ചുഴലിക്കാറ്റ്: നാശനഷ്ടം കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം  

0

കൊല്ലം പെരിനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രി വീശിയ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഉടനെ കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മത്സ്യബന്ധന -ഹാര്‍ബര്‍ എന്‍ജിനീയറിംഗ്- കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍ദേശം നല്‍കി. പെരിനാട് പഞ്ചായത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമും കൃഷിഭവനിലെ പ്രത്യേക സെല്ലും ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. 

പത്ത് മിനിട്ടോളം തുടര്‍ന്ന ശക്തമായ കാറ്റില്‍ മണ്ഡലത്തില്‍ ആകമാനം വന്‍ തോതില്‍ കൃഷി നാശമുണ്ടായി. മരങ്ങള്‍ വീണ് ധാരാളം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. തകരാറിലായ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്. മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി ആശ്വാസം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മരംവെട്ടു തൊഴിലാളി അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശിച്ചു. കഴുത്തിന് മുറിവേറ്റ അനില്‍കുമാറിന്റെ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനാല്‍ ആവശ്യമായ എല്ലാവിധ ചികിത്സകളും സമയബന്ധിതമായി നല്‍കുന്നതിനുളള നിര്‍ദേശം മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നല്‍കി. അനില്‍ കുമാറിന്റെ പ്രാരംഭ ചെലവുകള്‍ക്കുളള തുക ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മന്ത്രി നല്‍കി.