ആരോഗ്യ സംരക്ഷണ രംഗത്തെ നവീന സാധ്യതകളുമായി രൂപ നാഥ്

ആരോഗ്യ സംരക്ഷണ രംഗത്തെ നവീന സാധ്യതകളുമായി രൂപ നാഥ്

Tuesday November 24, 2015,

4 min Read

യു.എസ്.എയിലെ ടെനീസീ സര്‍വകലാശാലയില്‍ നിന്നും ജീനോമിക്‌സ് ആന്‍ഡ് മോളിക്യൂലാര്‍ ബയോളജിയില്‍ പി.എച്ച്.ഡി എടുത്ത വ്യക്തിയാണ് രൂപ നാഥ്. എങ്ങനെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും അവസരങ്ങളെ എങ്ങനെ നമ്മെ തേടി എത്തിക്കണമെന്നും മനസിലാക്കി തരുന്ന വളരെ പ്രചോദനാത്മകമായൊരു കഥയാണ് രൂപയുടേത്.

image


പി.എച്ച്.ഡി എടുത്ത ശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലെ കടലോര പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച രൂപ 2006ല്‍ കാന്‍സറിന് പുതിയ ചികിത്സ കണ്ടുപിടിക്കുന്ന ആക്ടിസ് ബയോളജിക്‌സ് ഇന്‍കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയായി. പിന്നീട് ഇന്ത്യയില്‍ ആക്ടിസ് ബയോളോജിക്‌സിന് ആവശ്യമായ മരുന്നുകള്‍ വികസിപ്പിക്കാന്‍ അവര്‍ യു.എസ്.എയിലെ സര്‍വകലാശാലകളില്‍ നിന്നും കമ്പനികളില്‍ നിന്നും ലൈസന്‍സും കമ്പനി ആരംഭിക്കുന്നതിനായി ഇന്ത്യ ഗവണ്‍മെന്റിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പത്ത് കോടി രൂപയുടെ ഗ്രാന്‍ഡും നേടിയെടുത്തു. തുടര്‍ന്ന് മുംബയില്‍ ആക്ടിസിന്റെ ഗവേഷണവും വികസനവും ആരംഭിക്കാന്‍ അവര്‍ സഹായം ചെയ്തുകൊടുക്കുകയും ചെയ്തു.

ടെക്‌നോളജി, ആരോഗ്യസംരക്ഷണം, റീടെയില്‍ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന മുംബയ് ഏഞ്ചല്‍സ് എന്ന കമ്പനിയിലെ പ്രധാന നിക്ഷേപയും ഉപദേശകയുമാണ് നിലവില്‍ ഡോ. രൂപ. അടുത്തിടെ ആരോഗ്യരക്ഷ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി അവര്‍ വിദേന്ത പിടിഇ ലിമിറ്റഡ് എന്നൊരു കമ്പനി സിംഗപ്പൂരില്‍ ആരംഭിച്ചു. സിംഗപ്പൂരില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും അവര്‍ ഉപദേശം നല്‍കുന്നുണ്ട്.

ഇന്ത്യയിലെ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും ആരോഗ്യസംരംക്ഷണ മേഖലകളുമായും അവര്‍ അടുത്ത ബന്ധമുണ്ട്. കാര്‍മിക് ലൈഫ് സയന്‍സിലെ ഉപദേശകയും ബോര്‍ഡ് നിരീക്ഷകയും കൂടിയാണ് അവര്‍. ഇന്ത്യയിലെ ആരോഗ്യസംരക്ഷണ മേഖലകളെപ്പറ്റിയും ബിസിനസിലെ സ്ത്രീകളെപ്പറ്റിയും രൂപ തന്റെ അഭിപ്രായങ്ങള്‍ യുവര്‍ സ്‌റ്റോറിയുമായി പങ്കു വയ്ക്കുന്നു.

പ്ലസ്ടുവിന് ശേഷം സുഹൃത്തുക്കളെല്ലാം മെഡിസിനും എഞ്ചിനീയറിങും തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്നും രൂപയ്ക്ക് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല. എന്നാല്‍ ഡി.എന്‍.എ, ക്ലോണിങ് തുടങ്ങിയ ആശയങ്ങള്‍ അവളെ എപ്പോഴും ആകാംഷാഭരിതയാക്കിയിരുന്നു. പതിനാലാം വയസില്‍ വായിക്കാനിടയായ ജുറാസിക് പാര്‍ക്ക് എന്ന പുസ്തകമാണ് അവളില്‍ ജീവശാസ്ത്രത്തില്‍ താല്‍പര്യം ജനിപ്പിച്ചത്. തുടര്‍ന്ന് മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. അതിന് ശേഷം തന്റെ സ്വപ്‌നമായിരുന്ന പി.എച്ച്. ഡി നേടാന്‍ രൂപ യു.എസിലേക്ക് പറന്നു.

വളരെ പ്രയാസമുള്ളൊരു പ്രവര്‍ത്തിയായിരുന്നു പി.എച്ച്.ഡി എടുക്കുക എന്നത്. ആറ് വര്‍ഷം എല്ലാ ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്താണ് രൂപ തന്റെ ഗവേഷണം പൂര്‍ത്തിയാക്കിയത്. പലപ്പോഴും അവയുടെ പ്രയാസം കാരണം അത് ഉപേക്ഷിച്ച് പോകണമെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ തന്റെ ജോലിയുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാര്‍ഢ്യം അവളില്‍ നിറയും. തന്റെ ഭര്‍ത്താവ് സഞ്ജയ് നാഥിന്റെ പിന്തുണയും തന്നെ ഏറെ സ്വാധീനിച്ചതായി രൂപ വ്യക്തമക്കി.

മഹാരാഷ്ട്ര സ്വദേശിയായ രൂപ നാഗ്പൂരിലാണ് ജനിച്ചത്. എന്നാള്‍ മുംബയിലായിരുന്നു രൂപ വളര്‍ന്നത്. നാഗ്പൂരിലുള്ള മുത്തച്ഛന്റെ ലൈബ്രറിയിലായിരുന്നു അവധിക്കാലം മുഴുവന്‍ അവള്‍ ചെലവഴിച്ചിരുന്നത്. ചെറുപ്പകാലം മുതലേ തന്നില്‍ വായനാശീലം വളരാന്‍ കാരണം അതാണെന്നും അതിനാലാണ് തനിക്ക് ആഗ്രഹിച്ച വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം തോന്നിയതെന്നും രൂപ പറഞ്ഞു.

പി.എച്ച്.ഡി എടുത്ത ശേഷം അധ്യാപികയാകുക എന്നത് തനിക്ക് പറ്റിയ പണിയല്ലെന്ന് രൂപയ്ക്ക് തോന്നി. തുടര്‍ന്ന് ഒരു ജീനോമിക്‌സ് കമ്പനിയില്‍ അവള്‍ ജോലിയില്‍ പ്രവേശിച്ചു. ആ സമയത്ത് ഗര്‍ഭിണിയായതോടെ ജോലിയില്‍ നിന്നും കുറച്ച് വര്‍ഷത്തേക്ക് വിട്ടു നില്‍ക്കാന്‍ രൂപ തീരുമാനിച്ചു. ഈ സമയം തനിക്ക് ആഗ്രഹമുള്ള ചില കാര്യങ്ങള്‍ നേടിയെടുക്കാമെന്നും അവള്‍ ചിന്തിച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അ്‌പ്പോഴാണ് ആക്ടിസ് ബയോളോക്‌സ് സി.ഇ.ഒയുമായി രൂപ സംസാരിക്കാനിടയാകുന്നത്. അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാന്‍ താന്‍ സഹായം നല്‍കാമെന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

വളരെ സമ്പുഷ്ടമായ അനുഭവങ്ങളായിരുന്നു പിന്നീട് രൂപയ്ക്ക് ലഭിച്ചത്. എങ്ങനെ ഒരു കമ്പനി ആരംഭിക്കണമെന്നതിനെപ്പറ്റി താനേറെ പഠിച്ചു. ഒരാള്‍പ്പട്ടാളത്തെ പോലെ മാര്‍ക്കറ്റിംഗ് മുതല്‍ റിക്രൂട്ടിങ് വരെ എല്ലാ കാര്യങ്ങളും താന്‍ തന്നെ ചെയ്തു. ഈ സമയത്ത് തന്റെ ഭര്‍ത്താവിന് യു.എസിലായിരുന്നു ജോലി. അതിനാല്‍ അവര്‍ ഇന്ത്യയിലെ ആക്ടിസില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മടങ്ങി. ഇടയ്ക്ക് ഇന്ത്യയില്‍ വന്ന് അവര്‍ സ്ഥാപനത്തിന്റെ വിഷയങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നു.

2010ല്‍ ഭര്‍ത്താവിനൊപ്പം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. 2006ല്‍ രൂപ ആരംഭിച്ച കവ്പനി ഇന്ത്യയിലെ ഡി.സി.ജി.ഐ റെഗുലേറ്ററി പ്രശ്‌നങ്ങള്‍ കാരണം അവനിപ്പിക്കേണ്ടി വന്നു. അതോടെ രൂപ തന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം ജോലി ചെയ്തിരുന്ന മുംബയ് ഏഞ്ചല്‍സില്‍ ചേര്‍ന്നു. കമ്പനി ആരോഗ്യസംരക്ഷണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചതോടെ ആരോഗ്യസംരക്ഷണ രംഗത്തെ ഇന്ത്യയുടെ പ്രാരംഭ ദിശയെപ്പറ്റി മനസിലായ രൂപയ്ക്ക് തന്റെ ജോലി ആസ്വാദ്യമായി തോന്നി. തുടര്‍ന്ന് യോഗസ്‌മോഗ എന്ന പേരിലൊരു നിക്ഷേപം രൂപ ആരംഭിച്ചു. അത് നല്ല രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്തു.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രൂപയും സഞ്ജയും വിവാഹിതരായത്. അദ്ദേഹമാണ് ആദ്യം മുതല്‍ക്കേ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് രൂപ പറയുന്നു. ശരിയായ വ്യക്തിയെ വിവാഹം കഴിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് രൂപ വ്യക്തമാക്കി. പി.എച്ച്.ഡി ബുദ്ധിമുട്ടാണെന്ന് കരുതി അത് ഉപേക്ഷിക്കാനൊരുങ്ങിയ തന്നെ തടഞ്ഞതും മുന്നോട്ട് പോകാന്‍ ധൈര്യം തന്നതും തന്റെ ഭര്‍ത്താവാണ്. ഭാര്യമാര്‍ തങ്ങളെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതില്‍ ഭയം തോന്നി അവരെ പി.എച്ച്.ഡി എടുക്കാന്‍ അനുവദിക്കാത്ത പുരുഷന്മാര്‍ ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കള്‍ക്ക് ആ അനുഭവം ഉണ്ടായിട്ടുണ്ടെന്നും രൂപ പറഞ്ഞു. എന്നാല്‍ തന്റെ ഭര്‍ത്താവ് അങ്ങനെയല്ല. എല്ലാ വിജയിച്ച സ്ത്രീകളുടെ പിന്നിലും പിന്തുണയുമായി ഒരു പുരുഷന്‍ ഉണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം.

പുരുഷന്മാരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യാനാകുന്നത് സ്ത്രീകള്‍ക്കാണെന്നാണ് രൂപയുടെ കണ്ടെത്തല്. ജോലിയെ തുലനപ്പെടുത്തി കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ട്. സ്ത്രീകള്‍ അവരുടെ കഴിവുകളില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ്. പുരുഷാധിപത്യമുള്ള ചുറ്റുപാടില്‍ വളര്‍ന്നു വന്നതിനാല്‍ ചില സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടേക്കാം. സ്വന്തമായി അഭിപ്രായമോ കരിയറില്‍ ശക്തമായ കേന്ദ്രീകരണമോ ഉള്ള സ്ത്രീകളെ ഇന്ത്യയിലെ പുരുഷന്മാര്‍ പലപ്പോഴും പിന്തുണയ്ക്കാറില്ല. കുറച്ച് തലമുറകള്‍ കൂടി കഴിയുമ്പോള്‍ ഈ മനോഭാവത്തില്‍ മാറ്റം വരുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.

image


സ്ത്രീകള്‍ പരസ്പര വിശ്വാസം കൂട്ടണമെന്നാണ് രൂപയ്ക്ക് നല്‍കാനുള്ള ഒരു ഉപദേശം. ഒരു കുഞ്ഞായിക്കഴിഞ്ഞാല്‍ ഒരു അവധി എടുക്കണമെന്ന് സ്ത്രീ ആഗ്രഹിച്ചാല്‍ അത് അവര്‍ ചെയ്യണം. അതേ പോലെ പുരുഷനും കുഞ്ഞിനെ നോക്കാന്‍ അവധി എടുക്കാന്‍ മനസുണ്ടാകണം. സ്വയം മനസിലാക്കാനുള്ള മികച്ച വഴിയാണ് ഇത്തരം അവധികള്‍. അവധികള്‍ക്കിടയില്‍ നിന്നും വിജയം വരിച്ച നിരവധി സംരംഭകരെ താന്‍ കണ്ടിട്ടുണ്ട്. യു.എസില്‍ ഭാര്യയ്ക്ക് പ്രസവത്തിന് അവധി നല്‍കുന്നതിനോടൊപ്പം ഭര്‍ത്താവിനും അവധി നല്‍കാറുണ്ട്. ഇത് ഇന്ത്യയിലെ കമ്പനികളും നടപ്പിലാക്കണം.

ഇന്ത്യയിലെ ആരോഗ്യസംരക്ഷണ മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഈ മേഖലയില്‍ ഒരു ടൈം ബോംബിന് മുകളിലാണ് ഇന്ത്യ ഇരിക്കുന്നത്. പല ജീവിതശൈലി രോഗങ്ങളും ചെറുപ്രായത്തിലേ തന്നെ ജനങ്ങളെ പിടികൂടുകയാണ്. ഇവയെ ചെറുക്കാന്‍ ആവശ്യമായ ഉപാധികള്‍ ഇന്ത്യയിലില്ല. നമുക്ക് കുടിക്കാന്‍ ശുദ്ധമായ വെള്ളമില്ലെങ്കില്‍ പിന്നെ മള്‍ട്ടി ഡോളര്‍ ടെക് കമ്പനികള്‍ ഇവിടെ സ്ഥാപിക്കുന്നതില്‍ എന്ത് പ്രയോജനം? തന്റെ പണം ആരോഗ്യ, ഊര്‍ജ്ജ, ക്ഷേമ രംഗങ്ങളിലേക്കാണ് ചെലവഴിക്കുന്നതെന്ന് രൂപ പറഞ്ഞു. നമുക്ക് ലഭിച്ചതിലും മികച്ചതും സുരക്ഷിതവുമായ ഭാവി നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കണമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.