ട്രാഫിക് ബ്ലോക്കിന് പരിഹാരവുമായി ബൈക്ക് ടാക്‌സികള്‍

0


ഇന്ത്യന്‍ നഗരങ്ങള്‍ നേരിടുന്ന ട്രാഫിക് ബ്ലോക്കിന് മികച്ച പരിഹാരവുമായണ് ഒലയും യൂബറും എത്തിയിരിക്കുന്നത്. യൂബര്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആയ യൂബര്‍ മോട്ടോ ആരംഭിച്ചത് ആദ്യം ബാംഗ്ലൂരിലാണ്. ഒരാഴ്ചക്കുള്ളില്‍ ബാങ്കോക്കിലും സര്‍വീസ് ആരംഭിക്കാന്‍ യൂബറിന് കഴിഞ്ഞു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല കഴിഞ്ഞ ദിവസം അവരുടെ ബൈക്ക് ടാക്‌സിയുടെ പൈലറ്റ് റണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

നിലവില്‍ യൂബര്‍ മോട്ടോക്ക് യൂബര്‍ ഗോ, യൂബര്‍ എക്‌സ് എല്‍, യൂബര്‍ ബ്ലാക്ക് എന്നിങ്ങനെയുള്ള സര്‍വീസുകള്‍ യൂബര്‍ ആപ്പില്‍ ലഭ്യമാണ്. ഒരു യാത്രക്കാരന് കാബ് സര്‍വീസ് പോലെ തന്നെ ബൈക്ക് ടാക്‌സി ഉപയോഗിക്കാന്‍ കഴിയും. യാത്രക്കാര്‍ക്ക് താങ്ങുന്ന നിരക്കും അവരുടെ സമയത്തിനനുസരിച്ചുള്ള സര്‍വീസുമാണ് നല്‍കുന്നതെന്നാണ് യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജയിന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാഫിക് ബ്ലോക്ക് തടയാനും ഇത് സഹായകമാണ്.

മിനിട്ടിന് ഒരു രൂപ നിരക്കില്‍ മൂന്ന് കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് 15 രൂപ മാത്രമാണ് ഇവര്‍ ഈടാക്കുന്നത്. ആദ്യമായി ടാക്‌സി ഉപയോഗിക്കുന്നവര്‍ക്കായി സൗജന്യ സര്‍വീസും നല്‍കുന്നുണ്ട്. കാബ് സര്‍വീസ് പോലെ തന്നെ ഡ്രൈവറുടെ വിശദാംശങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജി പി എസ് ട്രാക്കിംഗ്, ടു വേ ഫീഡ് ബാക്ക്, ഡ്രൈവറുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പങ്കുവെക്കുക തുടങ്ങിയ എല്ലാ സവിശേഷതകളും ഇതില്‍ ലഭ്യമാണ്.

ഒലയും നിരവധി പ്രത്യേകതകളോടെയാണ് ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചത്. കിലോ മീറ്ററിന് 2 രൂപ നിരക്കില്‍ മിനിമം ചാര്‍ജ്ജ് 30 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഡ്രൈവറുടെ വിശദാംശങ്ങള്‍ ഇവരും നല്‍കിയിരുന്നു. ഒലയുടെ ആപ്പ് വഴി എസ് ഒ എസ്, ലൈസ് ട്രാക്കിംഗ് എന്നിവയും ലഭ്യമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഒലയുടെ ബൈക്ക് ടാക്‌സി സര്‍വീസിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്ന് ഒലയുടെ സി ഒ ഒ ആയ പ്രണയ് ജിവ്‌രജ്ക പറഞ്ഞു. നഗരത്തിലെ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി കവര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഒല.

ഇന്ത്യയിലെ പല നഗരങ്ങളുടെ പ്രധാന ശാപമാണ് ട്രാഫിക് ജാം. ബാംഗ്ലൂരില്‍ കിലോ മീറ്ററിനേക്കാള്‍ സമയത്തിനാണ് പ്രധാന്യം. ഗ്രാമങ്ങളിലുള്ളവര്‍ നഗരപ്രദേശങ്ങളില്‍ എത്താന്‍ മണിക്കൂറുകളാണ് എടുക്കാറുള്ളത്. 2014-15ല്‍ വാഹനപ്പെരുപ്പം 88.27 ലക്ഷത്തിലാണ് രാജ്യ തലസ്ഥാനം എത്തിനില്‍ക്കുന്നത്. ഡല്‍ഹി എക്കണോമിക് സര്‍വേയിലാണ് ഈ കണക്ക് പുറത്തു വന്നിരിക്കുന്നത്.

2015ല്‍ മാത്രം 59 ലക്ഷം വാഹനങ്ങളാണ് ബാംഗ്ലൂര്‍ റോഡിലൂടെ ഓടുന്നത്. ഡല്‍ല്‍ഹിയിലെ ജനങ്ങള്‍ക്ക് മെട്രോ സര്‍വീസ് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ബാഗ്ലൂരില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് യാത്രക്കാരെ വലക്കുന്നുണ്ട്. പൂര്‍ത്തീകരിച്ചാലും നഗരത്തിന്റെ എല്ലാ ഭാഗങ്ങളേയും കവര്‍ ചെയ്യാന്‍ ഇതിന് സാധിക്കില്ല. ബൈക്ക് ടാക്‌സി സര്‍വീസുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തേണ്ടിവരും.

ഗുര്‍ഗാവോണില്‍ എം ടാക്‌സിയും ബാക്‌സിയും സര്‍വീസ് നടത്തുണ്ട്. 2015ലണ് ഇത് സര്‍വീസ് ആരംഭിച്ചത്. മാത്രമല്ല ഇവിടെ ബിക്‌സി, യായ, റാപ്പിഡോ, ടു വീല്‍സ്, റിഡെജി, ബൈക്ക് മേറ്റ്‌സ് തുടങ്ങി നിരവധി സര്‍വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്. ഒലക്കും യൂബറിനും മുമ്പായി വണ്‍ ഓണ്‍ വണ്‍ എന്ന സര്‍വീസ് ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ ചുവപ്പു നാടയില്‍ കുരുങ്ങി അത് വൈകുകയായിരുന്നു. ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി വണ്‍ ഓണ്‍ വണ്‍ സ്ഥാപകരിലൊരാളായ ഹെമന്ത് കുമാര്‍ പറഞ്ഞു.

ലൈസന്‍സ് ഒഴിച്ച് മറ്റെല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഫണ്ടിംഗും അംഗീകൃത സ്‌കൂളില്‍ നിന്നും പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 50 വാഹനങ്ങളും തയ്യാറായിട്ടുണ്ട്, എന്നാല്‍ ലൈസന്‍സ് ലഭിക്കാതെ ഒരു സംരംഭം ആരംഭിക്കാന്‍ തയ്യാറല്ല, കാരണം അതിന്റെ പേരില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു ട്രയല്‍ റണ്‍ നടത്തി വരുന്നുണ്ട്. ഈ മാസം അവസാനത്തോടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

ഒലയും യൂബറും പോലുള്ള വലിയ സംരംഭം തന്നെയാണ് തങ്ങളുടേതെന്ന് ഐ ആര്‍ വൈ ഡി സ്ഥാപകരിലൊരാള രോഹന്‍ അരിനയ പറഞ്ഞു. ഗുര്‍ഗാവോണിലെ ഒരു ബൈക്ക് ടാക്‌സി ഉപഭോക്താവും യുവര്‍സ്‌റ്റോറി കറസ്‌പോണ്ടന്റുമായ ജയ് വര്‍ദ്ധന്‍ പറയുന്നത് ഇതിലൂടെ ഉപഭോക്താക്കളുടെ സമയം വലിയ രീതിയില്‍ ലഭിക്കാന്‍ കഴിയുമെന്നാണ്. ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. ഓട്ടോ റിക്ഷകള്‍ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള വഴികളിലൂടെ സഞ്ചരിക്കുന്നതിലൂടെ യാത്രക്കാരുടെ 25-40 ശതമാനം വരെ സമയം ലാഭിക്കാന്‍ സാധിക്കും.

മെട്രോ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കുക അസാധ്യമാണ്. ഇവര്‍ക്ക് വളരെ എളുപ്പത്തിലും സമയം ലാഭിച്ചും കുറഞ്ഞ ചെലവിലും ഉപയോഗിക്കാവുന്നതാണ് ബൈക്ക് ടാക്‌സി.

വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ പലപ്പോഴും ഇത്തരം സര്‍വീസുകള്‍ നഗരത്തിനുള്ളില്‍ മാത്രമാണ് നടത്താന്‍ കഴിയുന്നത്. മുംബൈ ആസ്ഥാനമാക്കി ഹെ ടാക്‌സി നഗരത്തിന്റെ ചില ഇടങ്ങളില്‍ ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയിരുന്നു. മഹാരാഷ്ട്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിന് എതിരാണെന്ന് പറഞ്ഞ് ആ സര്‍വീസ് പിന്നീട് നിര്‍ത്തിവെപ്പിക്കുകയാണുണ്ടായത്. ഒലയും യൂബറും പുതുതായി ഈ രംഗത്ത് എത്തിയവരാണ്. മികച്ച സര്‍വീസ് നല്‍കി യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുകയാണ് ഇരുവരുടേയും ലക്ഷ്യം