വിവാഹ സദ്യ മുതല്‍ മണ്ഡപം വരെ ഒരു കുടക്കീഴില്‍ നിരത്തി വെഡ്ഡിംഗ്‌സ് ഡോട്ട് കോം.

0

വിവാഹ ആവശ്യങ്ങള്‍ക്ക് പല സ്ഥലങ്ങളിലായി അലഞ്ഞുതിരിഞ്ഞ് ബുദ്ധിമുട്ടാതെ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഒരു സംരംഭമായിരുന്നു സന്ദീപ് ലോധയുടെ മനസില്‍. പല വിവാഹങ്ങളില്‍ പങ്കെടുത്തപ്പോഴാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവാഹങ്ങളില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്ന് സന്ദീപ് ലോധക്ക് മനസിലായത്. തന്റെ വിവാഹം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതും ഇതേ രീതിയില്‍ തന്നെ ആയിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതും സദ്യ ഒരുക്കുന്നതും മണ്ഡപം ഒരുക്കുന്നതും എല്ലാം ഒരു പോലെ തന്നെ. ഒരു സംരംഭം എന്ന ആശയം ഉള്ളിലുണ്ടായിരുന്ന സന്ദീപിന് ഇതില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നി.

1997ല്‍ ഐ ഐ ടിയില്‍ നിന്നും ബിരുദവും 2006ല്‍ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും എം ബി എയും കരസ്ഥമാക്കിയ സന്ദീപ് ബെയ്ന്‍ ആന്‍ഡ് കമ്പനിയില്‍ പ്രവേശിച്ചു. ഇവിടെ നിന്നും മികച്ച അനുഭവമാണ് സന്ദീപിന് ലഭിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംരംഭകനാകണമെന്ന മോഹവുമായാണ് സന്ദീപ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിപണിയുടെ പള്‍സ് തിരിച്ചറിയാന്‍ സന്ദീപിന് സാധിച്ചെങ്കിലും ഇവിടുത്ത ഉപഭോക്താക്കളെക്കുറിച്ച് മനസിലാക്കാന്‍ സമയമെടുത്തു. 2013ല്‍ ഡിസ്‌നി ഇന്ത്യയില്‍ ജോലിക്ക് പ്രവേശിച്ച സന്ദീപ് കണ്‍സ്യൂമര്‍ പ്രോഡക്ട് വിഭാഗത്തിലാണ് ജോലി നോക്കിയത്.

2014ലാണ് തന്റെ കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്ന്ദീപ് പോയത്. ഇതോടെ സംരംഭത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ച സന്ദീപ് വെഡ്ഡിംഗ്‌സ് ഡോട്ട് ഇന്‍ ആരംഭിച്ചു. മെയ് 2015ല്‍ ആരംഭിച്ച സംരംഭത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട എല്ലവിധ സാധനങ്ങളും വാങ്ങാനും സജ്ജീകരിക്കാനും നിര്‍ദേശങ്ങള്‍ ചോദിച്ചറിയാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒക്ടോബറിനും നവംബറിനുമിടയിലായി വെഡ്ഡിംഗ്‌സ് ഡോട്ട് കോം 11 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. ഡല്‍ഹി, പൂനെ, ഗോവ, ബാംഗ്ലൂര്‍, ജയ്പൂര്‍, ജോദ്പൂര്‍, ജയ്‌സാല്‍മീര്‍, തുടങ്ങിയ 11 നഗരങ്ങളിലാണ് വ്യാപിപ്പിച്ചത്. രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 80 പേരടങ്ങുന്ന ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20 പേര്‍ ഉപഭോക്താക്കളുടെ സഹായത്തിനായുള്ള വിഭാഗത്തിലാണ്.

ഓരോ മാസവും അമ്പത് ശതമാനത്തോളം വളര്‍ച്ച സംരംഭത്തിനുണ്ടെന്ന് സന്ദീപ് പറയുന്നു. 50,000ത്തോളം ഉപഭോക്താക്കളാണ് പ്രതിമാസം വന്നു പോകുന്നത്. നവംബറില്‍ 800 ഉപഭോക്താക്കളാണ് വെഡ്ഡിംഗ്‌സ് ഡോട്ട് കോം പ്രയോജനപ്പെടുത്തിയത്. ഒക്ടോബറില്‍ ഇത് 450 ആയിരുന്നു. ഒക്ടോബറില്‍ 70 മണ്ഡപം ബുക്കിംഗ് ഉണ്ടായരുന്നത് നവംബറില്‍ 100 ആയി മാറി. ബുക്കിംഗിന്റെ ശരാശരി തുക മൂന്ന് ലക്ഷം രൂപയാണ്. എല്ലാ കാര്യങ്ങളിലും പുതുമ നിലനിര്‍ത്താനും ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കാനും അവര്‍ ശ്രമിച്ചിരുന്നു.

മുംബൈയില്‍ ആരംഭിച്ച രണ്ട് മാസത്തിനുള്ളില്‍ തന്നെ ബിസിനസ്സില്‍ വിജയം കണ്ട് തുടങ്ങിയതായി സന്ദീപ് പറയുന്നു. ഇപ്പോള്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പണത്തിലാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. പലരുടേയും തുടര്‍ച്ചയായുള്ള ആവശ്യപ്രകാരം ഒരു ഓട്ടോമാറ്റിക് വെന്യൂ ബുക്കിംഗ് ആരംഭിക്കാനാണ് പുതിയ ശ്രമം. മൊബാല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. മാത്രമല്ല ഹണിമൂണിന് പദ്ധതിയിടുന്നതിനോ അഥവാ ഗിഫ്റ്റ് രജിസ്ട്രി ആരംഭിക്കുന്നതിനോ ഉള്ള പദ്ധതിയും ഉണ്ട്.

നിലവില്‍ ഓഫ് ലൈനായി തന്നെ നിരവധി ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നുണ്ടെങ്കിലും യുവാക്കളുടെ ട്രെന്‍ഡ് ഓണ്‍ലൈന്‍ തന്നെയാണ്. ഷോപ്പിംഗ് മുതല്‍ ഒരു പ്ലംബറെ ആവശ്യമുണ്ടെങ്കില്‍ വരെ ഓണ്‍ലൈന്‍ സംരംഭങ്ങളെ ആശ്രയിക്കുന്ന കാലഘട്ടമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ കൂടുതലും ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനങ്ങളാണെന്നത് ഇത്തരം സംരംഭങ്ങള്‍ക്ക് തുണയായി. 7വചന്‍, വെഡ്ഡിംഗ്9, മൈശാദിസ അര്‍ബന്റെസ്‌ട്രോ, ഗെറ്റ്‌യുവര്‍വെന്യു തുടങ്ങിയവയാണ് നിലവില്‍ ഈ രംഗത്തുള്ള ഓണ്‍ലൈന്‍ സംരംഭങ്ങള്‍. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നു പറയുമെങ്കിലും അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത് ഓണ്‍ലൈനിലാണെന്ന് തെളിയിക്കുകയാണ് ഈ സംരംഭങ്ങള്‍.