യുവപ്രതിഭകള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു  

0

കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് മുഖ്യമന്ത്രിയെ കാണാനായി തലസ്ഥാനത്തേക്കു യാത്ര തിരിക്കുമ്പോള്‍ ബദിയടുക്കയിലെ കാവ്യ എന്ന വിദ്യാര്‍ഥിനി ഒരു ചോദ്യം മനസ്സില്‍ കരുതിയിരുന്നു. പൂര്‍ണമായും കാഴ്ചശേഷിയില്ലാത്ത കാവ്യക്ക് വ്യക്തിപരമായ സങ്കടങ്ങളൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയനോടു പറയാനുണ്ടായിരുന്നത്. ഉന്നത ചികിത്സാസൗകര്യങ്ങള്‍ കുറവായ ജില്ലയായ കാസര്‍കോട് മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് സാധിതമാക്കണം എന്നായിരുന്നു കാവ്യയുടെ അപേക്ഷ. ജില്ലയ്ക്കാകെ പ്രയോജനമുണ്ടാകുന്ന രീതിയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കാമെന്ന് വാത്സല്യത്തോടെ മുഖ്യമന്ത്രിയുടെ മറുപടി വന്നപ്പോള്‍ കാസര്‍കോട് ഗവ.കോളേജില്‍ ഇംഗ്‌ളീഷ് സാഹിത്യം ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന കാവ്യയുടെ മുഖത്ത് പ്രകാശം നിറഞ്ഞു.

മികച്ച യൂത്ത് പാര്‍ലമെന്റോറിയനുളള പുരസ്‌കാരത്തിനൊപ്പം മുഖ്യമന്ത്രിയുടെ അനുഗ്രഹവും ഏറ്റുവാങ്ങി സംതൃപ്തിയോടെയാണ് മടങ്ങിയത്. മികച്ച യുവ പാര്‍ലമെന്റേറിയന്‍മാരുടെ ദ്വിദിന ക്യാമ്പിന്റെ ഭാഗമായാണ് കാവ്യക്കും കൂട്ടുകാര്‍ക്കും മുഖ്യമന്ത്രിയെ ചേംബറില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡൊണേഷന്‍ എന്ന പേരിലുള്ള കോഴ സമ്പ്രദായം അവസാനിപ്പിക്കാനുള്ള നടപടികളെക്കുറിച്ചാണ് തിരുവനന്തപുരത്തുനിന്നുള്ള നിയമ വിദ്യാര്‍ഥിനി പാര്‍വതി വി.ബിക്ക് അറിയാനുണ്ടായിരുന്നത്. വിദ്യാഭ്യാസ കച്ചവടം വ്യക്തമായ അഴിമതിയാണെന്നും ആരും പരാതിപ്പെടാന്‍ ധൈര്യം കാണിക്കാത്തതാണ് പ്രശ്‌നമെന്നും തെളിവുകളോടെ പരാതി ലഭിച്ചാല്‍ വിജിലന്‍സിന് ശക്തമായ നടപടി കൈക്കൊള്ളാനാകും എന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വന്തം ജില്ലകളിലെ വിദ്യാഭ്യാസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്, മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ വയനാട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരെ ഏര്‍പ്പെടുത്തണമെന്ന് വയനാട് നിന്നുള്ള വിസ്മയ മുഖ്യമന്ത്രിയോടു അഭ്യര്‍ഥിച്ചു. മലപ്പുറം ജില്ലയില്‍ ബിരുദ, ബിരുദാനന്തര തലത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍ കൂടുതല്‍ കോളേജുകളില്‍ സൗകര്യം ഒരുക്കണമെന്ന് മലപ്പുറം ചെമ്മന്തിട്ടയിലെ സല്‍സബീനും കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ കായികപരിശീലനത്തിന് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ബന്ദടുക്കയിലെ രാഹുലും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സശ്രദ്ധം കേട്ട മുഖ്യമന്ത്രി അനുഭാവപൂര്‍വമാണ് ഓരോരുത്തര്‍ക്കും മറുപടി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് 2015-16-ല്‍ 14 ജില്ലകളിലുമായി നടത്തിയ മത്സരങ്ങളില്‍ മികച്ച സ്‌കൂള്‍ യൂത്ത് പാര്‍ലമെന്റേറിയന്‍മാരായി തിരഞ്ഞെടുത്ത 24 വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ.പി.ജെ.കുര്യന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.