സാഹസിക പ്രകടനങ്ങളുമായി കെ ടി എമ്മിന്റെ ഓറഞ്ച് ഡേ

0


യൂറോപ്യന്‍ റേസിങ്ങ് ഇതിഹാസമായ, കെ ടി എം സംഘടിപ്പിച്ച ഓറഞ്ച് ഡേ ദിനാഘോഷങ്ങള്‍ മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കും മോട്ടോര്‍ സൈക്കിള്‍ കമ്പക്കാര്‍ക്കും ത്രസിപ്പിക്കുന്ന അനുഭവമായി. വിസ്മയിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളാണ് ഓറഞ്ച് ഡേയില്‍ അരങ്ങേറിയത്.

കെടിഎം ബൈക്കിന്റെ കരുത്തും സൗന്ദര്യവും സാഹസികതയും ജനങ്ങളിലെത്തിക്കുകയാണ് ഓറഞ്ച് ഡേയുടെ ഉദ്ദേശ്യം. ഡ്യൂക്കിന്റേയും ആര്‍സിയുടേയും കരുത്തുറ്റ പ്രകടനത്തെപ്പറ്റി റേസ് ട്രാക്കില്‍ ആശയവിനിമയം നടത്താനും കെടിഎം ഉടമകള്‍ക്ക് കഴിഞ്ഞു.

250-ഓളം വിവിധ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും തുടര്‍ച്ചയായി 14 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പുകളും നേടിയ കെടിഎം ബ്രാന്‍ഡിന്റെ അവിഭാജ്യ ഘടകമാണ് റേസിങ്ങ്. ബൈക്കിന്റെ രൂപകല്‍പനയില്‍ തന്നെ അവരുടെ റേസിങ്ങ് തത്വശാസ്ത്രത്തിന്റെ പൊരുള്‍ പ്രകടവുമാണ്. ഭാരരഹിതവും അതേസമയം കരുത്തുറ്റ അലോയ് കോമ്പോണന്റ്‌സുമാണ് കെടിഎം ബൈക്കിന്റെ മുഖമുദ്ര.

കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ഓറഞ്ച് ദിനാഘോഷങ്ങള്‍ അരങ്ങേറിയത്. സ്വന്തം കെടിഎമ്മിന്റെ സാധ്യതകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റി വിദഗ്ദ്ധര്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് ട്രാക്കില്‍ ഡെമോണ്‍സ്‌ട്രേഷന്‍. റൈഡേഴ്‌സിന് ഇത് ഒരു പുതിയ അനുഭവമായി.

200 ഡ്യൂക്ക് ഉടമകള്‍ക്കും 200 ആര്‍സി ഉടമകള്‍ക്കും പ്രത്യേകം പ്രത്യേകം റേയ്‌സുകളാണ് സംഘടിപ്പിച്ചിരുന്നത്. വിജയികള്‍ക്ക് കെടിഎം ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ സമ്മാനമായി ലഭിച്ചു. സര്‍വീസ് ക്യാമ്പുകളും കെടിഎം പവര്‍ വെയര്‍, പവര്‍ പാര്‍ട്‌സ് സ്റ്റാളുകളും ഒരുക്കിയിരുന്നു.

കെടിഎം ബ്രാന്‍ഡ്, റേയ്‌സിങ്ങിന്റേയും സാഹസികതയുടേയും പര്യായമാണെന്ന് കെടിഎം ഇന്ത്യാ ഹെഡ് അമിത് നന്ദി പറഞ്ഞു. ഒരു റേയ്‌സ് ട്രാക്കില്‍ കെടിഎം ബൈക്ക് ലഭ്യമാക്കുന്ന ത്രസിപ്പിക്കുന്ന സാഹസികത ഉടമകള്‍ക്ക് അവിസ്മരണീയം ആയിരിക്കും. എല്ലാ പ്രധാന നഗരങ്ങളിലും ഓറഞ്ച് ഡേ സംഘടിപ്പിക്കുന്നുണ്ട്. എക്‌സ്‌ക്ലൂസീവ് പ്രീമിയം ബ്രാന്‍ഡ് എന്ന പദവി കെടിഎം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, നോയിഡ, അഹമ്മദാബാദ്, വഡോദര, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കെടിഎം ഓറഞ്ച് ഡേ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഓറഞ്ച് ഡേ സംഘടിപ്പിക്കും.