തലസ്ഥാനത്തിന് പുതിയ മെഡിക്കല്‍ കോളജിന്റെ തിളക്കം

0


തലസ്ഥാനവാസികള്‍ക്കിനി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് മെഡിക്കല്‍ കോളജുകള്‍. ജനറലാശുപത്രി കാമ്പസിലാണ് ജില്ലയിലെ രണ്ടാമത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ഇന്ദിരാഗാന്ധി ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അക്കാദമിക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യപരിചരണരംഗത്ത് പുത്തന്‍ അധ്യായം കുറിക്കുന്ന പദ്ധതിയെന്ന പ്രഖ്യാപനവുമായാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് ജനറല്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങളും തസ്തികകളും പുതിയ കോളേജില്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും. 190.54 കോടി രൂപയുടെ ഭരണാനുമതിയോടെ നാല് ഘട്ടങ്ങളിലായി 1,38,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ചയമാണ് മെഡിക്കല്‍ കോളജിനുവേണ്ടി നിര്‍മിക്കുന്നത്. കേരളത്തിലെ 10ാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണം ആരംഭിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒരു ഭാഗം പൂര്‍ത്തീകരിച്ചാണ് ഉദ്ഘാടനം നടത്തുന്നത്.

പുതിയ മെഡിക്കല്‍ കോളജിന്റെ നാമകരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഡിസക്ഷന്‍ റൂമിന്റെ ഉദ്ഘാടനം കൃഷിമന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയിലാണെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റവും മെച്ചപ്പെട്ട ആരോഗ്യസേവനം ഏറ്റവും ചെലവ് കുറഞ്ഞ് എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകുന്ന സാഹചര്യം ഒരുക്കാന്‍ വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് വിപ്ലവമുണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് അഞ്ചു മെഡിക്കല്‍ കോളജുകളുണ്ടായിരുന്ന സ്ഥാനത്ത് 16 മെഡിക്കല്‍ കോളജുകളാകുന്നത്. 950 പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ മേഖലയില്‍ ലഭിച്ചിരുന്നത് ഈ വര്‍ഷം 1250 ലേറെ കുട്ടികള്‍ക്ക് പഠിക്കാവുന്ന അവസ്ഥയിലേക്കുയര്‍ത്തി.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്തെവിടെയും ലഭ്യമായ മികച്ച ചികിത്സ ലഭ്യമാക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ത്തന്നെ പഠനസൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ ജില്ലകളിലും പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ്.

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, കേരളം പിറവിയെടുത്ത 1951 ല്‍ ഉദ്ഘാടനം ചെയ്ത, സംസ്ഥാനത്തെ പ്രഥമ മെഡിക്കല്‍ കോളജായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനുശേഷം അനന്തപുരിയില്‍ മറ്റൊരു ഗവ. മെഡിക്കല്‍ കോളജ് ആണ് യാഥാര്‍ഥ്യമായിരിക്കുന്നത്.

നിലവിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ്, രോഗീ ബാഹുല്യത്താലും സ്ഥലപരിമിതിയാലും വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. ജനറല്‍ ആശുപത്രിയേയും തൈക്കാട് ആശുപത്രിയേയും സംയോജിപ്പിച്ചു കൊണ്ട് തുടങ്ങുന്ന ഈ മെഡിക്കല്‍ കോളജില്‍ നമ്മുടെ നാട്ടിലെ മിടുക്കരായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുകയാണ്.

മെഡിക്കല്‍ പ്രവേശനത്തിനായി അന്യ രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കേരളത്തിലെ സാധാരണക്കാരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്, പുതിയ മെഡിക്കല്‍ കോളജുകളുടെ ആവിര്‍ഭാവം വലിയ ആശ്വാസമായിരിക്കുകയാണ്. സംസ്ഥാനത്തെ പഴയ ഗവ. മെഡിക്കല്‍ കോളജുകള്‍ അവയുടെ പ്രവര്‍ത്തന സപര്യയിലെ ഏറ്റവും തിളക്കമാര്‍ന്ന കാലഘട്ടത്തിലൂടെയാണ് മുന്നേറുന്നത്.