അന്താരാഷ്ട്ര യോഗ ദിനം; ഒരു പുതു ലോകത്തിന്റെ തുടക്കം

0

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ആദ്യ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച നമുക്കു മുന്നില്‍ രണ്ടാം വര്‍ഷത്തെ ആഘോഷത്തിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആദ്യ അന്താരാഷ്ട്ര യോഗാ ദിന ആചരണത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം എന്തു കൊണ്ടു അവസരോചിതമാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2014, സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69-ാം സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മുന്നോട്ടു വച്ച ഒരാശയമാണ് അന്താരാഷ്ട്ര യോഗ ദിനമായി പരിണമിച്ചത്. ലോകത്തിന് മുഴുവന്‍ ഗുണകരമാകുന്ന തരത്തില്‍ യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന ആവശ്യമാണ് നരേന്ദ്രമോദി അന്ന് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഈ നിര്‍ദ്ദേശം 2014, ഡിസംബര്‍ 11ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് അംഗീകരിക്കപ്പെട്ടത്. 

193 അംഗരാഷ്ട്രങ്ങളുള്ള ഐക്യരാഷ്ടസഭയില്‍ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കര്‍മ്മ പദ്ധതിയാണ് യോഗ എന്ന് അംഗീകരിക്കപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ അംഗീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയമായ ആയുഷിന്റെ കീഴില്‍ വിപുലമായാണ് ഒന്നാം അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചത്. 2015, ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്പതില്‍ നടന്ന യോഗാചരണം രണ്ട് പുതിയ ലോക റിക്കോര്‍ഡുകളിലൂടെ ഗിന്നസ് ബുക്കിലും സ്ഥാനം നേടി. ഒരൊറ്റ വേദിയില്‍ 35,985 പേരെ പങ്കെടുപ്പിച്ചു കൊണ്ടു നടന്ന പരിപാടിയിലൂടെ ഏറ്റവും കൂടുതല്‍ പേരെ ഒരിടത്ത് സംഘടിപ്പിച്ചു നടത്തിയ യോഗ ആചരണം എന്ന റിക്കോര്‍ഡും, ഒരു യോഗാചരണത്തില്‍ ഏറ്റവുമധികം രാഷ്ട്രങ്ങള്‍ സഹകരിച്ച റെക്കോര്‍ഡും ആദ്യ അന്താരാഷ്ട്ര യോഗ ദിനം കരസ്ഥമാക്കി. ഇന്ത്യയെക്കൂടെ ലോകത്തെ 84 രാജ്യങ്ങളാണ് അന്താരാഷ്ട്ര യോഗാദിനത്തില്‍ പങ്കെടുത്തത്. ലക്ഷക്കണക്കിന് ജനങ്ങള്‍ സജീവമായി പങ്കെടുത്ത ആദ്യ ആന്താരാഷ്ട്ര യോഗ ദിനത്തിലൂടെ യോഗയുടെ സന്ദേശം ലോകമെമ്പാടുമെത്തി.

ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. മനസിനെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷ നേടാനും യോഗ ഉത്തമമാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ പടിവാതിലില്‍ വന്നു നില്‍ക്കേ യോഗയിലൂടെ രോഗമുക്തവും സമാധനപരവുമായ ഒരു നല്ല ഭാവിയെ സ്വപ്‌നം കാണുകയാണ് ഭാരതം.