വിഴിഞ്ഞം തുറമുഖം: ബെര്‍ത്ത് നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെര്‍ത്ത് നിര്‍മാണോദ്ഘാടനം ഇന്ന് (ജൂണ്‍ ഒന്ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുല്ലൂരിലെ വിഴിഞ്ഞം പദ്ധതിപ്രദേശത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിക്കും. 

അദാനി പോര്‍ട്ട്‌സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ, ഗതാഗതമന്ത്രി തോമസ് ചാണ്ടി, ഡോ. ശശി തരൂര്‍ എം.പി, എം.വിന്‍സെന്റ് എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി എന്നിവര്‍ സംബന്ധിക്കും. തുറമുഖ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ മൊഹാപാത്ര സ്വാഗതവും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാര്‍ നന്ദിയും പറയും. തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്താണ് നിര്‍മിക്കുന്നത്. ഇതിലൂടെ വലിയ കണ്ടെയ്‌നര്‍ വാഹിനിക്കപ്പലുകള്‍ക്ക് അടുക്കുവാനും കാര്യക്ഷമമായി ചരക്ക് കൈകാര്യം ചെയ്യാനും കഴിയും.