താമസം മാറുന്നവര്‍ക്ക് സാധനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ ട്രക്ക് സുമോ

0


താമസ സ്ഥലം മാറുന്ന ഏതൊരാള്‍ക്കും തലവേദനയുണ്ടാക്കുന്ന കാര്യമാണ് സാധനങ്ങള്‍ മാറ്റുകയെന്നത്. പ്രത്യേകിച്ചും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റുമ്പോള്‍ അവയ്ക്ക് പൊട്ടവുകളോ കേടുപാടുകളോ ഒന്നും ഉണ്ടാകാതെ വളരെ ശ്രദ്ധയോടെയാണ് മാറ്റേണ്ടത്. വീട്ടുകാര്‍ ശ്രമിച്ചാല്‍ മാത്രം മാറ്റാന്‍ പറ്റാത്ത സാധനങ്ങളും ഏറെയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ സാധനങ്ങളൊക്കെ സുരക്ഷിതമായി മാറ്റിത്തരാന്‍ പറ്റിയ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് വിചാരിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ എല്ലാം സുരക്ഷിതമായി മാറ്റാന്‍ പറ്റിയ ആളുണ്ട്. അതാണ് ട്രക്ക് സുമോ.

സാധനങ്ങള്‍ മാറ്റാന്‍ ആവശ്യമുള്ളവര്‍ക്ക്, അത് ഒരു വ്യക്തിയായാലും, ബിസിനസ് സ്ഥാപനമായാലും എല്ലാം സുരക്ഷിതമായി മാറ്റി പുതിയ സ്ഥലത്ത് എത്തിക്കുകയാണ് ട്രക്ക് സുമോ ചെയ്യുന്നത്. മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ട്രക്ക് സുമോ എന്ന ആശയത്തിന് രൂപംനല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തനം. ട്രക്ക് സുമോ രൂപീകരിച്ചത് നിതിന്‍ ബാലയ് ആണ്. അരുണ്‍ റാവുവും അഭിഷേക് ബാജ്പായിയും ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രശ്‌നത്തിനും പരിഹാരം കണ്ടുപിടിച്ചു.

സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മിനി ട്രക്കുകളെയാണ് തിരഞ്ഞെടുത്തത്. മാത്രമല്ല മൂന്ന് പേരും ഇന്‍ട്രാ സിറ്റി സര്‍വീസുകളെ തങ്ങളുടെ സംരംഭവുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. ഇതിനായി ഒരു മാര്‍ക്കറ്റ് പ്ലെയ്‌സ് ഉണ്ടാക്കുകയായിരുന്നു. തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതിനുസരിച്ച് അതത് സ്ഥലങ്ങളിലേക്ക് മിനി ട്രക്കുകളെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വാഹനം നീരിക്ഷിക്കുന്നതിനുമായി വാഹനങ്ങളില്‍ ജി പി എസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് നിരവധി അവസരങ്ങളുള്ള മേഖലയാണെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പുതിയ ബ്രാന്‍ഡ് തന്നെ രൂപപ്പെടുത്തുകയായിരുന്നു തങ്ങള്‍ മുപ്പതുകാരനായ നിതിന്‍ പറയുന്നു.

എന്‍ജിനീയറിംഗ് ബിരുദധാരിയായ അരുണ്‍ ഒരു മാര്‍ക്കറ്ററാണ്. ഗൂഗിളിന്റെ സെയില്‍സ് ടീമിലെ അംഗമാണ് അരുണ്‍. യു എസ്, ക്യാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഗൂഗിളിന്റെ സെയില്‍സ് ടീമുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകത്വത്തില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരാന്‍ അരുണിന് സാധിച്ചിട്ടുണ്ട്.

യു എസിലെ സാന്‍ ജോസ് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദമുള്ളയാളാണ് അഭിഷേക്. ഫാമിലി ബിസിനസ് മേഖലയില്‍ പരിചയമുള്ളയാളാണ് അഭിഷേക്. 16 വെയര്‍ ഹൗസുകള്‍ അഭിഷേകിനുണ്ട്. അതിനാല്‍ തന്നെ ട്രാന്‍സ്‌പോര്‍ട്ടേനിലും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലുമെല്ലാം പരിചയ സമ്പന്നനാണ് അഭിഷേക്.

യു എസിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുള്ളയാളാണ് നിതിന്‍. ബൈ ദ െ്രെപസ് ഡോട്ട് കോമിന്റെ സി ടി ഒ, ഇന്ത്യ ഡോട്ട് കോമിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നീ നിലകളിലും യു എസിലെ മീഡിയ വേള്‍ഡ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയിലും സംരംഭക രംഗത്ത് പരിചയമുള്ളയാളാണ് നിതിന്‍.

ട്രക്ക് സുമോയുടെ പ്രവര്‍ത്തനം ഇങ്ങനെ:

സേവനം ആവശ്യമുള്ളവര്‍ക്ക് 45 സെക്കന്റ് കൊണ്ട് ട്രക്ക് സുമോയെ ബുക്ക് ചെയ്യാം. ബുക്കിംഗ് കഴിഞ്ഞാല്‍ 45 മിനിട്ടിനകം ട്രാന്‍സ്‌പോര്‍ട്ടേഷനുളള സര്‍വ്വ സന്നാഹവുമായി ട്രക്ക് സുമോ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തും. മറ്റ് സേവനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ 40 ശതമാനം നിരക്ക് കുറവിലാണ് ട്രക്ക് സുമോ സേവനം നല്‍കുന്നത്.

അടുത്ത മാസം തന്നെ മൊബൈല്‍ ഫോണില്‍ പ്ലേ സ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ട്രക്ക് സുമോയുടെ ആപ്ലിക്കേഷന്‍ തയ്യാറാകും. ഇത് സംരംഭത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ സഹായകമാകുമെന്നും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഒരു വ്യക്തിക്കായാലും ഒരു ബിസിനസിനായാലും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ തങ്ങളുടെ സേവനം ലഭിക്കും. ഒരു ബട്ടന്‍ അമര്‍ത്തുക മാത്രം മതി തങ്ങളുടെ സേവനം ലഭിക്കാന്‍.

വാഹനങ്ങളില്‍ പ്രത്യേക ജി പി എസ് ഡിവൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് മാസത്തില്‍ ഹൈദരാബാദ് ആസ്ഥാനമാക്കിയാണ് ട്രക്ക് സുമോ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ട് മാസത്തിന് ശേഷം ബംഗലൂരുവിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ വര്‍ഷം ആറ് നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തന്നെ തങ്ങളുടെ സേവനം എല്ലാ സ്മാള്‍ ആന്‍ഡ് മീഡിയം സൈസ്ഡ് എന്റര്‍െ്രെപസുകള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ മാറണമെന്നതാണ് തങ്ങളുടെ സ്വപ്‌നമെന്ന് മൂവരും പറയുന്നു.

യുവര്‍ സ്‌റ്റോറിയുടെ ടെക്‌സ്പാര്‍ക്‌സ് 2015ലെ ഫൈനലിസ്റ്റുകളായവരില്‍ ടോപ്പ് 30 ട്രക്ക് സുമോ ആയിരുന്നു. കൂടാതെ ഐ ബി എം സ്മാര്‍ട് ക്യാമ്പ് 2016ല്‍ ഫൈനലിസ്റ്റില്‍ ടോപ്പ് 15ഉം ആദിത്യ ബിര്‍ല ബിസ് ലാബ്‌സിന്റെ ഫൈനലിസ്റ്റുമായിരുന്നു.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം അംഗങ്ങള്‍. നിലവില്‍ തങ്ങള്‍ക്ക് പ്രതിമാസം 17000 ഓര്‍ഡറുകളാണ് ലഭിക്കുന്നത്.