വീല്‍ ചെയറില്‍ അടിയറവ് വക്കാത്ത ജീവിതം

0

വീല്‍ ചെറയറില്‍ ഇരുന്ന് അര്‍ജ്ജുന അവാര്‍ഡ് വാങ്ങിക്കുമ്പോള്‍ ദീപ മാലിക്കിന്റെ മനസ്സില്‍ എന്തായിരുന്നു? ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് വികലാംഗയായ ദീപ മാലിക്ക്. പരാലിസിസ് ബാധിച്ച് ഇവരുടെനെഞ്ചിന് താഴോട്ട് തളര്‍ന്നുപോയി. ഇനി ഒരിക്കലും വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. വൈകല്യമുണ്ടെങ്കിലും ദീപയുടെ വൈഭവം അപാരമാണ്. തന്റെ വൈകല്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് അവര്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതും. ഒരിക്കലും തോല്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

6 വയസ്സുള്ളപ്പോഴാണ് ദീപയുടെ നട്ടെല്ലില്‍ ട്യൂമര്‍ കണ്ടെത്തിയത്. നേരത്തെ കണ്ടുപിടിച്ചെങ്കിലും 3 വര്‍ഷം കൊണ്ടാണ് അത് പൂര്‍ണ്ണമായും ഭേദമായത്. അതുവരെ പുറത്ത് മരച്ചില്ലകളില്‍ കയറിയും കളിച്ചും നടന്ന കുട്ടി വീടിന്റെ നാല് ചുവരുകള്‍ക്ക് ഉള്ളിലിരുന്ന് ചിത്രം വരക്കാന്‍ ഇഷ്ടപ്പെട്ടില്ല. ആ കിടക്കയില്‍ നിന്ന് തന്നെ ദീപ തീരുമാനിച്ചു. ജീവിതത്തിന്റെ എല്ലാ നല്ല വശങ്ങളും തിരിച്ചറിയണം. തന്റെ ഭാവി സ്വന്തം കയ്യിലാണെന്ന് മനസ്സിലാക്കി മനസ്സിനെ പാകപ്പെടുത്താന്‍ തുടങ്ങി.

തന്റെ അസുഖം കുറഞ്ഞ് കഴിഞ്ഞ ഉടനെ തന്നെ സുഹൃത്തുക്കളുടെ ബൈക്ക് വാങ്ങി ഓടിക്കാന്‍ തുടങ്ങി. വീട്ടുകാര്‍ഇത് കണ്ട് വഴക്ക് പറയുമായിരുന്നു.ഒരിക്കല്‍ ഒരുയുവാവായ ഓഫീസര്‍ ദീപയുടെ ഈ ആവേശം കണ്ടു. ബൈക്കിനെക്കുറിച്ച് എന്തറിയാമെന്ന് ദീപയോട് ചോദിച്ചു. അവരുടെ മറുപടി ഇതായിരുനനു. 'എനിക്ക് താക്കോല്‍ തരൂ, എന്താണ് ചെയ്യുന്നതെന്ന് കാണിച്ച് തരാം.' ആ യുവാവ് താക്കോല്‍ കൊടുത്തതിനോടൊപ്പം അടുത്ത ദിവസം തന്നെ വിവാഹാലോചനയുമായി വീട്ടിലെത്തി.

രണ്ടുപേരും വിവാഹം കഴിഞ്ഞ് സന്തോഷമായി ജീവിക്കുകയായിരുന്നു. അവരുടെ സന്തോഷത്തെ നീറിരട്ടിയാക്കി ആദ്യത്തെ കുഞ്ഞ് പിറന്നു ദേവിക. എന്നാല്‍ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. 'എന്റെ മകള്‍ക്ക് ഒരു വയസ്സുള്ളപ്പോള്‍ ബൈക്കപകടം ഉണ്ടായി. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. അവളുടെ ഇടതുവശം തളര്‍ന്നുപോയി. ഞങ്ങള്‍ അവളെ പൂനയലെ കമാന്റ് ആശുപത്രിയില്‍ കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കിടന്ന അതേ വാര്‍ഡ്. അതേ കിടക്ക. എന്റെ വൈകല്യം മകളിലേക്ക് ഞാന്‍ കൊടുത്തു എന്ന് എല്ലാവരും പാടി നടന്നു. വൈകല്യങ്ങളെ കുറിച്ചുള്ള ആള്‍ക്കാരുടെ ധാരണകള്‍ അന്നെനിക്ക മനസ്സിലായി. കുട്ടി ആയിരക്കുമ്പോള്‍ ഇതൊന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കാരണം അച്ഛന്റേയു അമ്മയുടേയും തണലിലായിരുന്നു. എന്റെ അച്ഛന്‍ എപ്പോഴും പറയും 'ദൈവം തന്റെ വെല്ലുവിളികള്‍ വളരെ ബുദ്ധി ഉപയോഗിച്ചാണ് വിതരണം ചെയ്യുന്നത്. അതില്‍ ഒരാളാണ് നീ.' ദീപ പറയുന്നു.

ദീപയും ഭര്‍ത്താവും ചേര്‍ന്ന് രാത്രിയും പകലുമെന്നില്ലാതെ തങ്ങളുടെ മകളെ ശുശ്രൂഷിച്ചു. ഇതിനിടക്ക് മറ്റൊരു മകള്‍ ജനിച്ചു അംബിക. ദൈവം എനിക്ക് വെല്ലുവിളികള്‍ വീണ്ടും തന്നുകൊണ്ടിരുന്നു. 1999ല്‍ എന്റെ ഭര്‍ത്താവ് കാര്‍ഗിലിലേക്ക് പോയി. അദ്ദേഹം പോയപ്പോള്‍ തന്നെ എന്റെ ട്യൂമര്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. അദ്ദേഹവുമായി ഒരു സംഭാഷണവും പിന്നെ നടന്നിട്ടില്ല. എന്നും പുതിയ പുതിയ വിവരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. കുറേ പേര്‍ മരിക്കുന്നു. പരിക്കുമായി കുറേപേര്‍ ജീവിക്കുന്നു. അദ്ദേഹം ഏത് അവസ്ഥയിലാകും എന്ന് ഓര്‍ത്ത് ഞാന്‍ ഓരോ നിമിഷവും തളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ എന്റെ മക്കള്‍ക്കുവേണ്ടി ജീവിക്കുക അല്ലാതെ മറ്റ് വഴിയില്ലായിരുന്നു.

ദീപ കിടന്ന ആശുപത്രി യുദ്ധത്തില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. 'ഐ.സി.യു നിറച്ച് കണ്ണില്ലാത്തവര്‍, കൈ നഷ്ടപ്പെട്ടവര്‍, കാല് നഷ്ടപ്പെട്ടവര്‍ ഇവയൊക്കെയായിരുന്നു. ഇതിനിടയാലായിരുന്നു എന്റെ ഓപ്പറേഷന്‍' ദീപ പറയുന്നു.

ദീപയുടെ ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും പിന്നീടാണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായത്. അവരുടെ തലച്ചോറിലെ ട്യൂബ് മുഴുവന്‍ ലീക്കായി. തന്റെ മൂന്നാമത്തെ ഓപ്പറേഷന്‍ സമയത്ത് 25 ദിവസം കോമയിലായിരുന്നു. അത് ഒന്നിന്റെയും അവസാനമായിരുന്നില്ല. 'എന്റെ അടുത്ത സര്‍ജറിക്ക് മുമ്പ് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു. 'ഇനി ജീവിതം മുഴുവന്‍ വീല്‍ചെയറില്‍ ആയിരിക്കുമെന്ന്. എനിക്ക് നടന്ന് കൊതി തീര്‍ക്കാന്‍ അവരെനിക്ക് 7 ദിവസം തന്നു.'

അവള്‍ തളര്‍ന്നില്ല, ഈ 7 ദിവസവും തന്റെ വീട് വീല്‍ചെയറുമായി യോജിക്കുന്ന വിധത്തില്‍ മാറ്റി. തന്റെ ഒഴിവുസമയങ്ങളില്‍ ഇതേ അവസ്ഥയില്‍ ജീവിക്കുന്നവരുടെ അനുഭവങ്ങളും ജീവിത രീതികളഉം മനസ്സിലാക്കി. ദീപയുടെ ഭര്‍ത്താവ് യുദ്ധം കഴിഞ്ഞ് തിരികെ വന്നു. അദ്ദേഹം ദീപയെ വിട്ടുപോകുമെന്ന് എല്ലാവരും കരുതി. 'സമൂഹത്തിന്റെ കണ്ണില്‍ ഞാനൊരു ശവശരീരമായിരുന്നു. ഞാന്‍ മരണത്തെ കണ്ടിട്ടുണ്ട്. അത് എന്റേതല്ല. ഇനിയും ഒരുപാട് ജീവിതം എനിക്ക് ബാക്കിയുണ്ട്.'

തന്റെ അവസ്ഥയെ മറികടക്കാന്‍ ദീപയുടെ കയ്യില്‍ ഉണ്ടായിരുന്ന രണ്ട് ആയുധങ്ങളാണ് സുഭാപ്തി വിശ്വാസവും തമാശ പറയാനുള്ള കഴിവും. എനിക്ക് സന്തോഷിക്കാന്‍ പറ്റിയ കാര്യങ്ങള്‍ എപ്പോഴും ചെയ്യുമായിരുന്നു. സമൂഹത്തില്‍ നിന്നും നിരവധി ചോദ്യങ്ങല്‍ ഉയര്‍ന്നു. കുട്ടികള്‍ക്ക് ആഹാരം എങ്ങനെ കൊടുക്കും? ഒരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നൊക്കെയായിരുന്നു എല്ലാവരുടേയും ചിന്ത. എന്നാല്‍ ഇതൊക്കെ തെറ്റാണെന്ന് തെറിയിക്കാന്‍ ദീപ ശ്രമിച്ചു.

ഒരിക്കല്‍ തന്റെ ഭര്‍ത്താവും അവരുടെ ആര്‍മി ക്വാര്‍ട്ടേഴ്‌സിലുള്ള മറ്റ് സൈകരും ഒരു ദൗത്യത്തിനായി പോയി. സ്‌കാഡ്‌റോസ് കമാന്‍ഡറിന്റെ ഭാര്യ എന്ന നിലക്ക് അവിടെയുള്ള 30 കുടുംബങ്ങളുടെ സംരക്ഷണം ദീപക്കായിരുന്നു. ആ സമയത്താണ് ഒരു കാറ്ററിങ്ങ് സര്‍വ്വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. കുറച്ചുപേരെ കൂട്ടുപിടിച്ച് തന്റെ ഫാം ഹൗസിനടുത്ത് ഒരു ഗ്രീന്‍ റെസ്റ്റോറന്റ് തുടങ്ങി. ആദ്യം ഹോം ഡെലിവറി സെന്ററായാണ് തുടങ്ങിയത്. പിന്നീട് അത് ഒരു വലിയ റസ്റ്റോറന്റായി മാറി.

'ഞാന്‍ 250 പേര്‍ക്ക് റസ്റ്റോറന്റിലും 100 ഹോം ഡെലിവറികള്‍ വഴിയും ദിവസം ആഹാരം നല്‍കാന്‍ തുടങ്ങി.' അവിടെ ജോലിക്ക് നിന്ന കുട്ടികളെ സ്‌കൂളിലേക്ക് അയച്ച് പത്താം തരം പാസ്സാകാന്‍ സഹായിച്ചു. 'എന്റെ കുടുംബത്തെ എങ്ങനെ ആഹാരം നല്‍കി പരിപാലിക്കുമെന്ന് എല്ലാ സ്ത്രീകള്‍ക്കും സംശയമായിരുന്നു. എന്നാല്‍ ഞാനിന്ന് അവരുടെ കുടുംബങ്ങള്‍ക്കും ആഹാരം നല്‍കുകയാണ്.'

അങ്ങനെ പോകുന്ന സമയത്താണ് ദീപയോട് ഒരു ഓഫീസര്‍ വീണ്ടും ബൈക്ക് ഓടിച്ചുകൂടെ എന്ന് ചോദിച്ചത്. വിദേശ രാജ്യങ്ങളില്‍ ഇങ്ങനെയുള്ളവര്‍ ബൈക്ക് ഓടിക്കാറുണ്ട്. അവര്‍ അയാളെ യാദാര്‍ഥ്യം പറഞ്ഞ് മനസ്സിലാക്കി. തന്റെ നെഞ്ചിന് താഴെ തളര്‍ന്നിരിക്കുകയാണ്. ആ എനിക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാന്‍ ബാലന്‍സ് കിട്ടുക. ഒരിക്കലും നടക്കില്ലെന്ന് ദീപ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ അയാള്‍ ദീപയെ വീണ്ടും പ്രചോദിപ്പിച്ചു. ദീപ വ്യായാമം തുടങ്ങി. നീന്തലാണ് അതിന് വേണ്ടി തിരഞ്ഞെടുത്തത്. ദീപ നീന്തുന്നത് ടി.വിയില്‍ ആരോ കണ്ടിട്ട് സ്‌പോര്‍ട്‌സ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് മഹാരാഷ്ട്രക്ക് വേണ്ടി ദേശീയ തലത്തില്‍ മത്സരിക്കാന്‍ ക്ഷണമുണ്ടായി. ദീപക്ക് എന്ന് 36 വയസ്സായിരുന്നു. അവസരം പടിവാതില്‍ക്കലില്‍ നില്‍ക്കുമ്പോള്‍ തട്ടിക്കളയണ്ട എന്ന് ദീപ തീരുമാനിച്ചു, അങ്ങനെ അവിടെ നിന്ന് നിരവധി മെഡലുകള്‍ വാരിക്കൂട്ടി. 2006ല്‍ ക്വാലാലംപൂരില്‍ നിന്ന് ഒരു വെള്ളി മെഡല്‍ നേടി.

ഇന്ത്യന്‍ ജഴിസി അണിഞ്ഞ ദീപക്ക് വേണ്ടി വിജയ് മല്ല്യ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റടുത്തു. എന്നാല്‍ ദീപയുടെ ആവശ്യങ്ങള്‍ക്കൊപ്പം എത്തുന്ന ഒരു ബൈക്ക് നിര്‍മ്മിക്കാന്‍ ആരും തയ്യാറായില്ല. ഈ വാര്‍ത്ത എല്ലായിടത്തും പരന്നു. പിറ്റേന്ന് റോഡീസ് ടീം അവരെ വിളിച്ചു. 'നിങ്ങള്‍ക്കൊരു ബൈക്കര്‍ ആകണോ? നിങ്ങളുടെ സ്വന്തം ബൈക്കില്‍ ഒരു ഷോ നടത്തിക്കൊള്ളൂ....' തന്റെ മനസസിലെ ആഗ്രഹം സത്യമാകുന്നതിന്റെ സന്തോഷമായിരുന്നു ദീപക്ക്. നിങ്ങള്‍ സത്യസന്ധമായി എന്ത് ആഗ്രഹിച്ചാലും ഈ ലോകം നിങ്ങളുടെമുന്നില്‍ അതെത്തിക്കും എന്ന് ദീപ അടിയുറച്ച് വിശ്വസിക്കുന്നു.

54 ദേശീയ സ്വര്‍ണ്ണ മെഡലുകള്‍, 13 അന്തരാഷ്ട്ര മെഡലുകള്‍, 3 ലോക ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍, കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത് പാരാ സ്‌പോര്‍ട്‌സിന്റെ ഓക്കണായി മാറി. യമുനാ നദി നീന്തിക്കടന്ന് ലിംകാ ലോക സാഹസിക റെക്കോഡില്‍ 4 എണ്ണം കരസ്ഥമാക്കി. ഹിമാലയന്‍ റേസും ഡെസേര്‍ട്ട് റേസും ചെയ്തിട്ടുണ്ട്. 8 ദിവസം കൊണ്ട് 18000 അടി ഉയരത്തില്‍ 1700 കിലോ മീറ്റര്‍ ബൈക്കോടിച്ചു.

'ഞാന്‍ ഒരു മുറിക്കുള്ളില്‍ ഇരുന്ന് മരിക്കുമെന്ന് എല്ലാവരും വിചാരിച്ചു. എന്നാല്‍ ഞാനിന്ന് ലോകം മുഴിവന്‍ സഞ്ചരിക്കുന്നു. എന്റെ രണ്ട് പാസ്‌പോര്‍ട്ടും നിറഞ്ഞിരിക്കുന്നു. ജോണ്‍ എബ്രഹാമിന്റെ കൂടെ ഒരു റൈഡ് നടത്തി. അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചു.'

അടുത്ത വര്‍ഷത്തെ റിയോ ഒളിമ്പിക്‌സില്‍ തന്റെ ഷോട്ട് പുട്ട് പ്രകടനം കാഴ്ചവച്ച് ഈ ലോകത്തെ ഞെട്ടിക്കുക എന്നതാണ് ദീപയുടെ ഇനിയുള്ള ലക്ഷ്യം.