സംരംഭ പാതയിലെ വിജയ രഹസ്യങ്ങളുമായി രാഹുല്‍ യാദവും സച്ചിന്‍ ബന്‍സാലും

0

രാഹുല്‍ യാദവ് സ്റ്റേജിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് അദ്ദേഹത്തെ എതിരേറ്റത്. അവതാരകന്‍ അബ്ഹ ബകായയ്ക്ക് രാഹുലിനെക്കുറിച്ച് അധികം വിശദീകരിക്കേണ്ടി വന്നില്ല. കാരണം യുവബിസിനസുകാരനായ രാഹുല്‍ ജനങ്ങള്‍ക്ക് സുപരിചിതനാണ്. സച്ചിന്‍ ബന്‍സാലാകട്ടെ ഒരിക്കലും അപരിചിതനായിരുന്നില്ല. ലോകത്തിലെ ഉയര്‍ന്ന അഞ്ചു ഇ–കൊമേഴ്‌സ് കമ്പനികളിലൊന്നിന്റെ സ്ഥാപകന്‍. ഫ്‌ലിപ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാള്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. ഐഐടി ബോംബെ ഇ–സമ്മിറ്റ് 2016 ആണ് ഇരുവരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്.

ഐഐടി എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് മധുരിക്കുന്ന കുറെ ഓര്‍മകളാണ് മനസ്സില്‍ ഓടിയെത്തുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ ഹോസ്റ്റലിലെ മോശമായ ജീവിതസാഹചര്യങ്ങളും വരാറുണ്ടെന്ന് രാഹുല്‍ യാദവ് തമാശരൂപേണ പറഞ്ഞു. ഐഐടിയില്‍ പഠിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്വന്തമായി നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം അവിടുണ്ട്. നമ്മുടെ ആശയങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിന് അവസരം ലഭിച്ചിരുന്നു. ഇതു തന്നെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നതും. നിങ്ങള്‍ നിര്‍മ്മിച്ച മികച്ചൊരു ഉല്‍പ്പന്നം സ്വയം വില്‍ക്കാനായില്ലെങ്കില്‍ നിങ്ങള്‍ക്കെവിടെയോ തെറ്റുപറ്റിയെന്നു മനസ്സിലാക്കുക. മാര്‍ക്കറ്റിങ്, ജനങ്ങളുമായുള്ള ആശയവിനിമയം ഇവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്കനുയോജ്യമായ ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കണം. വിജയം നേടാന്‍ ഇതാവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.

സംരംഭകനാകാന്‍ തുടങ്ങുമ്പോള്‍ ചെയ്യേണ്ടത്

ഒരു സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി സ്‌കൂളിലെ പ്യൂണ്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെയുള്ള എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയണമെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്റെ കാര്യത്തില്‍ ഇതു ശരിയാണെന്നു ബോധ്യപ്പെട്ടതായി സച്ചിന്‍ ബെന്‍സാല്‍ പറഞ്ഞു. ഓരോ ദിവസവും പുതുമ വരുത്താന്‍ ഞാന്‍ ശ്രമിക്കും. മാറ്റം മാത്രമാണ് സ്ഥിരമായിട്ടുള്ളത്. നല്ല ചുറുചുറുക്കും വൈദഗ്ധ്യവുമുള്ളവര്‍ക്കുമാത്രമേ മറ്റുള്ളവരുടെ പിന്തുണ ലഭിക്കുകയുള്ളൂവെന്നും സച്ചിന്‍ പറഞ്ഞു.

പുതിയ സ്റ്റാര്‍ട്ടപ് രംഗത്തെക്കുറിച്ചും അവിടെ നിലനില്‍ക്കുന്ന വെല്ലുവിളികളെക്കുറിച്ചും സച്ചിന്‍ വ്യക്തമാക്കി. ജോലി രാജിവച്ചിറങ്ങി 10 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ ബ്ലൂപ്രിന്റ് തയാറാക്കി. എന്നാല്‍ ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും 45 ദിവസങ്ങള്‍ വേണ്ടിവന്നു. ആ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം ഒട്ടും ഭയമില്ലാതെയാണ് പുതിയ സംരംഭകര്‍ കാണുന്നതെന്നത് വലിയൊരു കാര്യമാണ്. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നു. വന്‍കിട നിക്ഷേപകരില്‍ നിന്നും ഇവര്‍ക്ക് വലിയ തുക നിക്ഷേപമായും ലഭിക്കുന്നു. വന്‍കിട ബിസിനസുകാരോടൊപ്പമല്ലാതെ ചെറിയ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ ജനങ്ങള്‍തയാറാവുന്നുണ്ട്. ഇത്തരം സംരംഭങ്ങളില്‍ നിന്നും നല്ല ലാഭം ഉണ്ടാകുന്നുവെന്നതാണ് ഇതിനു കാരണമെന്നും സച്ചിന്‍ പറഞ്ഞു.

ക്യാംപസുകളില്‍ നിന്നും നൂറുകണക്കിന് സംരംഭകര്‍ പുറത്തിറങ്ങുന്നുമുണ്ട്. ലക്ഷക്കണക്കിന് പേര്‍ പുറത്തും നില്‍ക്കുന്നു. ഈ രംഗത്ത് കടുത്ത മല്‍സരം തന്നെയുണ്ട്. ഈ സമയത്ത് മികച്ചൊരു ആശയവുമായി വരുന്ന ഒരാള്‍ക്ക് എങ്ങനെ വിജയിക്കാനാകുമെന്നതിനെക്കുറിച്ചും സച്ചിന്‍ വിശദീകരിച്ചു.

ഇന്ത്യയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വേണ്ടത്ര ഇതുവരെ ഉണ്ടായിട്ടില്ല. സാങ്കിതകവിദ്യയുടെ ചെറിയൊരു ഉപയോഗം മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അതിനാല്‍ തന്നെ പുതിയൊരു സംരംഭകന് വേണ്ടുവോളം സമയമുണ്ട്. വിവേകത്തോടെ പ്രവര്‍ത്തിച്ച് അയാള്‍ക്ക് ഇതിനുള്ളില്‍ പ്രതിസന്ധികളെ തരണം ചെയ്ത് വിജയിക്കാനാകും.

മല്‍സരം ഒരു തെറ്റായ പ്രവണതയല്ല. അതു നമുക്ക് കൂടുതല്‍ പ്രചോദനം നല്‍കും. മല്‍സരിക്കാന്‍ ഒരാളില്ലാത്തതാണ് ഒരു കമ്പനിയുടെ ഏറ്റവും മോശം അവസ്ഥ എന്നു പറയാം. ആമസോണ്‍ വരുന്നതിനുമുന്‍പ് ഞങ്ങളുടെ വളര്‍ച്ച ഒരു വര്‍ഷത്തില്‍ 100 ശതമാനം ആയിരുന്നു. എന്നാല്‍ ആമസോണിന്റെ കടന്നുവരവോടെ ഞങ്ങളുടെ വളര്‍ച്ച വര്‍ഷത്തില്‍ 200 ശതമാനമായി. മല്‍സരിക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ പണം നേടും. അതു നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ലാഭവും നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു.

നിക്ഷേപകരും സ്ഥാപകരും തമ്മിലുള്ള ബന്ധം

രണ്ടു തരത്തിലുള്ള നിക്ഷേപകരാണ് ഇവിടുള്ളത്. വ്യക്തിഗത നിക്ഷേകപരും വന്‍നിക്ഷേപകരും. വ്യക്തിഗത നിക്ഷേപം നടത്തുന്നവരില്‍ നിന്നാണ് ഞങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത്. അതിനാല്‍ തന്നെ വ്യക്തിഗത നിക്ഷേകരെയാണ് ഞാന്‍ കൂടുതല്‍ തിരഞ്ഞെടുത്തത.് വന്‍കിട നിക്ഷേപകരെ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ചിലപ്പോള്‍ നിങ്ങള്‍ക്ക് ചില തെറ്റായ നിക്ഷേകരുമായി സഹകരിക്കേണ്ടി വരും. എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ചില നിക്ഷേപകര്‍ക്ക് നമ്മുടെ ആശയങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ല. ഇതൊരു വല്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ നമ്മുടെ പദ്ധതി എന്താണെന്നുള്ളത് നിക്ഷേകര്‍ക്ക് വ്യക്തമാക്കി കൊടുക്കണം. എന്നിട്ട് മാത്രമേ നിങ്ങളോടൊപ്പം സഹകരിക്കാന്‍ അവരെ അനുവദിക്കാവൂവെന്നും സച്ചിന്‍ പറഞ്ഞു.

വിജയവും പ്രചോദനവും

നെഗറ്റീവ് ചിന്താഗതി ഉണ്ടാക്കുന്നവയില്‍ നിന്നെല്ലാം താന്‍ മാറിനില്‍ക്കാറുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. എന്നെക്കുറിച്ചുള്ള ലേഖനങ്ങള്‍ !ഞാന്‍ വായിക്കാറില്ല. എന്നെക്കുറിച്ച് എന്താണോ അതില്‍ എഴുതിയിരിക്കുന്നത് അത് ഗൗനിക്കാതിരിക്കുന്നതാണ് ഏറ്റവും മികച്ച വഴിയെന്നും രാഹുല്‍ പറഞ്ഞു.

വിജയത്തെക്കുറിച്ചും തോല്‍വിയെക്കുറിച്ചും ശരിയായതും തെറ്റായതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു സച്ചിന്റെ അഭിപ്രായം. യുവാക്കള്‍ക്ക് വളരെയധികം പ്രോല്‍സാഹനം ഇന്നു ലഭിക്കുന്നുണ്ട്. എന്റെ മുന്നിലിരിക്കുന്ന ജനക്കൂട്ടം അതിനു തെളിവാണെന്നും സച്ചിന്‍ പറഞ്ഞു.