയിംസ് അറിയിച്ചു. ലാന്റ് റവന്യൂ കമ്മീഷണറുടെ www.clr.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. പ്രവൃത്തി പരിചയം, സാങ്കേതിക ജ്ഞാനം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നല്‍കാം.