വിജയപാതയില്‍ നിഷാന്ത് വിജയകുമാര്‍

വിജയപാതയില്‍ നിഷാന്ത് വിജയകുമാര്‍

Thursday May 12, 2016,

2 min Read

ദ് ഹിന്ദു പ്ലസില്‍ പ്രസിദ്ധീകരിച്ച സൂസന്ന മിര്‍ട്‌ലേ ലസാറസ് നടത്തിയ ഒരു അഭിമുഖത്തില്‍നിന്നുള്ളതാണ് ഈ ലേഖനം

25 വയസ്സുകാരനായ നിഷാന്ത് വിജയകുമാര്‍ ബ്രൗനി ഉല്‍പ്പന്നം നിര്‍മിച്ച് ഭക്ഷ്യവ്യാപാര രംഗത്ത് വിജയം നേടിയ ഒരു ബിസിനസ് സംരംഭകനാണ്. ബ്രൗനി ഹെവന്റെ സ്ഥാപകനായ നിഷാന്ത് 11 മാസങ്ങള്‍ക്കുള്ളില്‍ ചെന്നൈയിലെ മൂന്നിടങ്ങളിലാണ് തന്റെ സ്ഥാപനത്തിന്റെ ശാഖ തുടങ്ങിയത്.

image


മണിപ്പാലിലെ വെല്‍ക്കം ഗ്രൂപ്പ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയാണ് വിജയിച്ചത്. തുടര്‍ന്നു ഐടിസി ചെന്നൈയില്‍ ജോലിക്കു ചേര്‍ന്നു. ആ സമയത്ത് ജോലി ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചു. ഹോട്ടലുകളില്‍ ജോലി ചെയ്യുകയെന്നത് എനിക്ക് പറ്റിയതായിരുന്നില്ല. ആരെ വേണമെങ്കിലും എനിക്ക് പകരമായി ജോലിയില്‍ എടുക്കാം. എനിക്ക് മറ്റുള്ളവരില്‍നിന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നു തോന്നി. പുറകോട്ട് തിരിഞ്ഞു നോക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്തുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുത്തുകൂട എന്നു സ്വയം ചോദിച്ചു. ചിലപ്പോള്‍ ഞാന്‍ പരാജയപ്പെട്ടേക്കാം, അല്ലെങ്കില്‍ വിജയിച്ചേക്കാം. പക്ഷേ ഒരടി എടുത്തുവച്ചുനോക്കാമെന്നു തോന്നി ദ് ഹിന്ദുവിനോട് നിഷാന്ത് പറഞ്ഞു.

ജോലി രാജിവച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിഷാന്ത് ബ്രൗനി ഹെവന്‍ തുടങ്ങി. ആദ്യം ചെറിയ ഓര്‍ഡറുകള്‍ കിട്ടി. പിന്നീട് പതുക്കെ റോയപേട്ടയിലെ പീറ്റേഴ്‌സ് റോഡില്‍ ഒരു കട തുടങ്ങി. ഇത്രയും പെട്ടെന്നു ഒരു കട തുടങ്ങാന്‍ കഴിയുമെന്നു ഒരിക്കലും വിചാരിച്ചില്ല. മൂന്നു മാസത്തിനുള്ളില്‍ 2,500 കിലോഗ്രാം വിറ്റു. ആ രീതിയില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ കൈയ്യില്‍ കുറച്ച് പണമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ് തുടങ്ങാനുള്ള പ്രാഥമിക നിക്ഷേപം അച്ഛന്‍ തന്നു. ഇതെനിക്ക് കുറച്ചുകൂടി ഉപകാരപ്രദമായി. ചെന്നെ ഇപ്പോഴും യാഥാസ്ഥിതിക മനോഭാവമുള്ളൊരു വിപണിയാണ്. പ്രത്യേകിച്ച് ഭക്ഷണരംഗത്ത്. ഇവിടെ എന്തെങ്കിലും ചെയ്യണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അതിന് കുറച്ചു സമയം വേണ്ടിവരുമെന്നു എനിക്കറിയാമായിരുന്നു. ബ്രൗനി ഉല്‍പ്പന്നം ആദ്യമായിട്ടാണ് ചെന്നൈയില്‍ പരിചയപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് അവയെ അടുത്തറിയാന്‍ കുറച്ച് സമയം വേണ്ടിവരുമായിരുന്നു നിഷാന്ത് പറഞ്ഞു.

ഡല്‍ഹിയിലും ചണ്ഡീഗഡിലും കടകള്‍ തുടങ്ങാന്‍ നിഷാന്ത് ഉദ്ദേശിക്കുന്നുണ്ട്. ഭക്ഷ്യരംഗത്തെ ഒരു വ്യവസായ സംരംഭകനായിട്ടാണ് നിഷാന്ത് സ്വയം കരുതുന്നത്. അധികം വൈകാതെ നിഷാന്ത് മക്‌റൂണ്‍ ബ്രാന്‍ഡ് പുറത്തിറക്കും. ഡിം സം, സമോസ, ഗെലാറ്റോ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാന്‍ നിഷാന്തിനു പദ്ധതിയുണ്ട്. മാര്‍ക്കറ്റിങ്ങിനുവേണ്ടിയോ പരസ്യത്തിനു വേണ്ടിയോ ഞാന്‍ പണമൊന്നും മുടക്കിയിട്ടില്ല. എന്റെ വാക്കുകള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. എപ്പോഴും ഞാന്‍ പണം ചെലവാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. അപ്പോഴൊക്കെ എനിക്ക് നിരവധി ഓര്‍ഡറുകള്‍ കിട്ടിയിരിക്കും നിഷാന്ത് പറഞ്ഞു.

24 മണിക്കൂറും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബ്ലൂ ഡാര്‍ട്ടുമായി ചേര്‍ന്ന് ബ്രൗനിയെ ഇന്ത്യയിലെ എല്ലായിടത്തും എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഇതു പ്രാവര്‍ത്തികമായാല്‍ ഉച്ചയ്ക്കു മുന്‍പ് ഓര്‍ഡര്‍ നല്‍കിയാല്‍ ഇന്ത്യയിലെവിടെയായാലും അടുത്ത ദിവസം നിങ്ങള്‍ക്ക് ബ്രൗനി ലഭിക്കും.