പ്രതിസന്ധികളെ മറികടന്ന് നൃത്തവിസ്മയം തീര്‍ത്ത് റോഷന്‍

പ്രതിസന്ധികളെ മറികടന്ന് നൃത്തവിസ്മയം തീര്‍ത്ത് റോഷന്‍

Wednesday November 25, 2015,

2 min Read

കേള്‍ക്കാത്ത പാട്ടിനൊപ്പം ചുവടുവെച്ച് ജനമനസ്സുകളെ കീഴടക്കിയ റോഷന്‍ കേള്‍വിയുടെ വസന്തത്തിന് കാതോര്‍ക്കുന്നു. തലസ്ഥാന ജില്ലയിലെ ചെങ്കല്‍ചൂള കോളനിയിലെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ റോഷനാണ് കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാതെ തന്നെ ഡാന്‍സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

image


പോക്കിരി സിനിമയിലെ പോലെ കോളര്‍ പിന്നിലേക്ക് പൊക്കിയാലുടന്‍ റോഷന്‍ വിജയ് ആയി മാറും. പിന്നെ വിജയ്‌യുടെ മാസ്റ്റര്‍പീസ് സ്റ്റെപ്പുകള്‍ ഓരോന്നായി കാണിക്കും. ഒരു കാലിന് നീളക്കുറവുണ്ടെന്നോ, കേഴ്‌വി ശക്തിയില്ലെന്നതോ, സംസാരിക്കാനാവാത്തതോ ഒന്നും ചെങ്കല്‍ചൂള സ്വദേശി റോഷന്‍ എസ് ലെനിന്‍ എന്ന പതിനൊന്നുകാരന് ഒരു പ്രശ്‌നമേയല്ല

നിവിന്‍ പോളിയുടെയോ, വിജയിയുടെയോ ഒരു പടമോ, ഏതെങ്കിലും ആക്ഷനോ കാണിച്ചാല്‍ മതി. ദാ വരുന്നു റോഷന്റെ കിടിലന്‍ ഡാന്‍സ്. അവന്റെ ശാരീരിക അസ്വസ്ഥതകളെല്ലാം വലിച്ചെറിഞ്ഞ് പ്രേമത്തിലെ'ആലുവപ്പുഴയുടെ തീരത്ത്...'എന്ന പാട്ടിനൊപ്പം സിനിമയില്‍ നിവിന്‍പോളി കാണിക്കുന്നതുപോലെ റോഷന്റെ നൃത്തം തുടങ്ങുകയായി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ കുട്ടികള്‍ക്കുള്ള യുണീസെഫിന്റെ ചൈല്‍ഡ് അച്ചിവേഴ്‌സ് അവാര്‍ഡ് റോഷന്‍ സ്വന്തമാക്കിയതും ഈ ചുറുചുറുക്കു കൊണ്ടാണ്. അഭിനന്ദനങ്ങളുമായി പ്രശസ്തരും നാട്ടുകാരും സംഘടനകളുമൊക്കെ എത്തുമ്പോഴും കേള്‍ക്കാത്ത പാട്ടിനൊപ്പം ചുവടുകള്‍ വയ്ക്കുകയാണ് റോഷന്‍.

ജനിച്ച് എട്ടാം മാസത്തില്‍ പിടിപ്പെട്ട ന്യൂമോണിയയാണ് കൂലിപ്പണിക്കാരനായ ലെനിന്റെയും സന്ധ്യാ റാണിയുടെയും മകന്‍ റോഷന്റെ കേള്‍വി ശക്തിയെ കവര്‍ന്നെടുത്തത്. സംസാരിക്കാനും കഴിയില്ല. അഞ്ചുവയസ്സുവരെ ഒരേ കിടപ്പ്. കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സിപ്പിച്ചപ്പോള്‍ അഞ്ചാംവയസ്സില്‍ റോഷന്‍ എണീറ്റു നടന്നു. അപ്പോഴാണ് ഇടതുകാലിന് നീളക്കുറവാണെന്നും എല്ലിന് ബലമില്ലെന്നും മനസിലാകുന്നത്. ഇതൊന്നും നൃത്തവേദിയിലെ വിസ്മയമാകാന്‍ റോഷന് തടസ്സമായില്ല. അടുത്തവീട്ടിലെ കുട്ടികള്‍ നൃത്തം പഠിക്കുന്നത് കണ്ടാണ് റോഷന്‍ നൃത്തചുവടുകള്‍ വച്ചു തുടങ്ങിയത്. വയ്യാത്ത കാലുവച്ച് നൃത്തം ചെയ്യുന്നതിനെ ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഡാന്‍സ് ഇല്ലാതെ റോഷനിരിക്കാനാവില്ലെന്ന് മനസിലായപ്പോള്‍ വീട്ടുകാരും വഴങ്ങി.

റോഷനെ വേദിയില്‍ നിര്‍ത്തിയശേഷം അവതരിപ്പിക്കേണ്ട ഡാന്‍സിന്റെ വീഡിയോ മൊബൈലില്‍ കാണിച്ചാല്‍ മതി. കൃത്യമായ താളബോധത്തോടെ അവന്‍ കേള്‍ക്കാത്ത പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യും. വിജയിന്റെ ഡാന്‍സുകളാണ് റോഷന്റെ ഹരം. 'ഡാന്‍സിനൊപ്പം നല്ലൊരു ഫുട്‌ബോള്‍ താരവുമാണ് റോഷന്‍. പട്ടം ജി എച്ച് എസിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയങ്കരനാണ്. കേള്‍വിശക്തി തിരികെ ലഭിക്കാനായി നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ മാത്രമാണ് ഒരേയൊരു പോംവഴി. 5.75 ലക്ഷമാണ് ഇതിന്റെ ചെലവ്. രാജാജിനഗറിലെ ഒറ്റമുറി വാടകവീട്ടില്‍ കഴിയുന്ന താന്‍ ഇത്രയും തുക എവിടുന്ന് സംഘടിപ്പിക്കുമെന്നായിരുന്നു ലെനിന്റെ ചോദ്യം. റോഷന് അവാര്‍ഡ് കിട്ടിയതറിഞ്ഞ് വീട്ടിലെത്തി അഭിനന്ദിച്ച ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെ ഇക്കാര്യം അറിയിച്ചിരുന്നു, പക്ഷെ അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ഗവണ്‍മെന്റിന് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്താനാകൂ. ഒരുവര്‍ഷത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാലേ പ്രയോജനം ലഭിക്കൂ. സുമനസ്സുകള്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലെനിനും കുടുംബവും.

image


അപ്പോഴാണ് ദൈവ കൃപപോലെ പരുത്തിപ്പാറ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ വിവിധ മാര്‍ത്തോമ ഇടവകകള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് റോഷന് കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജോണ്‍ പണിക്കരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടക്കുന്നത്. റോഷന്റെ ചികിത്സക്കായി പരുത്തിപ്പാറ ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയുടെ ഒരു ലക്ഷം റോഷന് കൈമാറി. സുമനസുകളുടെ സഹായം തേടുന്ന റോഷന്‍ ഡാന്‍സിനൊപ്പം നല്ലൊരു ഫുട്‌ബോള്‍ താരവുംകൂടിയാണ്.