ക്ലിന്റ്: മായാത്ത വരകളുടെ വസന്തം

0

സ്വന്തം വരകളിലൂടെ ലോകത്തെ അതിശയിപ്പിച്ച അത്ഭുതബാലനായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. ആറുവര്‍ഷവും 11മാസവും മാത്രം ഈ ലോകത്ത് ജീവിച്ച് വിട പറയുമ്പോള്‍ ക്ലിന്റ് നമുക്ക് നല്‍കിയത് പകരം വെക്കാനില്ലാത്ത മുപ്പതിനായിരത്തോളം ചിത്രങ്ങളായിരുന്നു. അതും ഒരു ആറു വയസുകാരന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നു വീണതാണോ എന്ന് വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍. പ്രൊഫഷണല്‍ ചിത്രകാരന്‍മാര്‍ക്ക് വര്‍ഷങ്ങളുടെ പരീശീലനത്താല്‍ മാത്രം വരക്കാന്‍ കഴിയുന്ന ചിത്രങ്ങളായിരുന്നു അവയില്‍ പലതും.

കൊച്ചിയില്‍ എം ടി ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി 1976ലാണ് ക്ലിന്റ് ജനിച്ചത്. വിഖ്യാത ഹോളീവുഡ് ചലച്ചിത്ര താരവും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡ് എന്ന പേരില്‍നിന്നാണ് മാതാപിതാക്കള്‍ ക്ലിന്റിന് ആ പേര് കണ്ടെത്തിയത്. രണ്ടു വയസു തികയുന്നതിന് മുമ്പ് തന്നെ വരച്ചു തുടങ്ങിയ ക്ലിന്റിന്റെ വരകള്‍ അവന്റെ പ്രായത്തെ വെല്ലുന്നതായിരുന്നു. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടിയ ക്ലിന്റിന്റെ പ്രതിഭ ചിത്രരചന ഔപചാരികമായി അഭ്യസിച്ചവരെ അതിശയിപ്പിച്ചു. 

ചിത്രങ്ങളും കാഴ്ചബംഗ്ലാവും ഉത്സവങ്ങളുമെല്ലാം കാണാന്‍ കൊച്ചു ക്ലിന്റിന് ഏറെ ഇഷ്ടമായിരുന്നു. അവിടങ്ങളില്‍ കാണുന്ന കാഴ്ചകളായിരുന്നു ക്ലിന്റിന്റെ മിക്ക ചിത്രങ്ങള്‍ക്കും ആധാരം. 

അഞ്ചു വയസുളളപ്പോള്‍ 18 വയസിന് താഴെയുള്ളവര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ക്ലിന്റ് ഒന്നാം സമ്മാനം നേടി നാടിനെ അതിശയിപ്പിച്ചു.അന്ന് അത് വലിയ വാര്‍ത്തയായി. 

ക്ലിന്റിനോടുള്ള ആദരസൂചകമായി കൊച്ചിയിലെ ഒരു റോഡിന് ക്ലിന്റ് റോഡ് എന്ന പേരു നല്‍കി. 2007ല്‍ പുറത്തിറങ്ങിയ മലയാള സിനിമ ആനന്ദഭൈരവി ക്ലിന്റിന്റെ ജീവിത്തില്‍നിന്ന് പ്രമേയം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ്. തിരുവനന്തപുരത്ത് 1997 മുതല്‍ 2005 വരെ പ്രദര്‍ശനങ്ങളില്‍ ക്ലിന്റിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഏഴുവയസു തികയുന്നതിന് തൊട്ടുമുമ്പ് 1983ലാണ് വൃക്ക തകരാറിലായി കുഞ്ഞു ക്ലിന്റ് മരണത്തിലേക്ക് നടന്നത്. 

ഒരു പുരുഷായുസു മുഴുവന്‍ ജീവിച്ചു തീര്‍ത്തതിന് സമാനമായി തന്റെ ഇളം പ്രായത്തില്‍ അവശേഷിപ്പിച്ചു പോയ ചിത്രങ്ങളിലൂടെ ക്ലിന്റ് ഇന്നും ജീവിക്കുന്നു, ഒരതുല്യ പ്രതിഭയായി.