നിരീക്ഷണ ക്യാമറകളുടെ സുരക്ഷിതത്വത്തില്‍ 'കോട്ടണ്‍ഹില്‍'

0

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ വിദ്യാലയം ആദ്യമായി നിരീക്ഷണ ക്യാമറകളുടെ സുരക്ഷയില്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് ക്യാമറാ സുരക്ഷയൊരുക്കുന്നത്.

സ്‌കൂളില്‍ വിവിധയിടങ്ങളിലായി 28 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. ഇവ നിരീക്ഷിക്കാന്‍ സി സി ടി വി സംവിധാനവും ഏര്‍പ്പെടുത്തി. സ്‌കൂളിലെ അധ്യാപക രക്ഷകര്‍തൃ സമിതികള്‍ ഉള്‍പ്പെട്ടാണ് ക്യാമറ ഉള്‍പ്പെടെ സി സി ടി വി സംവിധാനം സ്ഥാപിച്ചത്.

സ്‌കൂള്‍ പരിസരം, ക്ലാസ് മുറികളുടെ വരാന്തകള്‍, സ്റ്റാഫ് റൂമുകള്‍ എന്നിങ്ങനെ ആവശ്യമായ ഇടങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെയും ഹെഡ്മിസ്ട്രസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാകും ക്യാമറകള്‍. മന്ത്രി രമേശ് ചെന്നിത്തല പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ ദിവസവും സ്‌കൂളില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ആഭ്യന്തരമന്ത്രി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സംവിധാനം ഏറെ പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു. സ്‌കൂളില്‍ വനിതാ പോലീസുകാരെ നിയമിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷകര്‍ത്താക്കളും പ്രതികരിച്ചു. അയ്യായിരത്തോളം പെണ്‍കുട്ടികളാണ് കോട്ടന്‍ഹില്‍ സ്‌കൂളില്‍ പഠിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു ക്ലാസുകള്‍ വരെയാണ് സ്‌കൂളിലുള്ളത്.