പ്രാഥമികാരോഗ്യതലം ശക്തിപ്പെടുത്തും -ആരോഗ്യമന്ത്രി

0

ലോക പുകയിലരഹിത ദിനം ആചരിച്ചു പ്രതിരോധത്തിലൂന്നി രോഗങ്ങള്‍ തടയാനും പ്രാഥമികാരോഗ്യതലം മുതല്‍ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോക പുകയിലരഹിത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പുകവലിയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും കൂടുതല്‍ ജാഗ്രത വേണം. ലോകത്ത് നല്ലൊരു ശതമാനം ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുള്ള പുകയിലയുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് നിരന്തരമായ പ്രചാരണം ആവശ്യമാണ്. 'വികസനത്തിന് ഭീഷണിയാകുന്ന പുകയില' എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിതദിന സന്ദേശം. സര്‍ക്കാര്‍ ഇ-സിഗരറ്റ് നിരോധിച്ചതായും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ ശക്തിപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിലാണ് ആര്‍ദ്രം മിഷനിലൂടെ ഊന്നല്‍ നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍, ശാരീരിക-മാനസികപ്രശ്‌നങ്ങള്‍ എന്നിവ പ്രാഥമികതലത്തില്‍ പരിഹരിക്കുകയാണ് വേണ്ടത്. ജീവിതശൈലി രോഗങ്ങളില്‍നിന്നുള്‍പ്പെടെ മോചനം നേടാനുള്ള ശ്രമങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. വരുന്നതലമുറ എങ്ങനെ നല്ലരീതിയില്‍ ജീവിക്കണം എന്ന് തീരുമാനിക്കാന്‍ ഈ തലമുറയിലെ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടതെന്നും മന്ത്രി പറഞ്ഞു. പുകയിലക്കെതിരെയുള്ള വീഡിയോ ഫിലിം പ്രകാശനവും മജീഷ്യന്‍ ഹാരിസ് താഹയുടെ ബോധവത്കരണ മാജിക് പരിപാടിയുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ഐഷാ ബക്കര്‍ അധ്യക്ഷത വഹിച്ചു. അച്യുതമേനോന്‍ സെന്റര്‍ പ്രൊഫസര്‍ എമിററ്റിസ് പ്രൊഫസര്‍ ഡോ. കെ.ആര്‍. തങ്കപ്പന്‍, ആര്‍.സി.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. രാംദാസ്, അഡിക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്‍മുള, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എന്‍.സി.ഡി സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.