ഇന്ത്യ ക്ലെന്‍ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് തുടങ്ങി  

0

ഇന്ത്യയിലെ ആധുനിക വൈദ്യ ഗവേഷണത്തില്‍ പ്രഗത്ഭരായ ഡോക്ര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യ ക്ലിനിക്കല്‍ എപ്പിഡമിയോളജി നെറ്റ്‌വര്‍ക്ക് (India CLEN)-ന്റെ ദേശീയ സമ്മേളനം തിരുവന്തപുരത്ത് തുടക്കമായി. മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ എപ്പിഡമിയോളജി റിസോഴ്‌സ് & ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.

അന്തര്‍ദേശീയ തലത്തില്‍ മെഡിക്കല്‍ ഗവേഷണത്തിലൂടെ പുതിയ പല കണ്ടുപിടുത്തങ്ങള്‍ക്കും പ്രകടമായ മാറ്റങ്ങള്‍ക്കും വേദിയായ ഇന്‍ക്ലെന്‍ എന്ന അന്തര്‍ ദേശീയ കൂട്ടായ്മയുടെ ഇന്ത്യന്‍ ശാഖയാണ് ഇന്ത്യ ക്ലെന്‍. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ചൈന, തായ്‌ലാന്റ് തുടങ്ങിയ വികസിതവും അവികസിതവുമായ രാജ്യങ്ങളില്‍ ഇതിന്റെ ശാഖകളുണ്ട്. വളരെ സുതാര്യമായ മാര്‍ഗരേഖയിലൂടെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ മെഡിക്കല്‍ ഗവേഷണത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ ക്ലെന്‍ ദേശീയ സമ്മേളനം ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ഇന്ത്യ ക്ലെന്‍ പ്രസിഡന്റ് ഡോ. കെ.ആര്‍. ജോണ്‍ അധ്യക്ഷനായ ചടങ്ങില്‍ എന്‍.എച്ച്.എം. എസ്.ഡി.എം. കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്ത്യ ക്ലെന്‍ എക്‌സി. ഡയറക്ടര്‍ ഡോ. എന്‍.കെ. അറോറ, ട്രെഷറര്‍, ഡോ. ശിവപ്രകാശം, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. മേരി ജോളി വര്‍ഗീസ്, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ പ്രസന്നകുമാരി, ഡയറക്ടര്‍ സി.ഇ.ആര്‍.ടി.സി. ഡയറക്ടറും കോ-ഓഡിനേറ്ററുമായ ഡോ. കെ. ശശികല എന്നിവര്‍ പങ്കെടുത്തു.

നിരവധി വിഷയങ്ങളുടെ ഗവേഷണങ്ങളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ആരോഗ്യ സര്‍വകലാശാലയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ സംസാരിച്ചു.

ഇന്ത്യയിലെ ക്ലിനിക്കല്‍ എപ്പിഡമിയോളജിയുടെ ഉദ്ഭവവും വികാസവും, പ്രതിരോധ കുത്തിവയ്പ്പ്, മാനസികാരോഗ്യം, ഗര്‍ഭിണികളുടെ ആരോഗ്യ സുരക്ഷ, മെഡിക്കല്‍ ഗവേഷണങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ ഗവേഷണ പ്രബന്ധങ്ങളവതരിപ്പിച്ചു. അവയവ ദാനവും മെഡിക്കല്‍ എത്തിക്‌സും എന്ന വിഷയം ആസ്പദമാക്കി മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി പ്രൊഫസര്‍ ഡോ. നരേന്ദ്രനാഥ് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ ധന സഹായത്താല്‍ നടപ്പിലാക്കിയ പ്രതിരോധ കുത്തിവയ്പ്പിന്റെ റിപ്പോര്‍ട്ടവതരിപ്പിച്ചു.