ആരാധികയെ കാണാന്‍ ദിലീപ് എത്തി: സുമിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

0

ഡോക്ടര്‍ക്ക് മുന്നില്‍ നിര്‍ബന്ധം പിടിച്ച ഓട്ടിസം ബാധിച്ച കുട്ടി സിനിമാ താരം ദിലീപിന്റെ ചിത്രത്തിന് മുന്നില്‍ തന്നെ പിടിവാശികള്‍ ഒന്നൊന്നായി വിട്ടുനല്‍കി എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ മനസിന്റെ താളം തെറ്റിയ അടൂര്‍ സ്വദേശി സുമിക്ക് ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത വ്യക്തിയാണ് ദിലീപ്. താളം തെറ്റിയ മനസ്സിന്റെ ഒരു കോണില്‍ ഇടം നല്‍കി നാലാം വയസ്സുമുതല്‍ കൂട്ടുകാരനായി കൂടെകൂട്ടിയ താരത്തെ കാണാനായ നിമിഷം സുമിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. കണ്ടയുടനെ സുമിയുടെ മുഖത്ത് സന്തോഷത്തിന്റെ മഴവില്ല് വിരിഞ്ഞു. 

തന്റെ ജീവിതാഭിലാഷം തന്നെ നിറവേറ്റിയ ഭാവമായിരുന്നു ആ മുഖത്ത്. അടുത്തെത്തിയ ദിലീപ് സുമിയെ ചേര്‍ത്ത് നിര്‍ത്തി വിശേഷങ്ങള്‍ തിരക്കി. കൈനിറയെ സമ്മാനങ്ങളുമായെത്തിയ ദിലീപ് അതെല്ലാം സുമിക്ക് നല്‍കി.ദിലീപിനോടുള്ള ഇഷ്ടം മനസിലാക്കിയ ഡോക്ടര്‍ കമ്പ്യൂട്ടറില്‍ ദിലീപിന്റെ ചിത്രങ്ങള്‍ കാട്ടി സുമിയെ സന്തോഷിപ്പിച്ചാണ്‌ പരിശോധനകള്‍ നടത്തിയത്.ദിലീപിന്റെ സിനിമകള്‍ കാണുന്നതില്‍ അവള്‍ കാട്ടിയിരുന്ന ഉത്സാഹവും ദിലീപിന്റെ ഒരു ഫോട്ടോ നിലത്തു വെക്കാതെ കൊണ്ടു നടന്നിരുന്നതും ഇതിന് തെളിവായിരുന്നു. 

ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും ഫോട്ടോ കൂടെ കൊണ്ടു നടക്കുമായിരുന്നു. ഉറങ്ങി എണീറ്റു കഴിഞ്ഞാല്‍ ഫോട്ടോ കണ്ടില്ലെങ്കില്‍ സുമി കരഞ്ഞ് ബഹളം വെച്ചിരുന്നു. മറ്റുള്ള കുട്ടികള്‍ക്ക് കളിയും കളിപ്പാട്ടങ്ങളും നല്‍കുന്ന സന്തോഷം സുമിക്ക് ലഭിച്ചിരുന്നത് ദിലീപില്‍ നിന്നുമായിരുന്നു. സ്‌പെഷ്യല്‍ സ്‌കൂളില്‍ പോകുമായിരുന്നെങ്കിലും ദിലീപിന്റെ ഫോട്ടോ സൂക്ഷിച്ച് വെക്കുകയും തിരിച്ചു വരുമ്പോള്‍ കൃത്യമായി അതിവിടെ നിന്നെടുത്തു കൂടെ കൊണ്ടുനടക്കുകയും ചെയ്തിരുന്നു.

ജന്മനാ വൈകല്യമുള്ള സുമിക്ക് പല ചികിത്സകള്‍ പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മനസിക വൈകല്യത്തെ തുടര്‍ന്ന് സംസാരിക്കാനുള്ള കഴിവും നഷ്ടമായിരുന്നു. ബില്‍ഡിംഗ് കോണ്‍ട്രാക്ടറായ പിതാവ് രാജു എസ് എ ടിയിലും പെരുമ്പാവൂരിലുള്ള ഹോമിയോ ആശുപത്രിയിലും ചികിത്സ നടത്തി. പക്ഷേ പ്രയോജനം ലഭിച്ചില്ല. തുടര്‍ന്നാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയെക്കുറിച്ച് കേള്‍ക്കുന്നത്.കഴിഞ്ഞ ആറുവര്‍ഷമായി ഇവിടുത്തെ രോഷ്‌നി അനിരുദ്ധന്‍ എന്ന ഡോക്ടറുടെ ചികിത്സയിലാണ് സുമി. ഇപ്പോള്‍ സുമിക്ക് നല്ല മാറ്റങ്ങള്‍ കണ്ടു തുങ്ങിയതായി മിനി പറഞ്ഞു. സംസാരിക്കാനും കഴിയുന്നുണ്ട്. അടൂര്‍ സ്വദേശികളായ രാജു മിനി ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. ഇളയവന്‍ സിജു രാജു പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്.

തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധികയെക്കുറിച്ചറിഞ്ഞ് ഇവിടെ എത്തിച്ചേരാന്‍ അല്പം വൈകിയെങ്കിലും നേരില്‍ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഒപ്പം അസുഖം ബാധിച്ച നിരവധി കുട്ടികളേയും കാണാന്‍ സാധിച്ചു. എത്രയും വേഗം ഇവരുടെ അസുഖം മാറണമെന്ന പ്രാര്‍ഥനയും ഒപ്പമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞു. 

കഴിഞ്ഞ ദിവസം സുമിക്ക് ദിലീപിനോടുള്ള കടുത്ത ആരാധന മനസിലാക്കി ഒരു സ്വകാര്യ ചാനല്‍ നല്‍കിയ വാര്‍ത്തയാണ് ദിലീപിനെ ഇവിടെയെത്തിയച്ചത്. തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ദിലീപ് ചിത്രമായ ടു കണ്‍ട്രീസിന്റെ പ്രമോഷന്‍ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് തന്റെ ഏറ്റവും വലിയ 'കൊച്ച് ആരാധിക'യെ കാണാന്‍ ദിലീപ് ഓടിയെത്തിയത്. സാന്ത്വനവും സഹായവും വേണ്ടിടത്ത് മനസറിഞ്ഞ് ഇടപെടുന്നതാണ് കഥാപാത്രങ്ങളിലുപരി ദിലീപിനെ ജനമനസുകളില്‍ പ്രിയങ്കരനാക്കുന്നത്. അനശ്വരമായ കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടും വേണ്ട സഹായമെത്താത്ത മൊയ്തീന്‍ സേവാ മന്ദിര്‍ നിര്‍മ്മാണത്തിന് പൂര്‍ണപിന്തുണയും സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയതും ദിലീപായിരുന്നു.