വിപണി കീഴടക്കാന്‍ 'പ്രിവ്' ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുമായി ബ്ലാക്ക്‌ബെറിയും

0


സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ ലോകത്ത് ഇനി മുതല്‍ ബ്ലാക്ക്‌ബെറിയും. കനേഡിയന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറി ആദ്യമായിട്ടാണ് ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 'പ്രിവ്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രൈവസി ആന്റ് പ്രിവിലേജ് എന്നാണ് പ്രിവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരിക്കല്‍ പല മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുമായി ഒപ്പത്തിനൊപ്പം നിന്ന ബ്ലാക്ക്‌ബെറി ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ആന്‍ഡ്രോയിഡിനു വേണ്ടി അവരുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപേക്ഷിച്ചു. ഇത് അവരുടെ ധീരമായ തീരുമാനമായാണ് പലരും വിശേഷിപ്പിക്കുന്നത്. അവരുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപേക്ഷിക്കുന്നതോടെ 266 മില്ല്യന്‍ ഡോളറിന്റെ ലാഭമാണ് ഓരോ വര്‍ഷവും അവര്‍ നേടാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇതുവരെ ഇറങ്ങിയിട്ടുള്ള ബ്ലാക്ക്‌ബെറി ഫോണുകളില്‍ വെച്ച് ഏറ്റവും മികച്ച സേവനങ്ങളാണ് പ്രിവ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 5.1.1 ലോലിപ്പോപ് എന്ന ഓപ്പറേറ്റിങ്ങ് സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 808, 2ജിബി റാം, 32 gigs ഇന്റേണല്‍ സ്റ്റോറേജ്, 3410 mAh ബാറ്ററി, 5.4 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യാകതകള്‍. 62990 രൂപയാണ് പ്രിവിന്റെ വില. ചിലര്‍ക്കെങ്കിലും വില അല്‍പ്പം കൂടുതലാണെന്ന് തോന്നാം. എന്നാല്‍ ബ്ലാക്ക്‌ബെറി ഇഷ്ടപ്പെടുന്നവര്‍ക്കും ടച്ചിന് പകരം കീബോര്‍ഡ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നത് ഒരു സന്തോഷ വാര്‍ത്ത തന്നെയാകും. എന്നാല്‍ 63000 രൂപയുടെ പ്രൈസ് ടാഗ് ബ്ലാക്ക്‌ബെറിയുടെ വിപണിയിലുള്ള ഷെയര്‍ വര്‍ദ്ധിപ്പിച്ച് കമ്പനിയെ അതിന്റ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരുമോ എന്ന ചോദ്യം അവശേഷിക്കുന്നു. കൂടാതെ മാര്‍ഷ്മല്ലോ 6.0 ഇതില്‍ ഉണ്ടാകില്ല.

ബ്ലാക്ക്‌ബെറിയുടെ സി ഇ ഒ ആയ ജോണ്‍ ചെന്നിന്റെ അഭിപ്രായത്തില്‍ ബ്ലാക്ക്‌ബെറിയുടെ മികച്ച സുരക്ഷയിലും ഉത്പ്പന് ഘടകങ്ങളും ചേര്‍ത്ത് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണാണ് ബ്ലാക്ക്‌ബെറി പ്രിവ്.

മനസ്സിലാക്കാവുന്ന ചുവട്‌വെയ്പ്പ്

ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയിഡിലേക്കുള്ള ചുവട് മാറ്റം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഇന്ന് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സംവിധാനങ്ങളില്‍ 82.8 ശതമാനം ഓഹരി വിപണിയുമായി ആന്‍ഡ്രോയിഡാണ് മുന്നിലുള്ളത്. സാംസങ്ങ് സ്മാര്‍ട്ട് ഫോണാണ് ആന്‍ഡ്രോയിഡ് ഉപയോഗത്തില്‍ മുന്നിലുള്ളത്. 13.9 ശതമാനം ഒഹരി വിപണിയുമായി ios ഓപ്പറേറ്റിങ്ങ് സംവിധാനം രണ്ടാം സ്ഥാനത്താണ്. 2015ല്‍ 28 മില്ല്യന്‍ ഡോളറിന്റെ ലാഭമാണ് തങ്ങള്‍ നേടിയതെന്ന് ബ്ലാക്ക്‌ബെറി അവകാശപ്പെടുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് അവരുടെ വരുമാനം 976 മില്ല്യന്‍ ഡോളറില്‍ നിന്ന് 660 മില്ല്യന്‍ ഡോളറിലേക്ക് താഴ്ന്നത്.

ബ്ലാക്ക്‌ബെറിയെ പ്രശസ്തമാക്കുന്ന ബ്ലാക്ക്‌ബെറി ഹബ്ബ്, ബ്ലാക്ക്‌ബെറി ലോഞ്ചര്‍, മറ്റ് സെക്യൂരിറ്റി, പ്രൈവസി പ്രത്യാകതകള്‍ എന്നിവ ഈ പുതിയ സ്മാര്‍ട്ട് ഫോണിലും ലഭ്യമാണ്. എന്നാല്‍ ഇതിലും വില കുറഞ്ഞ ഫോണുകല്‍ ഈ സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ബ്ലാക്ക്‌ബെറിക്ക് എത്രത്തോളം പിടിച്ചുനിന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് എത്താന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയണം.

അവരുടെ ഈ ചുവട് മാറ്റത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?