പ്രദക്ഷിണ ഒരു കാവ്യസമര്‍പ്പണം

0

ശ്രേഷ്ഠ ഭാഷാ പദവി അലങ്കരിക്കുന്ന മലയാളഭാഷക്ക് കാവ്യസമര്‍പ്പണമൊരുക്കി പ്രദക്ഷിണ. ഭാഷാകവിതകളെ ആധുനികതയിലേക്കു നയിച്ച ആധുനിക കവിത്രയങ്ങളായ കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍ക്ക് ആദരസൂചകമായി ഇവരുടെ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി, കര്‍ണ്ണഭൂഷണം, കരുണ എന്നീ കവിതകളുടെ നൃത്താവിഷ്‌ക്കാരമാണ് പ്രദക്ഷിണ.

യുവഹൃദയങ്ങളില്‍ ശാസ്ത്രീയ നൃത്തത്തിന് പുതിയ മാനങ്ങള്‍ നല്‍കും വിധം മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കിയാണ് പ്രദക്ഷിണ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രദക്ഷിണയുടെ ആശയം മനസ്സിലുദിച്ചപ്പോള്‍ ഐ. ടി. പ്രൊഫഷണലും കുച്ചിപ്പുടി നര്‍ത്തകിയുമായ രേഷ്മ യു രാജ്, അത് തന്റെ സുഹൃത്തും, നര്‍ത്തകിയും സ്വസ്തിക് സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഡയറക്ടറുമായ അപര്‍ണാ മുരളീകൃഷ്ണനുമായി പങ്കുവെക്കുകയായിരുന്നു. രേഷ്മയുടെ ആശയത്തിന് അപര്‍ണയുടെ എല്ലാ പിന്തുണയും ലഭിച്ചു. അപര്‍ണയുടെ സഹായത്തോടെയാണ് നൃത്താവിഷ്‌കരണം നടത്തുന്നത്.

വള്ളത്തോളിന്റെ ഭാരത സ്ത്രീയായി അപര്‍ണാ മുരളീകൃഷ്ണനും, കുമാരനാശാന്റെ വാസവദത്തയായി രേഷ്മ യു രാജും മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഉള്ളൂരിന്റെ കര്‍ണ്ണനെത്തേടിയുള്ള യാത്ര കലാപ്രതിഭയും ഭരതനാട്യ നര്‍ത്തകനുമായ ഡോ. ജിഷ്ണു സജയകുമാറിലും പര്യവസാനിക്കുന്നു. മാത്രമല്ല മൂന്നു കലാരൂപങ്ങളും ഒരേസമയം കവിതകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന പ്രത്യേകതയും പ്രദക്ഷിണയ്ക്കു സ്വന്തമാണ്.

പ്രദക്ഷിണയുടെ സംഗീത സംവിധാനം പെരിങ്ങനാട് എസ്. രാജന്‍, ശ്രീകുമാര്‍ തിരുവനന്തപുരം, എന്‍. വി. മനു തിരുവനന്തപുരം എന്നിവരാണ്. റെക്കോഡിങ് അനി അര്‍ജ്ജുനനും നിര്‍വഹിക്കുന്നു. എല്ലാവരുടെയും കൂടിച്ചേരലില്‍ പ്രദക്ഷിണ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വിജയമായി മാറുകയാണ്.

പ്രദക്ഷിണ നൃത്താവിഷ്‌ക്കാരത്തിന് ഡിസംബര്‍ 20 ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ തിരിതെളിയും. മന്ത്രി വി എസ് ശിവരരകുമാറാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം എ ബേബിയും, മുഖ്യതിഥിയായി കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയും പങ്കെടുക്കും.