ആവേശമായി യുവജന കൂട്ടായ്മ ഇയര്‍ 2015

0

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവജന കൂട്ടായ്മ ഇയര്‍ 2015 ന് ഉജ്ജ്വല തുടക്കം. യുവജന കൂട്ടായ്മ ഇയര്‍ 2015 ന്റെയും ജീവദായിനി രക്തദാന പരിപാടിയുടെയും ഉദ്ഘാടനം തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. യുവജനതയുടെ ക്ഷേമത്തിനായി സജീവപ്രവര്‍ത്തനമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലം ബോര്‍ഡ് കാഴ്ചവെച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സംരംഭകത്വ രംഗത്തേക്ക് യുവാക്കളെ കൊണ്ടുവരുന്ന യുവസംരംഭകത്വ പദ്ധതി യുവജനക്ഷേമ ബോര്‍ഡിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാര ജേതാവായ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാറിനെ മുഖ്യമന്ത്രി ആദരിച്ചു. ഇതോടൊപ്പം വിവിധ സംഘടനകള്‍ക്കുളള സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

പരിപാടിയില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യുവജനക്ഷേമ ബോര്‍ഡ് എക്‌സ്‌പേര്‍ട്ട് മെമ്പര്‍ സി. കെ. സുബൈര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്. ശബരിനാഥന്‍, യുവജനക്ഷേമ ബോര്‍ഡിലെ മെമ്പര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജനങ്ങള്‍ കാര്‍ഷികവൃത്തിയിലേക്ക് കടന്നുവരുന്നത് ഒരു കാഴ്ച മാത്രമല്ലെന്നും സന്ദേശമാണെന്നും പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ഇനി വരുന്ന തലമുറയെയെങ്കിലും ആരോഗ്യമുളളവരായി വാര്‍ത്തെടുക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളുടെ സര്‍ഗ്ഗശേഷിയും പ്രതിഭയും ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കു പരിപാടിയില്‍ വിവിധ വിഷയങ്ങളിലുളള ശില്പശാലകള്‍, നാടകം, നാടോടിനൃത്തം, മ്യൂസിക് ബാന്റ് എന്നീ മത്സരങ്ങളും ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍, ഗോത്രകലാമേള എന്നിവയും അരങ്ങേറും. തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ട്, വി.ജെ.ടി ഹാള്‍, പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് എീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

യുവജന കൂട്ടായ്മ ഇയര്‍ 2015 ന്റെ യൂത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം മേയര്‍ വി.കെ. പ്രശാന്ത് നിര്‍വ്വഹിച്ചു. യുവജനക്ഷേബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, മെമ്പര്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ സി.കെ. സുബൈര്‍, എ. ഷിയാലി മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ അനര്‍ട്ട് ഹീര കോളേജ്, കയര്‍ ബോര്‍ഡ്, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ്, കുടുംബശ്രീ, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ബയോഡൈവേര്‍സിറ്റി ബോര്‍ഡ്, തപാല്‍ വകുപ്പ്, മ്യൂസിയം-കാഴ്ചബംഗ്ലാവ് വകുപ്പ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഡി.സി. ബുക്‌സ്, മാതൃഭൂമി ബുക്‌സ് തുടങ്ങി 60 തോളം സ്ഥാപനങ്ങളില്‍ നിന്നായി 102 ഓളം സ്റ്റാളുകളാണ് എക്‌സിബിഷനുവേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.