ഭാവിയിലെ പഠനം

ഭാവിയിലെ പഠനം

Saturday March 12, 2016,

4 min Read

യുഗങ്ങള്‍ കഴിയുന്തോറും വിദ്യാഭ്യാസ രീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെയാണ്. ചിത്രലിപിയില്‍ നിന്നും അക്ഷരങ്ങളിലേക്ക്, ആംഗികഭാഷയില്‍ നിന്നും ഉച്ചാരണത്തിലേക്ക്, എഴുത്തുപലകയില്‍ നിന്നും ഇലക്ട്രോണിക് രീതിയിലേക്ക്, ഗുരുകുലത്തില്‍ നിന്നും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തുടങ്ങി എത്രയെത്ര മാറ്റങ്ങള്‍. പഠനരീതിയിലും അടിസ്ഥാന സൗകര്യങ്ങളിലും നിരവധി മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖലയില്‍ ലോകം കണ്ടത്. ഇങ്ങനെയെങ്കില്‍ ഭാവിയില്‍ വിദ്യാഭ്യാസം എങ്ങനെയായിരിക്കും? ഇനിയും മറ്റൊരു തലത്തിലേക്ക് വിദ്യാഭ്യാസം പരിണമിക്കുമോ? പഠനത്തിന്റെ പരിണാമകാലത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇതിനുള്ള ചില ഉത്തരങ്ങള്‍ കണ്ടെത്താനാകും.

ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രം

1500 ബിസി മുതല്‍ 600 ബിസി വരെയുള്ള വേദകാലഘട്ടത്തിലാണ് ഇന്ത്യയില്‍ വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ വേദങ്ങളെക്കുറിച്ചാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് ഹിന്ദു പുരാണപുസ്തകങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചും പഠിപ്പിക്കാന്‍ തുടങ്ങി. വേദകാലഘട്ടത്തില്‍ വിദ്യാഭ്യാസം സൗജന്യമായിരുന്നു. എന്നാല്‍ അതില്‍ വിവേചനം നിലനിന്നിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ചെയ്യുന്ന തൊഴില്‍ അനുസരിച്ചായിരുന്നു ജാതിവേര്‍തിരിവ്.ബ്രാഹ്മണര്‍ക്കായിരുന്നു ഏറ്റവും ഉന്നത സ്ഥാനം.

image


ഒരു ചോദ്യം ചോദിച്ച് അതിനു ഉത്തരം പറഞ്ഞുകൊടുക്കുന്ന രീതിയല്ലായിരുന്നു അന്നത്തേത്. കുട്ടികള്‍ സ്വയം ആ ചോദ്യത്തിനുള്ള ഉത്തരം തേടി കണ്ടുപിടിക്കണമായിരുന്നു. ഗുരുകുലസമ്പ്രദായം വന്നപ്പോഴാണ് പഠനത്തിനു ശരിയായ ഒരു രീതി കൈവന്നത്. അധ്യാപകരുടെ ഗൃഹത്തിലോ ആശ്രമത്തിലോ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന രീതിയായിരുന്നു ഇത്. മതം, വേദഗ്രന്ഥങ്ങള്‍, തത്വശാസ്ത്രം, സാഹിത്യം, വൈദ്യശാസ്ത്രം, ജ്യോതിഷം തുടങ്ങിയവയെല്ലാം ഗുരുകുലത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നു.

ലോകത്തിന്റെ പല ഭാഗത്തും ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസം ലഭിച്ചിരുന്നത്. പല രാജ്യങ്ങളിലും ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസം നല്‍കിയിരുന്നത്. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമായിത്തുടങ്ങി.

വിദ്യാഭ്യാസം ഇന്നു കാണുന്നപോലെ മാറിയതെങ്ങനെ?

മുന്‍പു സ്‌കൂളുകള്‍ കുട്ടികള്‍ക്ക് സാമൂഹികപരവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിലാണ് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്നു വിദ്യാര്‍ഥികളെ ജോലിക്ക് തയാറാക്കി വാര്‍ത്തെടുക്കാനാണ് ലോകമെങ്ങുമുള്ള സ്‌കൂളുകള്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസം കുട്ടികളില്‍ ഫലംഉണ്ടാക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മോണ്ടിസോറി രീതിക്ക് മാത്രമേ ഇത്തരം ഒരു വിദ്യാഭ്യാസരീതിക്ക് വെല്ലുവിളി ഉയര്‍ത്താനാകൂ. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. മോണ്ടിസോറി സ്‌കൂളില്‍ സമയക്രമമോ പരമ്പരാഗതരീതിയിലുള്ള അധ്യാപനമോ ഇല്ല. പകരം കളിക്കുവാനുള്ള ചില ഉപകരണങ്ങള്‍ മാത്രമാണുള്ളത്. കുട്ടികള്‍ അവകൊണ്ടു കളിക്കുന്നു. കളിയില്‍ക്കൂടി പഠനം നടക്കുന്നു.

ഈ രീതി കണക്കാക്കാതെ പഠിപ്പിച്ചാലും അവസാനത്തെ ലക്ഷ്യം ഒന്നുതന്നെയായിരിക്കും. 'ഇന്നത്തെ കുട്ടികളെ നാളത്തേക്കു തയാറാക്കുക'. ഇവിടെയാണ് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. അമേരിക്കയുടെ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി റിച്ചാര്‍ഡ് റിലേയുടെ വാക്കുകള്‍ ഇങ്ങനെ:

'നമ്മള്‍ വിദ്യാര്‍ഥികളെ ജോലിക്കുവേണ്ടി തയാറാക്കുകയാണ്, എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല. ടെക്‌നോളജി ഉപയോഗിക്കുന്നു, അവ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വച്ചാല്‍ എന്താണു പ്രശ്‌നങ്ങള്‍ എന്നു നമ്മള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.'

ഇക്കാര്യത്തിനു തെളിവുകളുടെ ആവശ്യമില്ല. ഒന്നു പുറകോട്ടു നോക്കിയാല്‍ മതി. നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ചെയ്യുന്ന 90 ശതമാനം ജോലികളും 10 വര്‍ഷം കഴിയുമ്പോള്‍ ഉണ്ടാവില്ല. പിന്നെ എന്തിനാണ് സ്‌കൂളുകളില്‍ ജോലിക്കായി വിദ്യാര്‍ഥികളെ തയാറാക്കുന്നത്?

നമ്മുടെ ഇന്നത്തെ സമൂഹത്തിലെ സ്‌കൂളുകളെയോ വിദ്യാഭ്യാസരീതികളെയോ താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ശ്രമിക്കുന്നത്. മറിച്ച് നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുവെന്നാണ് പറയുന്നത്. സ്‌കൂളുകളും കോളജുകളും വിദ്യാര്‍ഥികളുടെ തലയില്‍ കുറെ എന്തൊക്കെയോ അറിവുകള്‍ കുത്തിനിറയ്ക്കുന്ന സ്ഥലമായിട്ടാണ് പല വിദ്യാര്‍ഥികളും കാണുന്നത്. ഭൂരിഭാഗം കുട്ടികള്‍ക്കും തങ്ങള്‍ എന്താണ് പഠിക്കുന്നതെന്നതിനെക്കുറിച്ച് ധാരണയില്ല. അതിനാല്‍ തന്നെ അവര്‍ക്ക് പഠനത്തിലും താല്‍പര്യമില്ല. കാരണം ഈ പഠനം അവരുടെ ജീവിതത്തില്‍ ഒരു അര്‍ഥവും പ്രസക്തിയുമില്ലാത്തതാണ്.

പഠനം അഭിനിവേശമുള്ള ജോലികളെ അടിസ്ഥാനമാക്കിയുള്ളതാണ്

ഇതു സത്യമാണെന്ന് കാലം തന്നെ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഉപകാരപ്രദമല്ലാത്ത ഒരു കാര്യവും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമില്ല. തങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്താണോ അതു പഠിക്കാനാണ് അവര്‍ അഭിനിവേശം കാട്ടുന്നത്. ഇന്ത്യന്‍ പൗരാണിക ശാസ്ത്രത്തില്‍ ഏകലവ്യന്റെ കഥയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗുരു ദ്രോണാചാര്യനില്‍ നിന്നും ധനുര്‍വിദ്യ പഠിക്കുക ഏകലവ്യന്റെ തീവ്രമോഹമായിരുന്നു. പക്ഷേ ദ്രോണര്‍ ഏകലവ്യനെ ശിക്ഷ്യനായി അംഗീകരിച്ചില്ല. അതിനാല്‍ ഗുരുവിന്റെ പ്രതിമ ഉണ്ടാക്കി അതിന്റെ മുന്നില്‍ നിന്നും പരിശീലിച്ചു. ദ്രോണരുടെ പ്രിയശിഷ്യനായ അര്‍ജുനനെക്കാള്‍ മികച്ച വില്ലാളിയായി ഏകലവ്യന്‍. ധനുര്‍വിദ്യയില്‍ അര്‍ജുനനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നു ദ്രോണര്‍ അര്‍ജുനന് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് സത്യമാകുന്നതിനുവേണ്ടി അദ്ദേഹം ഗുരുദക്ഷിണയായി ഏകലവ്യനോട് പെരുവിരല്‍ മുറിച്ചുനല്‍കണമെന്നാവശ്യപ്പെടാന്‍ നിര്‍ബന്ധിതനായി.

ഇന്നത്തെ ലോകത്തില്‍ ഏതെങ്കിലും ഒന്നിനോടുള്ള മതിയായ അഭിനിവേശമാണ് കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക.അപ്പോള്‍ അവര്‍ തങ്ങളുടെ പഠനത്തില്‍ അര്‍ഥങ്ങള്‍ കണ്ടെത്തുകയും വളരെ പെട്ടെന്ന് പഠിച്ചെടുക്കുകയും ചെയ്യും. ഇതുകൊണ്ടാണ് പ്രവൃത്തികളിലൂടെ പഠിക്കണമെന്നു പറയുന്നത്. നോട്ട് എഴുതി പഠിപ്പിക്കുന്നതിനെക്കാള്‍! വിദ്യാര്‍ഥികള്‍ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നല്‍കി അതുവഴി അവരെ പഠിപ്പിക്കണം. ഇതാണ് ഉത്തമം. പഠിപ്പിക്കുന്നതിനെ സ്‌നേഹിക്കുക എന്നതാണ് 21ാം നൂറ്റാണ്ടിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വസ്തുത.

പഠനം ഒരിക്കലും അവസാനിക്കുന്നില്ല

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡാര്‍വിന്റെ സിദ്ധാന്തത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്: ചില വംശങ്ങളെ സംബന്ധിച്ചിടത്തോളം നിലനില്‍പ് എന്നത് കരുത്തുള്ള കാര്യമല്ല. നിലനില്‍ക്കുന്നവയെല്ലാം ബുദ്ധിയുള്ളവയുമല്ല. തുടര്‍ച്ചയായി പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ബുദ്ധിയുള്ളവര്‍.

ഇതു വ്യക്തമാക്കുന്നത് സ്ഥിരമായും തുടര്‍ച്ചയായും പഠിക്കുന്നതിനെക്കുറിച്ചാണ്.

ഇനി !ഞാന്‍ മുന്‍പു പറഞ്ഞ വാക്കുകളിലേക്ക് മടങ്ങിപ്പോവുകയാണ്. പഠനത്തിന്റെ പരിണാമകാലത്തിലേക്ക് പോയാല്‍ ചില ഉത്തരങ്ങള്‍ കിട്ടുമെന്നു ഞാന്‍ ഉറപ്പുനല്‍കിയിരുന്നു. വിദ്യാഭ്യാസം ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറിയാല്‍ അവ ഒന്നുകൂടി സമൃദ്ധമാകും. ഇതായിരിക്കും ഭാവിയില്‍ നടക്കാന്‍ പോകുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിലെ വിദ്യാഭ്യാസമെങ്ങനെയെന്നു വച്ചാല്‍ വളരെ പെട്ടെന്നു ഗ്രഹിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലാകും വിദ്യാഭ്യാസം, വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ രീതികളെ പിന്തുണയ്ക്കും, ജനങ്ങള്‍ക്ക് സ്വയം അവരുടേതായ രീതിയില്‍ പഠിക്കുന്നതിനും കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിനും സാധിക്കും.

പുതിയ കാലഘട്ടത്തിലെ പഠനം ലോകത്തെ മാറ്റും

ഇന്നു ഓണ്‍ലൈന്‍ പഠനരീതി എല്ലാവരെയും മതിഭ്രമത്തിലാഴ്ത്തിയിരിക്കുകയാണ്. ടെക്‌നോളജിയുടെ വരവോടെ പലര്‍ക്കും പഠനം എളുപ്പമുള്ളതായി മാറി. ഭൂമിശാസ്ത്രപരമായും ശാരീരികപരമായുള്ള അതിര്‍വരമ്പുകള്‍ മാറ്റി എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമായി.

സ്‌കൂളുകളിലും കോളജുകളിലും നാലു ചുമരുകള്‍ക്കുള്ളിലുള്ള പഠനം യോഗ്യത തെളിയിക്കുന്നതിനു മാത്രം സഹായിക്കുന്നവയായി മാറാന്‍ സാധ്യതയുണ്ട്. അവകൊണ്ട് മറ്റു പ്രയോജനങ്ങള്‍ ഒന്നും ഉണ്ടാവില്ല. അടുത്ത കാലഘട്ടത്തിലെ പഠനം എന്നു പറയുന്നത് ഈ ചുമരുകള്‍ക്ക് പുറത്തായിരിക്കും. നിങ്ങളുടെ അടുത്ത്, നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും പഠനം. ഭൂമിശാസ്ത്രപരമായും ഭാഷാപരവുമായുള്ള എല്ലാ വേലികളെയും അതു തകര്‍ക്കും.

മുന്നോട്ടുള്ള വഴി

നല്ല ഉള്ളടക്കമുള്ള കാര്യങ്ങള്‍ നല്‍കിയാല്‍ മാത്രമേ വിദ്യാഭ്യാസമേഖല അഭിവൃദ്ധിപ്പെടൂവെന്ന വസ്തുത എല്ലാ സ്ഥാപനങ്ങളും പരിശീലനം നല്‍കുന്ന സമയത്ത് ശ്രദ്ധിക്കാറുണ്ട്. എല്ലാത്തിലും ഊന്നല്‍ നല്‍കാതെ ആവശ്യമായവയില്‍ മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. വിപണിയില്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെ ഇവിടെ നല്‍കാന്‍ കഴിയില്ല. കാരണം ഒരു ഉല്‍പ്പന്നം തിരഞ്ഞെടുത്തു കഴിയുമ്പോള്‍ മാത്രമേ ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്നു ചിന്തിക്കൂ.

ആയതിനാല്‍ ഇടെക് സ്റ്റാര്‍ട്ടപ്പുകള്‍ പഠനം തുടര്‍ന്ന് വിപണി രൂപീകരിക്കുന്നതിന് പ്രധാന്യം നല്‍കണം. നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് പഠിക്കുക, എന്നാല്‍ അത് നിര്‍ത്താതെ വീണ്ടും പഠിക്കുക. ഇതു വിജയം നേടിത്തരും. മറ്റെന്തിനെക്കാളും ഒരു സ്ഥാപനം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതും ഇതിനാണ്. തുടര്‍ച്ചയായി പഠിക്കാതിരുന്നാല്‍ പെട്ടെന്ന് വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അവയ്‌ക്കൊപ്പം മുന്നോട്ടു പോകാനും ആവില്ല. ജോണ്‍ ഡിവെയ് പറഞ്ഞതുപോലെ വിദ്യാഭ്യാസം എന്നാല്‍ ജീവിതത്തിനായുള്ള തയാറെടുപ്പല്ല, വിദ്യാഭ്യാസമെന്നത് ജീവിതം തന്നെയാണ്.

ജീവിതത്തിന് താല്‍ക്കാലിക വിരാമമില്ല, അതുപോലെതന്നെയാണ് പഠനവും. അവസാനമായി ഭാവിയിലെ വിദ്യാഭ്യാസം എങ്ങനെയായിരിക്കുമെന്നു കൂടി പറയാം

ന്മ ഉപകാരപ്രദമായ ഉള്ളടക്കമുള്ളവയായിരിക്കും, ജനാധിപത്യത്തില്‍ അടിസ്ഥിതമായിരിക്കും

ന്മ എല്ലാവര്‍ക്കും വളരെ പെട്ടെന്നു തന്നെ ലഭ്യമാകും

ന്മ എളുപ്പം മനസ്സിലാകാന്‍ കഴിയുന്ന മാര്‍ഗങ്ങളിലൂടെയായിരിക്കും പഠനം

ന്മ വ്യക്തിത്വത്തിനനുസരിച്ചായിരിക്കും പഠനം, ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം

ന്മ ആരും നിര്‍ബന്ധിക്കില്ല, അഭിനിവേശവും ഉള്‍ക്കൊണ്ടതായിരിക്കും

മികച്ച ടെക്‌നോളജിയിലൂടെ മാത്രമേ ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. അതിനു മാത്രമേ ആഗോളതലത്തിലെ പല വെല്ലുവിളികളെയും തരണം ചെയ്യാന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ ഉപകരണങ്ങളും ഉപായങ്ങളും യാതൊരു അതിര്‍വരമ്പുകവും ഇല്ലാതെ ലഭിക്കും. സമൂഹം വിദ്യാഭ്യാസത്തിനുമേല്‍ തളച്ചിട്ടിരിക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയും. ജീവിതത്തെയും ചിന്തകളെയും മാറ്റിമറിക്കുന്ന പുതിയ വിദ്യാഭ്യാസരീതിയെ നാളെ ലോകം ഒന്നടങ്കം പുകഴ്ത്തും.

ലേഖകന്‍

മഡാറപു നാഗരാജ് നോളജ്ഹണ്ടിന്റെ സഹസ്ഥാപകനും ഡയറക്ടറുമാണ്. ബെംഗളൂരുവില്‍ നിന്നും 90 രാജ്യങ്ങളിലേക്ക് വിവിധ മേഖലകളിലെ ജോലികള്‍ക്കായി പരിശീലനം നല്‍കുന്ന സ്ഥാപനത്തെ കൊണ്ടെത്തിച്ചതിന്റെ അനുഭവ പരിചയമുണ്ട്. ലാളിത്യമാണ് അങ്ങേയറ്റത്തെ ലോകപരിജ്ഞാനമെന്ന വാചകത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്.

(നിരാകരണം: ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റേതു മാത്രമാണ്. ഇതൊരിക്കലും യുവര്‍‌സ്റ്റോറിയുടെ കാഴ്ചപ്പാടല്ല) 

    Share on
    close