സഹകരണമേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സഹകരണമേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Sunday November 27, 2016,

1 min Read

500, 1000 രൂപ നോട്ടുകളുടെ നിരോധനംമൂലം സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭയാണ് പ്രധാനമന്ത്രിയെ കണ്ട് പരിഹാരമാര്‍ഗം തേടുന്നതിനായി സര്‍വകക്ഷിസംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍, അങ്ങയെ വ്യക്തിപരമായി സന്ദര്‍ശിക്കാനുള്ള അനുവാദം ഈ സര്‍വകക്ഷിസംഘത്തിന് നിഷേധിച്ചത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

image


 പ്രശ്‌നത്തെപറ്റിയുള്ള ഞങ്ങളുടെ ആശങ്കകളും സംസ്ഥാനത്തെ 19 ദശലക്ഷത്തോളം വരുന്ന സഹകാരികളുടെയും ജനപ്രതിനിധികളുടെയും നിരാശയും അറിയിക്കുന്നതിനായാണ് ഈ കത്തെഴുതുന്നത്. കാര്‍ഷിക-ഗ്രാമീണ വായ്പാ സംവിധാനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനും അങ്ങനെ സംസ്ഥാനത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കാനും പുതിയ തീരുമാനം ഇടയാക്കിയേക്കും. ജില്ലാ സഹകരണ ബാങ്കുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയന്ത്രണംമൂലം പ്രാഥമികസഹകരണ സംഘങ്ങളില്‍നിന്നുമുള്ള പണമിടപാടുകള്‍ പൊടുന്നനേ ഒരു നിശ്ചലാവസ്ഥയിലെത്തി. ഗ്രാമപ്പഞ്ചായത്തുകളും ഗ്രാമീണകുടുംബങ്ങളും സ്തംഭനാവസ്ഥയിലായത് വനിതാ അയല്‍ക്കൂട്ടങ്ങളെ ബാധിച്ചിട്ടുണ്ട്. അവയ്ക്ക് സാമ്പത്തികപിന്‍ബലം നല്‍കുന്ന പ്രാഥമികസഹകരണസംഘങ്ങള്‍ പ്രതിസന്ധിയിലായതാണിതിന് കാരണം.

സഹകരണമേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതിലുമുപരി, സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിന്റെ കരുത്തും സുസ്ഥിരതയും ഇനിയും വര്‍ധിപ്പിക്കാന്‍കൂടി അങ്ങയുടെ സഹായം പ്രതീക്ഷിക്കുന്നു. കൃത്യമായും സമയബന്ധിതമായും സാമ്പത്തികകാര്യവിവരങ്ങള്‍ ആര്‍ബിഐയെ അറിയിച്ചുകൊണ്ട് തികച്ചും സുതാര്യമായ ഒരു പരിതസ്ഥിതിയിലാണ് ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ത്തന്നെ സുശക്തമായ രീതിയിലുള്ള അംഗത്വപ്രവേശന-കാര്യനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് പഴുതുകളടച്ച് ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇന്റേണല്‍ ഓഡിറ്റ് സംവിധാനങ്ങളും സഹകരണ രജിസ്ട്രാറിന്റെ ഓഡിറ്റും കേരള സഹകരണ നിയമപ്രകാരമുള്ള ജനറല്‍ ബോഡികള്‍ മുഖേനയുള്ള സാമൂഹിക ഓഡിറ്റും ശക്തിപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളി•േല്‍ അനന്തരനടപടികള്‍ സ്വീകരിക്കും. ആദായ നികുതി അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. സഹകരണസംവിധാനത്തിലുള്ള, പ്രാഥമിക-ജില്ലാ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ, എല്ലാ അംഗങ്ങള്‍ക്കും വാണിജ്യബാങ്ക് സംവിധാനത്തിലെ മറ്റേത് അംഗത്തിനുമുള്ളത് പോലെ കറന്‍സി പിന്‍വലിക്കുവാനുള്ള അവകാശം നല്‍കാനുള്ള അടിയന്തരതീരുമാനം ഈ സാഹചര്യത്തില്‍ എടുക്കേണ്ടതായുണ്ട്. മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വിശദമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ബോധിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. 

    Share on
    close